ADVERTISEMENT

മനാമ∙ ബഹ്‌റൈനിൽ 500 പേർക്ക് വരെ തികച്ചിരിക്കാൻ  സൗകര്യമുള്ളതും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമായതുമായ പൊതു ഹാളുകൾ ഇല്ലാത്തത് സംഘടനകൾക്ക് ഓണപ്പരിപാടി നടത്തുന്നതിന് വലിയ  ബുദ്ധിമുട്ടുണ്ടാക്കുന്നു.  കുറഞ്ഞ നിരക്കിൽ ഇന്ത്യൻ  സമൂഹത്തിന്റെ വിവിധ സ്‌കൂളുൾ ഹാളുകളും ഗ്രൗണ്ടുകളുമായിരുന്നു മലയാളി അസോസിയേഷനുകൾ ഇത്തരം ആഘോഷങ്ങൾക്കായി  തിരെഞ്ഞെടുത്തിരുന്നത്. എന്നാൽ അടുത്ത കാലത്ത് സ്‌കൂളുകളിൽ  ഇത്തരം പരിപാടികൾ നടത്തുന്നതിന്  അധികൃതർ അനുമതി നിഷേധിച്ചതോടെയാണ് സംഘടനകൾ പ്രതിസന്ധിയിലായത്. 

 

ബഹ്‌റൈൻ കേരളീയ സമാജം, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്
ബഹ്‌റൈൻ കേരളീയ സമാജം, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്

 

മലയാളികളുടെ ഏറ്റവും വലിയ ആസ്‌ഥാനമായ ബഹ്‌റൈൻ കേരളീയ സമാജത്തിന് മാത്രമാണ് ആയിരത്തിലേറെ‌ പേർക്ക് പരിപാടികൾ  വീക്ഷിക്കാനുള്ള സ്വന്തം ആസ്‌ഥാനം ഉള്ളത്. വാരാന്ത്യ അവധിയിൽ എല്ലാ ദിവസവും സമാജത്തിന്റെ സ്വന്തം പരിപാടികൾ ഉള്ളത് കാരണം മറ്റു സംഘടനകൾക്ക് പലപ്പോഴും ഇവിടെ  ദിവസം ഒഴിഞ്ഞുകിട്ടുക  വിരളമാണ്. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ 500 ഓളം പേർക്ക് പരിപാടി കാണുന്നതിനുള്ള സൗകര്യം ഉണ്ട്. നിലവിൽ ഇന്ത്യൻ ക്ലബ്ബിന്റെ പരിപാടികൾ കൂടാതെ  അവിടെയും  എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലും  വിവിധ  പരിപാടികൾ മുൻ‌കൂർ ബുക്ക് ചെയ്തു കഴിഞ്ഞു. കേരളാ കാത്തലിക് അസോസിയേഷന്റെ  ഹാൾ ആണ് മറ്റൊന്ന്. 350 ഓളം കാണികൾക്ക് ഇവിടെ  മതിയാകും.

 

 കേരളാ കാത്തലിക് അസോസിയേഷൻ, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്
കേരളാ കാത്തലിക് അസോസിയേഷൻ, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്

ബഹ്‌റൈൻ ടൂറിസത്തിന്റെ ആഭിമുഖ്യത്തിലുള്ള എക്സിബിഷൻ സെന്ററാണ് മികച്ച സൗകര്യമുള്ള മറ്റൊരു ഇടം. പക്ഷേ, ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെ ആണ് ഈ എക്സിബിഷൻ സെന്റർ. ഇത്രയും ദൂരം ഓണസദ്യ ഒരുക്കാൻ  എത്തുക എന്നതും  കേരളത്തനിമയുള്ള  മറ്റു പരിപാടികൾ  ഒരുക്കാനായി  ഈ സെന്ററും അനുയോജ്യമല്ല എന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്. അത് മാത്രമല്ല അത് ബഡ്‌ജറ്റിനെയും ബാധിക്കും. വൻകിട  സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് മികച്ച സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയങ്ങൾ ഉള്ളത് . ബഹ്‌റൈൻ സർക്കാരിന്റെ അധീനതയിൽ ഉള്ള നാഷനൽ തീയറ്ററുകൾ പോലുള്ള ഓഡിറ്റോറിയങ്ങളിൽ  ഓണ സദ്യ പോലുള്ളവ  സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുമുണ്ട്. സ്റ്റാർ ഹോട്ടലുകളിലും ഓണ സദ്യ നടത്താൻ പ്രത്യേക  ക്രമീകരണങ്ങളും നടത്തേണ്ടി വരുന്നു എന്നത് മാത്രമല്ല ഹോട്ടൽ  വാടക സാധാരണ സംഘടനകൾക്ക് താങ്ങാവുന്നതിനും അപ്പുറവുമാണ്.   ചെറു  സംഘടനകൾക്ക് ഇത്തരം വൻകിട ഹോട്ടലുകൾ  എടുത്ത് പരിപാടി നടത്തുക എന്നത് അപ്രാപ്യമായ കാര്യമാണ്. 

 

ഇന്ത്യൻ ക്ലബ്, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്
ഇന്ത്യൻ ക്ലബ്, ഫോട്ടോ: രാജീവ് വെള്ളിക്കോത്ത്

Read also: നഗരസൗന്ദര്യത്തിനു കോട്ടമുണ്ടാക്കുന്ന പൊടിപിടിച്ച വാഹനങ്ങൾ; നടപടി കടുപ്പിച്ച് അബുദാബി നഗരസഭ

 

 

സ്‌കൂളുകൾ പൊതു പരിപാടികൾക്ക് ലഭ്യമല്ലാതായതോടെ ബഹ്‌റൈനിലെ നിരവധി സംഘടനകൾ കലാപരിപാടികൾ നടത്തുന്നത് തന്നെ ചുരുക്കിയിരിക്കുകയാണ്.  സാധാരണ വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ബഹ്‌റൈനിൽ മൂന്നും  നാലും വൻ ഷോകൾ നടക്കുന്ന അവസരത്തിൽ ഇത്തവണ ഒരു പരിപാടി പോലും ഇല്ലാതായതും ഇതേ കാരണങ്ങൾ കൊണ്ടാണ്.   ഈ അവസരത്തിൽ  ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷങ്ങളിലെ  കെ എസ് ചിത്രയുടെ ഗാനമേളകൾ അടക്കമുള്ള പരിപാടികൾ പൊതു സമൂഹത്തിന് തീർത്തും സൗജന്യമായി തന്നെ ലഭ്യമാക്കുന്നു എന്നതാണ്   ബഹ്‌റൈനിലെ കലാസ്വാദകർക്ക് ഏറെ ആശ്വാസം. ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടെ ,സൗണ്ട് പ്രൂഫ്  ഡിജിറ്റൽ ബാക്ക് ഗ്രൗണ്ട് അടക്കമുള്ള സംവിധാനമാണ്  ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിന്റെ  പ്രത്യേകത. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചു വരുന്ന  ഇൻഡോ ബഹ്‌റൈൻ  ഫെസ്റ്റിവലിൽ ഗായകൻ ഹരിഹരൻ  അടക്കമുള്ള പതിനാലോളം പ്രമുഖരുടെ കലാപരിപാടികളും പൊതു സമൂഹത്തിന് സൗജന്യ പ്രവേശനം ആയിരുന്നു അനുവദിച്ചത്. ഇത്തവണയും  ലോകോത്തര നിലവാരമുള്ള പരിപാടികൾ തന്നെ ആയിരിക്കും  ഇൻഡോ ബഹ്‌റൈൻ ഫെസ്റ്റിൽ അണിനിരത്തുക . 

 

∙ ഇവന്റ് കമ്പനികൾക്കും  കലാകാരന്മാർക്കും തിരിച്ചടി 

 

 

 സ്‌കൂളുകൾ പൊതു പരിപാടിക്ക് ലഭ്യമല്ലാതായത്‌ പല ഇവന്റ് കമ്പനികൾക്കും വലിയ തിരിച്ചടിയാണ്  നേരിടുന്നത്. സ്‌കൂൾ ഹാളുകൾ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് കൊണ്ട് തന്നെ നിരവധി കലാപരിപാടികളാണ് സംഘടനകളുടെ നേതൃത്വത്തിൽ ഈവന്റ് മാനേജുമെന്റ് കമ്പനികളുടെ സഹകരണത്തോടെ മുൻപ്  നടത്തിവന്നിരുന്നത്. ഹാളുകൾ ലഭ്യമല്ലാതായതും അതോടെ സ്റ്റേജ് ഷോകൾ കുറഞ്ഞതും ഇത്തരം പരിപാടികൾക്ക് അനുമതി നേടിക്കൊടുത്ത് കലാകാരന്മാരെ ഏർപ്പെടുത്തി കൊടുത്തിരുന്ന ഈവന്റ് മാനേജുമെന്റ് കമ്പനികൾക്കും നിരവധി കലാകാരന്മാർക്കും തിരിച്ചടി ആയിരിക്കുകയാണ്. ഹോട്ടലുകളിൽ പരിപാടി നടത്തുന്നതിന് ടൂറിസം അനുമതിയുള്ള ഹോട്ടലുകാർക്ക്  തന്നെ അനുമതിയുള്ളത് കാരണം അവിടെയും ഈവന്റ് മാനേജുമെന്റുകാരുടെ  സാന്നിധ്യം ആവശ്യമില്ല .

 

 

വർഷങ്ങളായി സ്‌കൂളുകളിൽ നടത്തിവന്ന പരിപാടികൾ, സംഘടനകൾ തമ്മിലുള്ള മത്സരങ്ങളായി മാറുകയും  ചില സംഘടനാ ഭാരവാഹികൾ  തന്നെ അധികൃതർക്ക് പരാതികൾ നൽകിയതാണ് നിലവിൽ സ്‌കൂളുകൾ ഇത്തരം പരിപാടികൾ നടത്തുന്നതിന് അനുമതി നിഷേധിക്കാൻ കാരണമെന്നാണ്  പറയപ്പെടുന്നത്.  സ്‌കൂളുകളിൽ ഇത്തരം ഷോകൾ നടക്കാതായതോടെ പല ഹോട്ടലുകളിലെയും ഹാളുകൾക്ക് ആവശ്യക്കാർ ഏറുമെന്നാണ്   ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.

 

 

 

English Summary: Avaliability of affordable halls for Onam Celeberation is a problem for Malayali diaspora organizations in Bahrain 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com