ADVERTISEMENT

ദമാം∙ ഓൺലൈൻ മാഫിയയുടെ തട്ടിപ്പിൽ ഇരയാകേണ്ടി വന്ന മലയാളിക്ക് ഒ‌‌‌‌ടുവിൽ ആശ്വാസം. 28 വർഷമായി സൗദി പ്രവാസിയായ തൃശൂർ സ്വദേശിക്ക് പങ്കുവയ്ക്കാനുള്ളത് അടുത്തിടെ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കപ്പെട്ട ദുരനുഭവം. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ  സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തൃശൂർ സ്വദേശി ജോഷി കുമാറിനാണ് പ്രവാസ ജീവിതത്തിലെ കയ്പേറിയ അനുഭവം പറയാനുള്ളത്.

 

പതിവ് പോലെ വർഷം തോറും പുതുക്കാറുള്ള തൊഴിൽ താമസ രേഖയായ ഇഖാമ പുതുക്കാൻ കമ്പനി ഓഫിസിനെ സമീപിച്ചതായിരുന്നു ജോഷികുമാർ.ആവശ്യമായ വിവരങ്ങൾ നൽകി കമ്പനി ഓൺലൈനിൽ ഇഖാമ പുതുക്കാനുള്ള  അപേക്ഷ നൽകിയെങ്കിലും  തൊഴിൽ-ജവാസത്ത് സിസ്റ്റം തിരസ്കരിച്ചു. കാരണമായി കണ്ടെത്തിയത്  അപേക്ഷകന്‍റെ പേരിൽ പൊലീസ് കേസ്. ഉടൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും കേസ് തീരുമാനമാകാതെ ഇഖാമ പുതുക്കാൻ അനുവദിക്കുകയില്ലന്നും തിരിച്ചറിഞ്ഞു. 

 

Read also: ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ലക്ഷം ആളുകൾ: ആഘോഷത്തിനിടെ 'വിവാഹമാമാങ്കം', നഗ്നത; വെറും ആഘോഷമല്ല 'ബേണിങ് മാൻ', ഇവിടെ എല്ലാം 'ഫ്രീ'

കഴിഞ്ഞ 27 വർഷത്തിൽ അധികമായി പ്രവാസ ജീവിതം നയിക്കുന്ന  തന്റെ പേരിൽ കേസ് ഒന്നും ഉള്ളതായി  ജോഷികുമാറിന് അറിയില്ലായിരുന്നു. കമ്പനിയുടെ ഗവൺമെൻറ് റിലേഷൻ ജീവനക്കാരനായ സൗദി പൗരനെയും കൂട്ടി അടുത്തുള്ള അൽകോബാർ പൊലീസ് സ്റ്റേഷനിൽ ചെന്നു. റിയാദിലാണ് കേസുള്ളതെന്നും സാമ്പത്തിക ക്രമക്കേടാണ് കേസിനു കാരണമെന്നും സംഗതി ഗുരുതരമാണെന്നും  റിയാദ് പൊലീസിനെ സമീപിക്കണമെന്നും വിവരം ലഭിച്ചു.

 

 തുടർന്ന് കേസുമായി ബന്ധപ്പെട്ട റിയാദിലെ  പൊലീസ് സ്റ്റേഷനിൽ ജിആർഒക്കൊപ്പം ഹാജരായപ്പോഴാണ്  ഓൺലൈൻ തട്ടിപ്പിന്‍റെ കെണിയിൽ ഇരയാക്കപ്പെട്ടെന്നു ബോധ്യമായത്. ജോഷികുമാറിന്‍റെ പേരിലുള്ള മൂന്നോളം ബാങ്കുകളിലെ  അക്കൗണ്ടിലൂടെ പരിധിയിൽ കൂടുതൽ പണം അയച്ചതായുള്ള കേസാണ് ഉണ്ടായിരുന്നത്. കുറഞ്ഞ ശമ്പളക്കാരനായ ജോഷികുമാറിന്‍റെ പേരിലുള്ള അക്കൗണ്ടിലൂടെ തട്ടിപ്പ് സംഘം 32,000 ലേറെ റിയാൽ അയച്ചതായാണ് കണ്ടത്തിയത്. വരുമാനത്തിന്‍റെ പതിൻമടങ്ങ് തുക ഇയാളുടെ അക്കൌണ്ടിലൂടെ കൈമാറ്റം നടക്കുന്നതിലെ അസാധാരണത്വം കണ്ടെത്തിയ ബാങ്കുകളാണ്  വിവരം പൊലീസിന് കൈമാറുന്നതും തുടർന്നാണ് കേസാവുന്നതും. കൂടാതെ രണ്ട് സിംകാർഡുകളും തട്ടിപ്പ് സംഘം ഇയാളുടെ  പേരിൽ  എടുത്തിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.

 

∙ തട്ടിപ്പിന് ഇരയായ സംഭവം നടന്നതിങ്ങനെ

 

ഇഖാമ പുതുക്കേണ്ടിയിരുന്ന കഴിഞ്ഞ വർഷം വന്ന മൊബൈൽ കോളിൽ നിന്നാണ് ജോഷി കെണിയിൽപ്പെട്ടത്. തൊഴിൽ വകുപ്പിൽ(MOI) നിന്നാണ് എന്ന് പറഞ്ഞ് ജോലിക്കിടയിൽ വന്ന ഫോണിൽ  ഇഖാമ പുതുക്കുന്നതിനായി ഫോണിലേക്ക് വന്ന ഒടിപി പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. വ്യാജ കോളാണ് എന്ന് തിരിച്ചറിയാതെ മറുഭാഗത്ത് ആവശ്യപ്പെട്ട പ്രകാരം  ഒടിപി നൽകി. വ്യാജ കോളാണെന്ന് തോന്നാത്ത വിധം ഇഖാമ നമ്പരും വിലാസവും കമ്പനി പേരും ഫോൺ നമ്പരുമൊക്കെ മറുഭാഗത്ത് നിന്നും ചോദിച്ചതായി ജോഷി പറഞ്ഞു.

Read also: യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് നേരിട്ട് അപേക്ഷിക്കാം


ഇഖാമ പുതുക്കുന്നതിനായി ഫോൺ വന്നതായി അയാൾ കമ്പനി ഓഫീസിൽ അറിയിച്ചപ്പോൾ അത്തരം ഫോൺ കോളുകൾ വരില്ലെന്നും അബ്ഷറിൽ കയറി പരിശോധിക്കണമെന്നും തട്ടിപ്പാകുമെന്നും വ്യാജൻമാരാകാമെന്നും ഓഫീസിലുള്ളവർ പറഞ്ഞു. 

അബദ്ധം പിണഞ്ഞത്  തിരിച്ചറിഞ്ഞപ്പോഴേക്കം അബ്ഷർ  അക്കൗണ്ട്  ഓൺലൈൻ തട്ടിപ്പ് സംഘം കൈവശപ്പെടുത്തിയിരുന്നു. തൊട്ടടുത്തുള്ള വിരലടയാളം പതിക്കുന്ന ജവാസത്ത് കിയോസ്കിൽ എത്തി അബ്ഷർ അക്കൗണ്ട് വീണ്ടെടുത്തുവെങ്കിലും അതും സംഘം ഹാക്ക് ചെയ്തു. തുടർന്ന് ജവാസത്ത് ഓഫീസിൽ നേരിട്ട് ചെന്ന് പരാതി പെട്ടതിനെ തുടർന്ന് അബ്ഷർ അക്കൗണ്ടിന്‍റെ നിയന്ത്രണവും പാസവേർഡുമൊക്കെ തിരിച്ചു കിട്ടി. പക്ഷേ ഇതിനോടകം തട്ടിപ്പ് സംഘം  മൂന്നോളം ബാങ്കുകളിൽ മണി എക്സ്ചേഞ്ച് അക്കൗണ്ട് തുറന്ന് അതിലൂടെ പണം കൈമാറ്റം നടത്തിയിരുന്നു.  പണം കൈമാറ്റത്തിനായി ഇയാളുടെ പേരിൽ സംഘം പുതുതായി എടുത്ത  മൊബൈൽ നമ്പരുകളും ഉപയോഗിച്ചു. റിയാദിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതൊടെ തടിരക്ഷപ്പെട്ടു.

 

 എന്തോ ഭാഗ്യത്തിന് തട്ടിപ്പ് സംഘം വിളിച്ച നമ്പരുകളും സന്ദേശങ്ങളും ഓടിപിയടക്കമുള്ള വിവരങ്ങളും ഫോണിൽ  മായ്ക്കാതെ സൂക്ഷിച്ചിരുന്നത് പൊലീസ് ഉദ്യോഗസ്ഥനെ കാണിച്ചത് നിരപരാധിത്വം തെളിയിക്കുന്നതിന് പ്രയോജനപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജോഷി കെണിയിൽപെട്ടതാണെന്നും ബോധ്യമായി. തട്ടിപ്പ് സംഘം തുറന്ന വ്യാജ അക്കൌണ്ടുകളും, മറ്റു പുതിയ രണ്ടു ഫോൺ സിം കാർഡുകളും  പൊലീസ്  നിർദ്ദേശ പ്രകാരം  റദ്ദാക്കിച്ചു. റിയാദിലെ മറ്റൊരു പൊലീസ് സ്റ്റേഷനിലും ഇതേ കേസ് ഫയൽ ഉണ്ടായിരുന്നതും ഹാജരാക്കി. അന്വേഷണ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ൽ  കേസിൽ നിന്നും ഒഴിവാക്കിക്കിട്ടി. ഇത്തരം വ്യാജ ഫോണുകൾ വരുമ്പോൾ തിരിച്ചറിയണമെന്നും ഓടിപിയടക്കമുള്ള വിവരങ്ങൾ ഗവൺമെന്‍റ് ഏജൻസികൾ ഇത്തരത്തിൽ ആവശ്യപ്പെടില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ജോഷിയെ ഉപദേശിച്ചു.

Read also: കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ പിടി വീഴും; കടുത്ത നടപടി


പൊലീസ് കേസ് ഒഴിവാക്കിയതോടെ ജോഷികുമാറിൻറെ  ഇഖാമ പുതുക്കുന്നതിനായി തൊഴിൽവകുപ്പിന്‍റെ  സിസ്റ്റത്തിലുള്ള  തടസ്സം മാറി. പുതുക്കിയ ഇക്കാമ കൈയിൽ കിട്ടിയ സന്തോഷത്തിലും വലിയ അപകടത്തിൽ നിന്നുമാണ്  താൻ രക്ഷപെട്ടതെന്നും ജോഷികുമാർ പറയുന്നു. ഇത്തരം വ്യാജൻമാരെ സൂക്ഷിക്കണമെന്നും ബാങ്കുകളിൽ നിന്നുമാണെന്നും മറ്റും പറഞ്ഞു വിളിക്കുന്നതും തട്ടിപ്പ് സംഘമാണെന്നും ഇത്തരക്കാരെകുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ജോഷി കുമാർ സ്വഅനുഭവത്തിന്‍റെ വെളിച്ചത്തിൽ പറഞ്ഞു.

 

പുതുതായി നാട്ടിൽ നിന്നും എത്തിയ മലയാളി ആരോഗ്യപ്രവർത്തകയ്ക്കും  ഇത്തരം തട്ടിപ്പിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കെത്തി ആദ്യമായി ലഭിച്ച ശമ്പളം നാട്ടിലേക്ക്  അയക്കാൻ മണി എക്സ്ചേഞ്ചിൽ പോയി വരുമ്പോഴാണ്  വ്യാജ സംഘത്തിന്‍റെ തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടത്. യുവതിയുടെ ഇഖാമ   ലഭിച്ചിട്ടില്ലാതിരുന്നതിനാൽ മറ്റു കുഴപ്പങ്ങളിൽ പെട്ടില്ല.തുടർന്ന് ബാങ്കിനെ സമീപിച്ച് മതിയായ മാറ്റങ്ങൾ വരുത്തി പാസ് വേർഡുമൊക്കെ പുതുക്കി യുവതി അക്കൗണ്ടിന്‍റെ  നിയന്ത്രണം തിരിച്ചുപിടിച്ചത്. 

 

 

English Summary: Malayalee trying to renew iqama was tricked by online fraudsters.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com