കേരളത്തിൽ ബിഡിഎസ് പഠിച്ച വിദ്യാർഥിനിക്ക് വിദേശത്ത് ജോലി റിസപ്ഷനിസ്റ്റ്; ബഹ്റൈനിൽ തൊഴിൽ തേടി പ്രവാസികളുടെ ദുരിതയാത്ര
Mail This Article
മനാമ∙ ബഹ്റൈനിലേയ്ക്ക് സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. കേരളത്തിൽ നിന്നുള്ള ഒട്ടേറെ അഭ്യസ്തവിദ്യരാണ് ബഹ്റൈനിലേയ്ക്ക് സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. പലരും സുഹൃത്തുക്കളും ബന്ധുക്കളും മുഖേനയാണ് വീസയെടുത്ത് ഇവിടെ വന്ന് തൊഴിലന്വേഷിക്കുന്നത്.
സാധാരണ തൊഴിലാളികൾ മുതൽ വിവിധ മേഖലയിൽ പ്രാവീണ്യമുള്ള അഭ്യസ്തവിദ്യർ വരെ ഇത്തരത്തിൽ ജോലി അന്വേഷിച്ച് വിമാനം കയറുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനിൽ പ്രഫഷണൽ മേഖലകളിൽ ഇപ്പോൾ ജോലി ലഭ്യത വളരെ കുറവാണ്. കുറച്ചെങ്കിലും ഉദ്യോഗാർഥികളെ ആവശ്യമുള്ള കമ്പനികൾക്ക് തൊഴിൽ പരിചയം ഉള്ളവരെ മാത്രമാണ് ആവശ്യം. ജോലി അന്വേഷിച്ച് ബഹ്‌റൈനിൽ എത്തുന്നവർക്കാകട്ടെ അവരുടെ മേഖലയിൽ പ്രവർത്തന പരിചയം വളരെ കുറവാണ് താനും. തൊഴിൽ അന്വേഷകരിൽ ബി ടെക് ബിരുദക്കാരാണ് കൂടുതലും. അങ്ങനെ എത്തി ചില കമ്പനികളിൽ ട്രെയിനികൾ ആയിട്ട് വരെ തല്ക്കാലം നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നതാവട്ടെ വളരെ തുച്ഛമായ ശമ്പളവും. കേരളത്തിലെ പല എൻജിനീയറിങ് കോളജുകളിലും പഠന സമയത്ത് തന്നെ പ്ലേസ്മെന്റിലൂടെ ജോലി ലഭ്യമാകുന്നുണ്ടെങ്കിലും കോവിഡ് കാലത്ത് പഠിച്ചിറങ്ങിയ വലിയൊരു ശതമാനം പേർക്കും ഇത്തരത്തിൽ ജോലി ലഭിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളാണ് തൊഴിൽ അന്വേഷണവുമായി ബഹ്റൈനിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും.
∙ ദന്തഡോക്ടർമാർ ചോദിക്കുന്നു; ഇതെന്താ ഇങ്ങനെ?
ബി ഡി എസ് കഴിഞ്ഞയുടൻ എത്തുന്ന ദന്ത ഡോക്ടർമാരും ബഹ്‌റൈനിലെ സ്വകാര്യ ദന്താശുപത്രികളിൽ സഹായികളായി തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ ദന്ത ചികിത്സാ രംഗത്ത് സ്വദേശിവൽക്കരണമുള്ളത് കാരണം അവർക്ക് ഡോക്ടർമാരായി ജോലിയിൽ തുടരാനും തടസ്സങ്ങളുണ്ട്. അതുകൊണ്ട് തന്നെ ദന്ത ഡോക്ടർമാരെ ആവശ്യമുണ്ടെങ്കിൽ പോലും പ്രവാസി ഉദ്യോഗാർഥികളെ നിയമിക്കാനും സാധിക്കില്ലെന്ന് ബഹ്‌റൈനിലെ ഒരു സീനിയർ ദന്ത ഡോക്ടർ പറഞ്ഞു. കേരളത്തിലെ പ്രമുഖ ഡെന്റൽ കോളജിൽ പഠിച്ചിറങ്ങിയ ബി ഡി എസ് വിദ്യാർഥിനി പോലും ബഹ്‌റൈനിലെ ഒരു ഹോസ്പിറ്റലിൽ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്നുണ്ട്.പല തൊഴിൽ വാഗ്ദാനങ്ങളിലും പെട്ട് വഞ്ചിതരായ നിരവധി ബിരുദധാരികളും പ്രതീക്ഷയോടെ തൊഴിൽ പരസ്യങ്ങളിലൂടെ അറിയുന്ന ഓരോ അഭിമുഖങ്ങൾക്കും പോയ്‌ക്കൊണ്ടിരിക്കുന്നു
∙ വേണ്ടത് അവിദഗ്ധരെ; കിലോ മീറ്ററുകൾ നടന്നെത്തിയത് ബിരുദാനന്ത ബിരുദക്കാർ
കഴിഞ്ഞ ആഴ്ച ബഹ്‌റൈൻ ബുസൈറ്റിൻ ബീച്ചിലെ പ്രമുഖ റിസോർട്ടിലേക്ക് നിരവധി ഉദ്യോഗാർഥികൾക്കു വേണ്ടിയുള്ള ഒരു അഭിമുഖം നടന്നിരുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ ആയിരുന്നു കമ്പനിക്ക് ആവശ്യം. പക്ഷേ അഭിമുഖത്തിന് എത്തിയതാകട്ടെ ബിരുദാനന്ത ബിരുദം മുതൽ ബി ടെക്കുകാർ വരെ. എന്നിട്ടും തങ്ങൾക്ക് ആവശ്യമുള്ള മേഖലയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അഭിമുഖം നടത്താൻ എത്തിയ കമ്പനി പ്രതിനിധികൾ പറഞ്ഞു. റിസോർട്ടുകളിലേക്കുള്ള റൂം അറ്റൻഡർമാർ, കിച്ചൺ ഹെൽപ്പർമാർ, ക്ളീനിങ് ജോലിക്കാർ തുടങ്ങിയവയായിരുന്നു കൂടുതലും വേണ്ടിയിരുന്നത്. എന്നാൽ എത്തിയ ഉദ്യോഗാർഥികൾ ആവട്ടെ ഈ മേഖലയിൽ ഒന്നും നിയമിക്കാൻ കഴിയാത്ത ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നുവെന്നും അവർ പറഞ്ഞു.
Read also: ലണ്ടനിലെത്തിയ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടിക്കപ്പെട്ടു; ഇടപെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ
ടാക്‌സി നിരക്ക് പോലും കൊടുക്കാൻ ഇല്ലാതെ, ഏതു വിധേനയും ജോലി ലഭിക്കാൻ കനത്ത ചൂടിലും കിലോ മീറ്ററുകളോളം നടന്നെത്തിയ ബിരുദധാരികളെയും അഭിമുഖം നടന്ന റിസോർട്ടിലെ റിസപ്‌ഷനിൽ കാണാൻ കഴിഞ്ഞു. രാജ്യത്ത് വാറ്റ് നടപ്പിലായത് കാരണം അക്കൗണ്ട് വിഭാഗത്തിൽ തൊഴിൽ പരിചയം ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ പ്രഫഷണൽ മേഖലയിൽ തൊഴിൽ സാധ്യത കൂടുതലുള്ളത്. ടാലിയിൽ പരിചയം ഉള്ളവർക്കും ഫിനാൻസ് രംഗത്ത് മികച്ച തൊഴിൽ പരിചയം ഉള്ളവർക്കും പല സ്‌ഥാപനങ്ങളിലും ജോലി സാധ്യത ഉണ്ടെന്നാണ് പല ഓൺലൈൻ ജോബ് സൈറ്റുകളിൽ നിന്നും മനസ്സിലാകുന്നത്.
∙ ആളെ കിട്ടാനില്ല; ജോലിക്കാരെ പാർട്ണർമാരാക്കി റസ്റ്ററ്ററന്‍റ് മേഖല
ബഹ്‌റൈനിലെ സമൂഹമാധ്യമ ഇടങ്ങളിലും മറ്റു പ്രാദേശിക ജോബ് സൈറ്റുകളിലും ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന പരസ്യം റസ്റ്ററ്ററന്‍റ് മേഖലയിൽ നിന്നാണ്. പൊറോട്ട മേക്കർ, കിച്ചൺ ഹെൽപർമാർ , കഫെറ്റേരിയ, ഷവർമ മേക്കർ ,ഇടത്തരം ഷെഫ് തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ കൂടുതലും. ശമ്പളം കൂടുതൽ ഇല്ലാത്ത ഈ മേഖലയിൽ ആവട്ടെ ആളുകളെ കിട്ടാനുമില്ല. മികച്ച കഫ്‌റ്റേരികളും റസ്റ്ററന്റുകളും പരിചയ സമ്പന്നരായ ജോലിക്കാരെ ലഭ്യമല്ലാതിരുന്നത് കാരണം അടച്ചിപൂട്ടേണ്ടി വരുന്നുണ്ട്. ഈ മേഖലയിൽ ശമ്പളം കൂടുതൽ നൽകി തൊഴിലാളികളെ നിർത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ലെന്ന് ഒരു ചെറുകിട ഹോട്ടലുടമ പറഞ്ഞു. തൊഴിലാളികളെ കൂടി പാർട്ട്ണർമാരാക്കി ബിസിനസ് നടത്തുക എന്നതാണ് ഇക്കാര്യത്തിൽ ഇപ്പോൾ താൻ ചെയ്തു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Jobseekers walk for kilometers in Bahrain; Restaurant sector by making employees partners