ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് തത്സമയം കാണാൻ അവസരം
Mail This Article
ദുബായ് ∙ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് തത്സമയം കാണാൻ അവസരം. www.mbrsc.ae/live-ലൂടെയാണ് സെപ്റ്റംബർ 2, 3 തിയതികളിൽ തത്സമയം കാണാനാവുക. കൂടാതെ #SafeReturnSultan എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാനും സാധിക്കും.
∙ തത്സമയ കവറേജ് ഷെഡ്യൂൾ:
സെപ്റ്റംബർ 2: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്കിങ്.
തത്സമയ കവറേജ്: വൈകിട്ട് 3 മുതൽ.
അൺഡോക്കിംഗ് ഷെഡ്യൂൾ ചെയ്തത്: 5.05.
സെപ്റ്റംബർ 3: ഭൂമിയിലേയ്ക്ക് മടങ്ങുന്നു.
തത്സമയ കവറേജ്: രാവിലെ 8.30 മുതൽ.
ഷെഡ്യൂൾ ചെയ്ത സ്പ്ലാഷ്ഡൗൺ സമയം: രാവിലെ 8.58.
സുൽത്താൻ അൽ നെയാദി തന്റെ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സെപ്റ്റംബർ മൂന്നിന് ഭൂമിയിലേക്ക് മടങ്ങുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അൽ നെയാദി ഉൾപ്പെടുന്ന ക്രൂ-6 ഉള്ള സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം സെപ്റ്റംബർ 2 ന് ഐഎസ്‌എസിൽ നിന്ന് അൺഡോക്ക് ചെയ്യുമെന്നും 3 ന് യുഎസിലെ ഫ്‌ളോറിഡ തീരത്ത് ബഹിരാകാശ പേടകം എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് അറിയിച്ചത്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. ഏറ്റവും അധികം കാലം ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന ആദ്യ എമറാത്തി, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിചേർത്താണ് സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്. ബഹിരാകാശനിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ചെലവഴിച്ച് ചരിത്രത്തിന്റെ ഭാഗമായി. നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം ഇരുനൂറ് പരീക്ഷണങ്ങളിൽ പങ്കാളിയായി. ദൗത്യം പൂർത്തിയാക്കി നെയാദി ഉൾപ്പെട്ട ക്രൂ സിക്സ് സംഘം 2ന് ഭൂമിയിലേക്ക് തിരിക്കും.
Read also: തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് വൻ പിഴ ഈടാക്കാൻ സൗദി
ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്താൻ 16 മണിക്കൂറെടുക്കുമെന്നാണ് കണക്കാക്കുന്നത്. പൂർത്തിയാക്കാനാവത്ത ജോലികൾ കഴിഞ്ഞ ദിവസം ബഹിരാകാശനിലയത്തിലെത്തിയ ക്രൂ സെവനെ ഏൽപിച്ചാണ് സംഘത്തിന്റെ മടക്കം. ഭൂമിയിലെത്തിയാൽ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വിവിധ ചികിൽസയിലൂടെ നെയാദിയും സംഘവും കടന്നുപോകും. അതിനുശേഷം യുഎഇയിലെത്തുന്ന അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കുന്നതെന്ന് മുഹമ്മദ് റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലെം അൽ മർറി പറഞ്ഞു. യുഎഇ വിവിധ പരിപാടികൾ പങ്കെടുത്തശേഷം ബഹിരാകാശനിലയത്തിലെ പരീക്ഷണങ്ങളുടെ തുടർച്ചയ്ക്കായി നെയാദി നാസയിലേയ്ക്ക് മടങ്ങും.
English Summary: UAE Astronaut Sultan Al Neyadi to Return to Earth Live: How to Watch