ADVERTISEMENT

അജ്മാൻ∙ ഓണസദ്യയില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം? ഫ്ലാറ്റുകളിലും വില്ലകളിലും ലേബർ ക്യാംപുകളിലും റസ്റ്ററന്റുകളും അഞ്ചോളം തരം പായസവും ഉണ്ണിയപ്പവുമടക്കം നാൽപതോളം വിഭവങ്ങളുമുള്ള ഓണസദ്യക്ക് ഇല വിരിക്കുന്ന തിരക്കിലാണ് പ്രവാസി മലയാളികൾ. മലയാളികളുടെ ദേശീയോത്സവത്തോടനുബന്ധിച്ചുള്ള സദ്യ ആസ്വദിക്കാൻ സ്വദേശികളും ഇതര സംസ്ഥാനക്കാരും രാജ്യക്കാരും നിരന്നിരിക്കുന്നു. 25 മുതൽ 35 ദിർഹം വരെയാണ് റസ്റ്ററന്‍റ് ഓണസദ്യയുടെ വില. എന്നാൽ, നൂറുകണക്കിന് പേർക്ക് ഇത്തരം സദ്യയൊരുക്കാനുള്ള പ്രയത്നം വിലമതിക്കാനാവില്ല. 

ഷജിത് താൻ തയ്യാറാക്കിയ ഓണസദ്യക്കരികെ. ചിത്രം: മനോരമ
ഷജിത് താൻ തയ്യാറാക്കിയ ഓണസദ്യക്കരികെ. ചിത്രം: മനോരമ

 

ഓണസദ്യക്കുള്ള വിഭവങ്ങൾ വാങ്ങാൻ ദുബായിലെ ലുലു സൂപ്പർ മാർക്കറ്റിലെത്തിയവർ. ചിത്രം: മനോരമ
ഓണസദ്യക്കുള്ള വിഭവങ്ങൾ വാങ്ങാൻ ദുബായിലെ ലുലു സൂപ്പർ മാർക്കറ്റിലെത്തിയവർ. ചിത്രം: മനോരമ

പ്രധാന ഷെഫിന്‍റെ കണ്ണൊന്ന് തെറ്റിയാൽ സദ്യ പാളും. അങ്ങനെ സംഭവിച്ചാൽപ്പിന്നെ അയാളുടെ ഓണസന്തോഷവും തീർന്നു. സദ്യയുണ്ട് കൈകഴുകി നന്നായൊന്ന് ഏമ്പക്കം വിടുന്നത് കാണുക എന്നതാണ് ഒരു ഷെഫിന്‍റെ ഏറ്റവും വലിയ സംതൃപ്തി. ഈ മേഖലയിൽ കഴിഞ്ഞ 18 വർഷമായി പ്രവർത്തക്കുന്ന ഷെഫ് കണ്ണൂർ സ്വദേശി ഷജിത് തന്‍റെ ജോലിയിലെ വെല്ലുവിളികളെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളേക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു:

 

 

∙രുചിക്കൂട്ടുകളുടെ മേളനം; വാഴയിലയ്ക്ക് മുതൽ വില കൂടിയത് പ്രശ്നം

 

വിവിധ വിഭവങ്ങളുടെ ഒരു രുചിക്കൂട്ടാണ് ഓണസദ്യ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. നാടിനെ അപേക്ഷിച്ച് യുഎഇയുടെ പ്രത്യേകത ഓണസദ്യയൊരുക്കാനുളള എല്ലാ സാധനങ്ങളും എപ്പോഴും സുലഭമമാണ് എന്നതാണ്. എന്നാൽ എല്ലാത്തിനും വില വർഷംതോറും വർധിക്കുന്നുണ്ട്. പച്ചക്കറികൾക്കും പഴങ്ങൾക്കും എന്തിന് വാഴയിലയ്ക്ക് പോലും വില കൂടി. കൂടാതെ, ശർക്കര അടക്കമുള്ള മറ്റു ഉൽപന്നങ്ങളുടേയും വിലയിൽ കുതിപ്പുണ്ടായി. അതുകൊണ്ട് തന്നെ സദ്യയുടെ വിലയും വർധിപ്പിക്കേണ്ടി വരുന്നു. മിക്കയിടത്തും ഒന്നോ രണ്ടോ ദിർഹമാണ് കൂടിയത്. പക്ഷേ, എല്ലാ സ്ഥലത്തും ഓണസദ്യ യഥേഷ്ടം ലഭ്യമാകുന്ന ലോകത്തെ ഒരേയൊരിടമാണ് യുഎഇ എന്നാണ് ഷജിത്തിന്‍റെ അഭിപ്രായം. മലയാളികൾക്ക് വേണ്ടി അത്തരമൊരു സദ്യയൊരുക്കാൻ സാധിക്കുന്നതിൽ ഈ യുവാവ് സന്തോഷവാനാണ്.

 

മലയാളി കൂട്ടായ്മകൾക്ക് വേണ്ടിയാണ് യുഎഇയിൽ ഏറ്റവും കൂടുതൽ സദ്യയൊരുക്കാറ്. ഇതിന് പിന്നിലും പാചകക്കാരുടെയും സഹായികളുടെയും കൂട്ടായ്മ അനിവാര്യം. സദ്യയൊരുക്കുക എന്നത് മെനക്കേടുള്ള കാര്യമാണ്. അതുകൊണ്ടായിരിക്കാം, മിക്ക റസ്റ്ററന്റുകളും ഓണത്തിന് ഒന്നോ രണ്ടോ ദിവസം മാത്രം സദ്യ വിളമ്പുന്നു. എന്നാൽ, ഷജിത് ഷെഫായ വെജ് കോർണർ റസ്റ്ററന്റിൽ എല്ലാ ദിവസവും സദ്യ ലഭ്യമാണ്. കൂടാതെ, ഡിസംബർ വരെ എല്ലാ ഞായറാഴ്ചയും  ലഭിക്കും. മായം ചേർക്കാതെ വളരെ ശുദ്ധമായ രുചിക്കൂട്ടുകൾ ചേർത്താണ് തങ്ങൾ സദ്യയൊരുക്കുന്നതെന്ന് ഇദ്ദേഹം ഉറപ്പ് തരുന്നു.

 

∙ ഒൻപതാം വയസിൽ തുടങ്ങിയ പാചകം പിന്നീട് ഇന്‍റർനാഷനലായി

 

 

ചെറുപ്പത്തിലേ ഷജിതിന് പാചകം വലിയ ഇഷ്ടമായിരുന്നു. വീട്ടിൽ അമ്മ പാചകം ചെയ്യുമ്പോൾ സഹായിക്കുമായിരുന്നു. വീട്ടിലെ മിക്ക അംഗങ്ങളും പാചകപ്രിയർ. പതിയെ ഷജിത് സ്വന്തമായി പരീക്ഷണം തുടങ്ങി. അതും വെറൈറ്റി ഐറ്റംസ്. അച്ഛൻ പട്ടാളത്തിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായിരുന്നു ഷജിത് ബാല്യകാലം ചെലവിട്ടതെന്നത് കൊണ്ടുതന്നെ അവിടങ്ങളിലെയെല്ലാം പാചക പരീക്ഷണങ്ങൾക്ക് അവസരം കിട്ടി. 

 

ബികോം നല്ല മാർക്കോടെ പാസ്സായ ഷജിത് എംബിഎ പഠിക്കുന്നതിനിടെയാണ് ഹോട്ടൽ മാനേജ്മെന്‍റിന്‍റെ രുചിഗന്ധം വന്നുതൊട്ടത്. ഷെഫിന്‍റെ ജോലി വളരെ നൂലാമാല പിടിച്ചതാണെന്ന് പറഞ്ഞ് പ്രിയപ്പെട്ട പലരും വിലക്കിയെങ്കിലും പാചകം തന്നെയാണ് തന്‍റെ ജീവിതകല എന്ന് ഉറച്ചുവിശ്വസിച്ചു.

Read also: 82 രാജ്യക്കാർക്ക് യുഎഇയിലേക്ക് മുൻകൂർ വീസ വേണ്ട


ദ് ലീല ഗോവ, ക്ലബ് മഹീന്ദ്ര, താജ് ഹോട്ടലുകളിൽ പ്രവർത്തിച്ച ശേഷമാണ് ഷജിത് യുഎഇയിലെത്തിയത്. ഇവിടെ ഷാർജ ലെ മെറിഡിയനിലായിരുന്നു തുടക്കം. പിന്നീട്, ഗ്രാൻഡ്, ഉമ്മുൽഖുവൈനിലെ പേൾ ഹോട്ടലുകളിലും പ്രധാന പാചകക്കാരനായി. കഴിഞ്ഞ ഒന്നരവർഷമായി അജ്മാൻ തുംബൈ ഗ്രൂപ്പിന്‍റെ ഹോസ്പിറ്റാലിറ്റി ഡിവിഷനിൽ ജനറൽ മാനേജരും ഷെഫുമാണ്. 126 പേരാണ് ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. കോഫി ഷോപ്പുകളും അറബിക്, ഇന്ത്യൻ, ചൈനീസ് അടക്കം കൺസെപ്റ്റ് റസ്റ്ററന്റുകളുമുണ്ട്. ഭാര്യയും മകനുമാണ് ഷജിതിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. അവരാണ് ഏറ്റവും വലിയ വിമർശികരും. പാചകം വെല്ലുവിളി തന്നെ. ഒരേസമയം ബിസിനസും ഗുണമേന്മയും കാത്തുസൂക്ഷിക്കണമെന്നതാണ് ആ വലിയ വെല്ലുവിളി. എന്നാൽ, ഒരു പാഷനെന്ന നിലയ്ക്ക്  ജോലിയിൽ പൂർണ സംതൃപ്തനാണ് ഷജിത്.

 

English Summary: Know Chef Shajit's cooking story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com