തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് വൻ പിഴ ഈടാക്കാൻ സൗദി
Mail This Article
ജിദ്ദ∙ സൗദിയിൽ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച പട്ടികയിലാണ് റസ്റ്ററന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കൈയുറകൾ ധരിക്കാത്തതിനും മുടി മറക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും യൂണിഫോം ധരിക്കാത്തതിനും ജോലിയുടെ സ്വഭാവമനുസരിച്ച് വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്തവർ ജോലിക്കിടെ ഇവ ധരിക്കുന്നതിനും ഇതേ തുകയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരേ നിയമ ലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയുമാണ് പിഴ ചുമത്തുക.
തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,000 റിയാൽ, രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 800 റിയാൽ, മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 600 റിയാൽ, നാലാം വിഭാഗത്തൽ പെട്ട നഗരങ്ങളിൽ 400 റിയാൽ, അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 200 റിയാൽ എന്നിങ്ങിനെയാണ് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുക. സ്ഥാപനത്തിനകത്ത് കിടന്നുറങ്ങൽ, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കൽ, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കൾ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും.
നിരോധിത സ്ഥലങ്ങളിൽ തൊഴിലാളികൾ പുകവലിക്കുന്നതിന് എല്ലാ വിഭാഗത്തിൽ പെട്ട നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 200 റിയാൽ തോതിലാണ് പിഴ ചുമത്തുക. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചർമത്തിൽ കുമിളകളുള്ള തൊഴിലാളികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ 2,000 റിയാൽ, 1,600 റിയാൽ, 1,200 റിയാൽ, 800 റിയാൽ, 400 റിയാൽ എന്നിങ്ങിനെ നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും.
ജോലിക്കിടെ മൂക്ക് സ്പർശിക്കൽ, വായ സ്പർശിക്കൽ, തുപ്പൽ പോയ തെറ്റായ ആരോഗ്യ ശീലങ്ങൾ തൊഴിലാളികൾ കാണിക്കുന്നതിന് ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 2,000 റിയാലും രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,600 റിയാലും മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,200 റിയാലും നാലാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 800 റിയാലും അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 400 റിയാലും തോതിലാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക.
English Summary: Saudi to charge huge fines for poor personal hygiene of workers