അപൂർവ ദൃശ്യചാരുത പകർന്ന് ഖത്തറിന്റെ വേറിട്ട കാഴ്ച്ച പങ്കുവച്ച് ടൂറിസം വിഡിയോ; വൈറൽ കാഴ്ച്ച കാണാം
Mail This Article
ദോഹ∙ ഔദ്യോഗിക പക്ഷിയായ ഫാൽകണിന്റെ കണ്ണുകളിലൂടെ ഖത്തറിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിച്ചുള്ള ഖത്തർ ടൂറിസത്തിന്റെ വിഡിയോ പുറത്തിറങ്ങി.
'ഖത്തർ: ഫാൽകണിന്റെ കണ്ണുകളിലൂടെ' എന്ന തലക്കെട്ടിലാണ് വിഡിയോ. ഖത്തറിന്റെ ഭൂപ്രകൃതിയുടെ മനോഹാരിത പകർത്തി ഫാൽക്കൺ നടത്തിയ യാത്രയിലൂടെ വൈവിധ്യമായ പ്രകൃതി ദൃശ്യങ്ങളും സവിശേഷതകളും അടുത്തറിയാം. സക്രീത്ത്, ഇൻലൻഡ് സീ, വെസ്റ്റ് ബേ, ഫിഫ ലോകകപ്പ് വേദികളായ അൽ ബെയ്ത്, ലുസെയ്ൽ, അൽ ജനൗബ് സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് മുകളിലൂടെയാണ് ഫാൽക്കൺ യാത്ര ചെയ്തിരിക്കുന്നത്. ഈ സ്ഥലങ്ങളുടെ ആകാശ ദൃശ്യത്തിലൂടെ ഖത്തറിന്റെ ഭൂപ്രകൃതിയും സൗന്ദര്യവും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന തരത്തിലാണ് ഒരുമിനിറ്റിൽ താഴെയുള്ള വിഡിയോ തയാറാക്കിയത്.
അറേബ്യൻ മരുഭൂമിയിലെ മണൽക്കൂനകളുടെ സൗന്ദര്യവും ദോഹയിലെ അംബരചുംബികളുടെ മനോഹാരിതയുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഫാൽകണിന്റെ ആകാശ യാത്ര.
ഖത്തറിനെക്കുറിച്ച് സന്ദർശകർക്ക് ആധികാരികവുമായ കാഴ്ചപ്പാട് നൽകാൻ ലക്ഷ്യമിട്ടാണ് ഔദ്യോഗിക പക്ഷിയായ ഫാൽകണിന്റെ കണ്ണുകളിലൂടെ രാജ്യത്തെ വരച്ചു കാട്ടിയതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ വ്യക്തമാക്കി.
English Summary: Qatar Tourism launches a video ‘Qatar: Through the Eyes of a Falcon’.