എക്സിക്യൂട്ടിവ് വേഷത്തിൽനിന്നു മാറി ജീവനക്കാരെല്ലാം കേരളീയ വേഷത്തിൽ, പായസം കൂട്ടി ഗംഭീര സദ്യയും; തിരുവോണം ആഘോഷിച്ച് വിദേശികളും
Mail This Article
അബുദാബി / ദുബായ് ∙ കസവ് സാരിയും ദാവണിയും ജുബ്ബയും മുണ്ടും ധരിച്ചെത്തിയ വിദേശികൾ മലയാളികളുടെ ഓണാഘോഷത്തെ ഗ്ലോബലാക്കി. യുഎഇയിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരാണ് മലയാളികൾക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളീയ വസ്ത്രം ധരിച്ച് എത്തിയത്. എക്സിക്യൂട്ടിവ് വേഷത്തിൽനിന്നു മാറി ജീവനക്കാരെല്ലാം പുതുവസ്ത്രമണിഞ്ഞ് എത്തിയതു കണ്ട് അമ്പരന്ന കമ്പനി ഉടമയ്ക്ക് പായസം നൽകി ഹാപ്പി ഓണം ആശംസിച്ചപ്പോഴാണ് ചിലർക്കു സംഗതി പിടികിട്ടിയത്. ഉച്ചയ്ക്ക് ഓണസദ്യ ഓർഡർ ചെയ്തുവരുത്തി ജീവനക്കാരോടൊപ്പം ചേർന്ന് സദ്യ കഴിച്ചാണ് മറ്റു ചില കമ്പനി ഉടമകൾ ജീവനക്കാരെ ഞെട്ടിച്ചത്.
വിവിധ രാജ്യക്കാർ ജോലി ചെയ്യുന്നുണ്ടെങ്കിലും യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് (35 ലക്ഷത്തിലേറെ) ഇന്ത്യക്കാർ. അതിൽ പകുതിയിലേറെയും കേരളീയരും. മലയാളി ജീവനക്കാരില്ലാത്ത സ്ഥാപനങ്ങൾ കുറവാണെന്നതിനാൽ മിക്ക സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു ഓണാഘോഷത്തിന്റെ അലയൊലികൾ. പൂക്കളമിടാനും കലാപരിപാടികൾ അവതരിപ്പിക്കാനും ഇവർക്ക് ആവേശമായിരുന്നു.
ദുബായ് നാഷനൽ ഇൻഡസ്ട്രീസ് പാർക്കിലെ ഡെൽറ്റ പ്രിന്റിങ് പ്രസിൽ ഇന്ത്യക്കാർക്കു പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഘാന, ഫിലിപ്പീൻസ്, ഈജിപ്ത്, നേപ്പാൾ എന്നീ രാജ്യക്കാരും ആഘോഷത്തിൽ സജീവമായി. ജീവിതത്തിൽ ആദ്യമായി കസവു സാരിയും സെറ്റ് സാരിയും ഉടുത്ത ആവേശത്തിലായിരുന്നു വിദേശ വനിതകൾ. ഏതാനും വർഷം മുൻപ് ഇവിടെ നടന്ന ഓണാഘോഷത്തിന്റെ ശ്രദ്ധാകേന്ദ്രം പാക്കിസ്ഥാൻ മാവേലിയും ശ്രീലങ്കൻ വാമനനും ഫിലിപ്പിനോ തിരുവാതിരയുമായിരുന്നു.
അബുദാബി അലി അൽ ജലാഫ് അഡ്വക്കറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസ് ഓഫിസിൽ യുഎഇ, ഈജിപ്ത്, ജോർദാൻ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരും ഓണാഘോഷത്തിൽ പങ്കാളികളായി. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന യുഎഇയിലെ ആദ്യ ഓണാഘോഷത്തിൽ 31 രാജ്യക്കാരാണ് പങ്കെടുത്തത്. പ്രവൃത്തി ദിനത്തിൽ എത്തിയ തിരുവോണം വാരാന്ത്യങ്ങളിലാണ് പ്രവാസികൾ ഗംഭീരമായി ആഘോഷിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ ലഭ്യത അനുസരിച്ച് ഓണാഘോഷം മാസങ്ങളോളം നീണ്ടുനിൽക്കും. ഓണം, ക്രിസ്മസ്, പുതുവത്സരം ഒന്നിച്ചു ആഘോഷിക്കുന്നവർ വരെ ഉണ്ട്. അതുകൊണ്ടുതന്നെ അവസാന ഓണാഘോഷംവരെ വിദേശികളുടെ സാന്നിധ്യവും പ്രകടമാകും.
English Summary: Onam celebrations in Abu dhabi