ADVERTISEMENT

അബുദാബി/ദുബായ്/ഷാർജ ∙ വിഭവങ്ങളുടെ വമ്പൻ നിരയുമായി ഓണസദ്യ രുചിസമൃദ്ധമാക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും. പ്രവൃത്തി ദിനത്തിലെ ഓണത്തെ ഇന്നു പാർസലാക്കി ഓഫിസിലും വീട്ടിലും എത്തിച്ചാണ് ആഘോഷം. ജോലിക്കാരും ചെറിയ കുട്ടികളുള്ള വീട്ടമ്മമാരും പാർസൽ സദ്യയെ ആശ്രയിക്കുന്നതിനാൽ ഇത്തവണ കച്ചവടം പൊടിപൊടിക്കുന്നു. ഉത്രാട ദിനമായ ഇന്നലെയും ഇന്നു തിരുവോണത്തിനും ഭൂരിഭാഗം ഹോട്ടലുകളിലും സദ്യയുണ്ട്. ചില ഹോട്ടലുകളിൽ അടുത്ത വാരാന്ത്യമായ സെപ്റ്റംബർ 1, 2, 3 തീയതികളിൽ സദ്യ ലഭിക്കും. പഴയിടം നമ്പൂതിരി ഉൾപ്പെടെ പാചക വിദഗ്ധരുടെ കൈപ്പുണ്യത്തിൽ തീർത്ത സദ്യയൊരുക്കിയും പ്രവാസി മലയാളികളെ വിരുന്നൂട്ടുകയാണ്. 

മലയാളികളുടെ സദ്യയിൽ ആകൃഷ്ടരായി വിദേശികളും ഇന്നു പാർസൽ ഓണമുണ്ണും. സുഹൃത്തുക്കളുടെ സ്നേഹവായ്പിൽ ഓഫിസിൽ ഒന്നിച്ചുള്ള സദ്യയ്ക്കു പുറമേ വിവിധ റസ്റ്ററന്റുകളിൽ നേരിട്ടെത്തി ഓണസദ്യ ചോദിച്ചുവാങ്ങുന്ന വിദേശികളുണ്ട്.

പച്ചക്കറികളുടെ വിലക്കയറ്റം  സദ്യയെയും ബാധിച്ചെങ്കിലും ഓർഡറിന് കുറവില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. ശരാശരി 35 ദിർഹം (787 രൂപ). വീട്ടിൽ എത്തിക്കുന്നതിന് 2 ദിർഹം (45 രൂപ) അധികം നൽകണം.

വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 33 ദിർഹം (742 രൂപ) മുതൽ 55 ദിർഹം (1237 രൂപ) വരെ വാങ്ങുന്ന ഹോട്ടലുകളുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ശാഖകളുള്ള ഹോട്ടൽ ശൃംഖലയ്ക്ക് ഓണ സീസണിൽ ഒരു ലക്ഷത്തിലേറെ സദ്യയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. തിരുവോണ ദിനത്തിൽ മാത്രം ഇവർ 22,000 സദ്യയ്ക്കുള്ള കൂപ്പൺ വിറ്റുകഴിഞ്ഞു.

5 ശാഖകളുള്ളവർക്ക് 25,000ഉം അബുദാബിയിൽ 3 ശാഖകളുള്ള മറ്റൊരു ഹോട്ടൽ ശൃംഖലയ്ക്ക് 20,000 എന്നിങ്ങനെയാണ് ഓർഡർ ലഭിച്ചത്. 1000 മുതൽ 4000 വരെ ഓർഡർ ലഭിച്ച ചെറുകിട കച്ചവടക്കാർ ധാരാളം. 

യുഎഇയിലെ മറ്റു റസ്റ്ററന്റുകളിലെ കൂടി കണക്കെടുത്താൽ മൊത്തം രണ്ടര ലക്ഷത്തോളം പാർസൽ  ഓണസദ്യ ഇന്നു മാത്രം പോകുമെന്ന് വിദഗ്ധർ പറയുന്നു.

വിഭവങ്ങൾ

ഉപ്പേരി, ശർക്കര വരട്ടി, കൊണ്ടാട്ടം, പുളിയിഞ്ചി, നാരങ്ങ/മാങ്ങാ അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, തോരൻ, കൂട്ടുകറി, പരിപ്പ്, പുളിശ്ശേരി, എരിശ്ശേരി, കാളൻ, ഓലൻ, സാമ്പാർ, തിയ്യൽ, മോര്, രസം, മെഴുക്കുപുരട്ടി, പരിപ്പ്, നെയ്യ്, മാമ്പഴ പുളിശ്ശേരി, ഉപ്പ് തുടങ്ങി തൂശനില വരെ ഉൾപ്പെത്തി വിഭവങ്ങളുടെ നീണ്ട നിര.

മധുരമനോഹരം

ഈന്തപ്പഴ പായസം, മുളയരി പായസം, മത്തങ്ങ, ചേന, പാലട, പരിപ്പ്, പാൽപായസം, കടല, നെയ്, ഗോതമ്പ്  തുടങ്ങി ആസ്വാദകരുടെ രുചിമുകളുങ്ങളെ ത്രസിപ്പിക്കുന്ന പായസങ്ങളും  തയാറാക്കിയിട്ടുണ്ട്. 

ഇഷ്ടമുള്ള പായസം പ്രത്യേകം വാങ്ങുന്നവരിൽ മറുനാട്ടുകാരുമുണ്ട്.

Onam-sadhya-1
പാർസൽ സദ്യ

റസ്റ്ററൻറുകാർക്ക് ഓർഡർ ചാകര

മലയാളികളും മറുനാട്ടുകാരും ചേർന്നു ഓണത്തിനു ആഗോള ഉത്സവ പ്രതീതി നൽകിയത് റസ്റ്ററന്റുകാർക്ക് ചാകരയായി. വലിയ കമ്പനികളിൽനിന്ന് 500 മുതൽ 4000 വരെ സദ്യയ്ക്കു ഓർഡർ ലഭിച്ച റസ്റ്ററന്റുകളുണ്ട്. സുഹൃത്തുക്കളും കുടുംബങ്ങളും ചേർന്ന് നൽകുന്ന ചെറിയ ഓർഡറുകൾ വേറെയും.

English Summary: Traditional onam sadhya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com