ഈസ്റ്റ് ടു വെസ്റ്റ് മാരത്തൺ റജിസ്‌ട്രേഷൻ തുടങ്ങി
Mail This Article
ദോഹ∙ എട്ടാമത് ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ മാരത്തണിൽ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷൻ തുടങ്ങി. ഡിസംബർ 15ന് നടക്കുന്ന മാരത്തൺ ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷനും (ക്യുഎസ്എഫ്എ) ഖത്തർ റണ്ണേഴ്‌സ് ടീമും ചേർന്നാണ് സംഘടിപ്പിക്കുന്നത്. കിഴക്ക് ഷെറാട്ടൺ പാർക്ക് മുതൽ പടിഞ്ഞാറ് ദുഖാൻ ബീച്ച് വരെയുള്ള 90 കിലോമീറ്ററാണ് മാരത്തൺ. അഞ്ചിടങ്ങളിലായി വിശ്രമ സ്റ്റേഷനുകളുമുണ്ടാകും. 12 മുതൽ 16 മണിക്കൂർ ആണ് ഓട്ടം പൂർത്തിയാക്കാൻ എടുക്കുന്ന സമയം.
16 വയസ്സിന് മുകളിൽ പ്രായമുള്ള അത്‌ലീറ്റുകൾ, ഓട്ടപ്രേമികൾ, അമച്വർ താരങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പുരുഷന്മാർക്ക് മാത്രമല്ല വനിതകൾക്കും പങ്കെടുക്കാം. ആരോഗ്യവാന്മാരായിരിക്കണം എന്നുമാത്രം. 3 മാസമാണ് റജിസ്‌ട്രേഷന്റെ സമയം. ക്യുഎസ്എഫ്എ ആപ്ലിക്കേഷൻ മുഖേന റജിസ്റ്റർ ചെയ്യാം. വ്യക്തിഗതമായും ഗ്രൂപ്പായും മാരത്തണിൽ പങ്കെടുക്കാം. ഗ്രൂപ്പാണെങ്കിൽ പരമാവധി 6 പേരിൽ കൂടാൻ പാടില്ല.
ദോഹ കോർണിഷിലെ ഷെറാട്ടൺ പാർക്കിൽ തുടങ്ങുന്ന മാരത്തണിലെ ഓട്ടക്കാർക്കായി അൽ ഷഹാനിയ, നസ്രാണിയ, അൽ ഒവെയ്‌ന, ക്യൂബൻ ആശുപത്രി എന്നിവിടങ്ങളിലും മാരത്തൺ അവസാനിക്കുന്ന ദുഖാൻ ബീച്ചിലുമായി അഞ്ചിടങ്ങളിലായാണ് എയ്ഡ് സ്റ്റേഷനുകൾ പ്രവർത്തിക്കുക. കുടിവെള്ളം ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഇവിടെ ലഭിക്കുക. മെഡിക്കൽ സേവനം, ആംബുലൻസ്, പൊലീസ് എന്നിവരുടെ സേവനവും മാരത്തണിലുടനീളമുണ്ടാകും. എല്ലാ വർഷവും ഓട്ടക്കാരുടെ മികച്ച പങ്കാളിത്തത്തിലാണ് മാരത്തൺ നടക്കുന്നത്.
English Summary: 8th Qatar East to West Ultramarathon registration opens.