അഡിഹെക്‌സ് പ്രദർശനത്തിൽ മലയാളി പ്രഫസർ അതിഥി; എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിലെ അറബ് വംശജനല്ലാത്ത ഏക അംഗം
Mail This Article
അബുദാബി ∙ രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്) മലയാളി സാന്നിധ്യം. കാലിക്കറ്റ് സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസി. പ്രഫസർ മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശി ഡോ. സുബൈർ മേടമ്മലാണ് എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിന്റെ അതിഥിയായി എത്തിയത്. 2002 മുതൽ ക്ലബ്ബിലെ അറബ് വംശജനല്ലാത്ത ഏക അംഗമാണ് ഡോ. സുബൈർ.
അറേബ്യയുടെ സാംസ്കാരിക ചിഹ്‌നമായ പ്രാപ്പിടിയൻ പക്ഷികൾ ഡോ. സുബൈറിന്റെ പഠന വിഷയമായത് യാദൃശ്ചികമല്ല. ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ സുബൈർ 1995ൽ ജോലി തേടി യുഎഇയിലെ അൽ ഖസ്‌ന ഫാൽക്കൺ റിസർച് ആശുപത്രിയിലെത്തി. ജർമ്മൻകാരനായ ആശുപത്രി മേധാവി യോജിച്ച ജോലി ഇല്ലെന്നറിയിച്ച് തിരിച്ചയച്ചു. ഫാൽക്കനോടുള്ള അഭിനിവേശം മൂലം അവിടെ എന്തു ജോലി കിട്ടിയാലും സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടും ഫലമുണ്ടായില്ല.
ഫാൽക്കൻ പക്ഷികളെക്കുറിച്ച് വിദഗ്ധ പഠനം നടത്തുമെന്ന് മനസ്സിലുറപ്പിച്ച സുബൈറിന് 2004ൽ ബയോളജി ആൻഡ് ബിഹേവിയർ ഓഫ് ഫാൽക്കൻസ് വിത് എംഫസീസ് ഓൺ കാപ്റ്റീവ് ബ്രീഡിങ് ഓഫ് ഷഹീൻ ഫാൽക്കൻസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അതേ വർഷം ജർമനിയിലെ ഫാൽക്കൺ ബ്രീഡിങ് സെന്ററിൽനിന്ന് ഡിപ്ലോമയും നേടി.
English Summary: ADIHEX 2023: Malayali Professor in Abu Dhabi International Hunting and Equestrian Exhibition