അറ്റകുറ്റപ്പണിയും നവീകരണവും പൂർത്തിയാക്കി സ്കൂളുകൾ; പുതുചുവടുമായി 1,32,000 കുട്ടികൾ
Mail This Article
ദോഹ∙ പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഈ മാസം 27നാണ് സ്‌കൂൾ തുറക്കുന്നത്. അധ്യാപകർ നാളെ മുതൽ ഹാജരാകണം.
സ്‌കൂൾ തുറക്കുന്ന ആദ്യ ദിനം തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തക്കവിധം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. രാജ്യത്തെ 279 സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയായി.
സ്‌കൂൾ ഫർണിച്ചറുകളുടെയും ബസുകളുടെയും ലഭ്യതയും ഉറപ്പാക്കി. സ്‌കൂൾ പരിസരങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പുമായി സഹകരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനം. പബ്ലിക് സ്‌കൂളുകളിലെ സ്‌കൂൾ കാന്റീനുകളിൽ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ വിതരണം, സ്‌കൂൾ ക്ലിനിക്കുകളുടെ പ്രവർത്തനക്ഷമത എന്നിവയും പരിശോധിച്ച് വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ 279 സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 1,32,000 വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലെത്തുന്നത്. 214 സ്‌കൂളുകളിലെ 1.24 ലക്ഷം വിദ്യാർഥികൾ ആദ്യ ദിനത്തിൽ തന്നെ സ്‌കൂളിലെത്തും. 65 കിന്റർഗാർട്ടനുകളിലായി ഈ മാസം അവസാനത്തോടെ 7,936 കുട്ടികളും പഠനം തുടങ്ങും.
രാജ്യത്തുടനീളം 18 ഇന്ത്യൻ സകൂളുകളാണുള്ളത്.
∙ ‘ബാക്ക് ടു സ്‌കൂൾ’ ക്യാംപെയ്ൻ 24 മുതൽ
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ബാക്ക് ടു സ്‌കൂൾ' ക്യാംപെയ്ൻ ഈ മാസം 24 ന് തുടങ്ങും. 'എന്റെ സ്‌കൂൾ, എന്റെ രണ്ടാമത്തെ വീട്' എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ക്യാംപെയ്ൻ, പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) സഹകരണത്തോടെ മാൾ ഓഫ് ഖത്തറിലാണ് ക്യാംപെയ്ൻ.
അവധിയുടെ ആലസ്യത്തിൽ നിന്ന് വിദ്യാർഥികളെ പഠന അന്തരീക്ഷത്തിലേക്ക് ഊർജസ്വലരായി മടക്കികൊണ്ടു വരാൻ ലക്ഷ്യമിട്ട് വിനോദ, വിജ്ഞാന പരിപാടികൾ കോർത്തിണക്കി 29 വരെയാണ് ക്യാംപെയ്ൻ. അതേസമയം പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ 27 മുതൽ സെപ്റ്റംബർ 7 വരെയാണ്.
'സ്മാർട് സ്‌കൂൾ ക്ലിനിക്ക്- നിങ്ങളുടെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനുള്ള മികച്ച മാർഗം' എന്ന തലക്കെട്ടിൽ 6 ഹെൽത്ത് സെന്ററുകളിലും പബ്ലിക് സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായാണ് ക്യാംപെയ്ൻ നടത്തുന്നത്.
അൽ വക്ര, ഒമർ ബിൻ അൽ ഖത്താബ്, മൈതർ, അൽ വജ്ബ, ഖത്തർ സർവകലാശാല, ഉം സലാൽ എന്നീ ഹെൽത്ത് സെന്ററുകളിലാണ് ക്യാംപെയ്ൻ. സ്മാർട് സ്‌കൂൾ ക്ലിനിക്കുകളുടെ പ്രമേയം ഉയർത്തികാട്ടിയുള്ള ക്യാംപെയ്‌നിൽ വിദ്യാഭ്യാസ പ്രഭാഷണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാമാണ് സംഘടിപ്പിക്കുന്നത്.
∙ ആരോഗ്യ സുരക്ഷ; സ്കൂൾ കന്റീൻകാർക്ക് ബോധവത്കരണം
പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ കന്റീനുകളിലെ ആരോഗ്യ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണ യോഗങ്ങൾ സംഘടിപ്പിച്ചു.
നഗരസഭ മന്ത്രാലയമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ കന്റീൻ കമ്മിറ്റിയുടെ സഹകരണത്തോടെ കാന്റീൻ നടത്തിപ്പുകാർക്കായി ബോധവൽക്കരണം നടത്തിയത്.
കന്റീനുകളിൽ പാലിക്കേണ്ട വ്യവസ്ഥകൾ, ഭക്ഷ്യസാധനങ്ങളുടെ ആരോഗ്യ സുരക്ഷ എന്നിവയെല്ലാമാണ് വിശദീകരിച്ചത്. കുട്ടികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ വിതരണം ഉറപ്പാക്കുന്നതിനാണിത്.
English Summary: 132,000 students head back to school on August 27, 2023