രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വീസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്‌റൈന്‍
Mail This Article
മനാമ ∙ പ്രവാസികൾ രാജ്യത്തിന് പുറത്തുള്ളപ്പോഴും വീസ പുതുക്കാന്‍ പുതിയ സംവിധാനമൊരുക്കിയതായി ബഹ്റൈൻ. ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ, പാസ്‌പോർട്ട് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെയും വീസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വീസ കാലാവധി കഴിയുന്നതിന് മുൻപ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈന്‍ പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് വീസ പുതുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, റജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈൻ നാഷനൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എൽഎംആർഎ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.
സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നവീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ഇതെന്ന് പുതിയ സേവനം പ്രഖ്യാപിച്ചുകൊണ്ട് എൻപിആർഎ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പറഞ്ഞു. എൽഎംആർഎയും എൻപിആർഎയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും സഹകരണത്തെയും പ്രശംസിച്ച അദ്ദേഹം ഇത് മികച്ച കാൽവയ്പ്പാണെന്നും ഇത്തരം സൗകര്യങ്ങൾ നൽകുന്നത് തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പറഞ്ഞു.
ജോലിയുടെ വേഗത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികൾക്കായി ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ചട്ടക്കൂടിലാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
English Summary: Bahrain has a new system to renew visas for those outside the country