ADVERTISEMENT

ദോഹ∙ സവിശേഷ ഇനം ഫാൽക്കണുകളുടെ പ്രദർശനവും സൗന്ദര്യമത്സരങ്ങളും ലേലവും ഉൾപ്പെടെയുള്ള കാഴ്ചകളുമായി ഏഴാമത് കത്താറ രാജ്യാന്തര വേട്ട-ഫാൽക്കനറി പ്രദർശനമായ സുഹെയ്‌ലിനുള്ള ഒരുക്കങ്ങൾക്ക് വേഗമേറി. 

കത്താറ കൾചറൽ വില്ലേജിൽ സെപ്റ്റംബർ 5 മുതൽ 9 വരെയാണ് പ്രദർശനം. മേഖലയിലെയും പ്രാദേശിക, രാജ്യാന്തര തലത്തിലെയും 190  ഫാൽക്കണറി കമ്പനികളാണ് പങ്കെടുക്കുന്നത്.  കുവൈത്ത്, സൗദി അറേബ്യ, യുഎഇ ഉൾപ്പെടെ 18 രാജ്യങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. സവിശേഷ ഇനം ഫാൽക്കണുകളുടെ പ്രദർശനം, സൗന്ദര്യ മത്സരം, ലേലം എന്നിവയ്ക്ക് പുറമെ ഫാൽക്കൺ വേട്ടയ്ക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ, ഉൽപന്നങ്ങൾ എന്നിങ്ങനെ വേട്ടയുമായി ബന്ധപ്പെട്ട അത്യാധുനിക സാമഗ്രികളും സാങ്കേതിക വിദ്യകളും പ്രദർശനത്തിലുണ്ടാകും. 

ഫാൽക്കണുകളുടെ മുഖാവരണമായ ബുർഖ, ഹുഡ് ഉൾപ്പെടെ വിവിധ കരകൗശല സാമഗ്രികളുടെ വിപണിയുമുണ്ടാകും. രാജ്യാന്തര, ദേശീയ കമ്പനികൾക്ക് ഫാൽക്കണറി സാമഗ്രികളും സേവനങ്ങളും പരിചയപ്പെടുത്താനുള്ള വേദി കൂടിയാണിത്. ഏറ്റവും മികച്ച പവിലിയൻ, ഏറ്റവും മികച്ച ബുർഖ എന്നിവയ്ക്കും പ്രത്യേക സമ്മാനമുണ്ട്. 

ആഭ്യന്തരം, വാണിജ്യ-വ്യവസായം, നഗരസഭ, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ മന്ത്രാലയങ്ങൾ, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ഉൾപ്പെടെ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വ്യത്യസ്ത പവിലിയനുകളുമുണ്ട്.

ഫാൽക്കൺ വേട്ടക്കുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ്, ഹൈബ്രിഡ് ഇനം ഫാൽക്കണുകൾക്കുള്ള പാസ്‌പോർട്ടും രേഖകളും, പ്രദർശനത്തിൽ വിൽക്കുന്ന ഫാൽക്കണുകൾക്കുള്ള പാസ്‌പോർട് സംബന്ധിച്ച സേവനങ്ങളും ലഭ്യമാണ്.

English Summary: Katara gearing up for falcon exhibition Suhail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com