35 വര്‍ഷം ഒരേ കമ്പനിയിൽ ജോലി; കാലം കറങ്ങിയ നൂൽചക്രവുമായി 41 വർഷത്തെ പ്രവാസ ജീവിതത്തോട് 'സലാം പറഞ്ഞു' ഖത്തറിന്റെ സ്വന്തം 'ഭാസ്ക്കരേട്ടൻ'
Mail This Article
ദോഹ∙ പല വര്‍ണങ്ങളിലുള്ള തുണിത്തരങ്ങള്‍ തുന്നിചേര്‍ത്തതിലൂടെ ജീവിതത്തിലേക്ക് മനോഹരമായ നിറങ്ങള്‍ പകര്‍ന്നു നല്കിയ പ്രവാസ ജീവിതത്തോട് 'ഭാസ്ക്കരേട്ടന്' സലാം പറയുകയാണ്. ഒന്നും രണ്ടുമല്ല 41 വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചാണ് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കുള്ള ദുബായ് വിമാനത്തില്‍ തൃശൂര്‍ കീഴ്പുള്ളിക്കര സ്വദേശി പണിക്കന്‍പറമ്പില്‍ ഭാസ്കരന് നാട്ടിലേക്ക് മടങ്ങുന്നത്. ഇതുവരെ നല്കിയ സൗഭാഗ്യങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറഞ്ഞ് തികഞ്ഞ സംതൃപ്തിയോടെ പ്രവാസത്തിന്റെ ഓര്‍മ്മത്താളുകളില്‍ ഒരുപിടി സൗഹൃദങ്ങളും നല്ലോര്‍മ്മകളും സൂക്ഷിച്ചുകൊണ്ടാണ് ഈ 68 കാരന്റെ മടക്കം.
1982 ജൂലൈ 15നാണ് നാട്ടുകാരനും സുഹൃത്തുമായ സലിം നല്കിയ വീസയില്‍ ദോഹയില്‍ എത്തിയത്. അന്ന് 1,750 രൂപയായിരുന്നു വിമാന ടിക്കറ്റിന്. അല്‍ റയാനില്‍ സുഹൃത്ത് സലിമിന്റെ തയ്യല്‍ക്കടയിലായിരുന്നു പ്രവാസത്തിന്റെ തുടക്കം. 6 വര്‍ഷം കഴിഞ്ഞപ്പോ മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് സ്ഥാപനം മാറി. സുനൈന ലേഡീസ് ടൈലേഴ്സ് (ഇന്നത്തെ യൂണിയന് ലേഡീസ് ടൈലേഴ്സ്) എന്നായിരുന്നു പുതിയ തയ്യല്‍ക്കടയ്ക്ക് നല്കിയ പേര്. സുഹൃത്ത് സലീം പിന്നീട് ദുബായിലേക്ക് ചേക്കേറിയെങ്കിലും ഭാസ്ക്കരേട്ടന് യൂണിയന് ടൈലേഴ്സിനെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ തയ്യല്മെഷീനെയും നെഞ്ചോടു ചേര്‍ത്തു. ഒരിക്കലും പണിമുടക്കാത്ത ബ്ലൂ ബേര്‍ഡിന്റെ തയ്യല്‍ മെഷീനും കഴിഞ്ഞ 7 വര്‍ഷത്തോളമായി സ്വന്തമായിരുന്ന യൂണിയന് ടൈലേഴ്സിനെയും മറ്റൊരാള്‍ക്ക് കൈമാറിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ 35 വര്‍ഷം ഒരേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്പോണ്‍സറുടെ നല്ല മനസും കൊണ്ടു മാത്രമെന്നും ഭാസ്കരേട്ടന് പറയുന്നു. വ്യത്യസ്ത ഡിസൈനുകളില്‍ വസ്ത്രങ്ങള്‍ മനോഹരമായി തുന്നിയപ്പോള്‍ ജീവിതത്തിലേക്ക് നിറങ്ങളും സ്വപ്നങ്ങളും തുന്നിചേര്‍ക്കാനും ഭാസ്കരേട്ടന് കഴിഞ്ഞു. എല്ലാവരെയും പോലെ കുടുംബ പ്രാരാബ്ധങ്ങളും കട ബാധ്യതകളും അതിജീവിക്കാനാണ് ഭാസ്കരേട്ടനും പ്രവാസത്തിലേക്ക് എത്തിയത്. അച്ഛന്, അമ്മ, 4 സഹോദരിമാര്‍, ഭാര്യ ഇവര്‍ക്കെല്ലാം ഏക ആശ്രയമായിരുന്നു. 41 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ 4 സഹോദരിമാരുടെയും വിവാഹം, മക്കളായ സ്മിത, സ്മിന, സിന്ധു, സനല്‍ എന്നിവരുടെ പഠനം, വിവാഹം, സ്വന്തമായൊരു വീട് ഇവയെല്ലാം ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞതിന് പിന്നില്‍ വിശ്രമമില്ലാത്ത അധ്വാനവും ഭാര്യ കാഞ്ചനയും മക്കളും നല്കിയ പിന്തുണയും മാത്രം.
∙ മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിച്ച തയ്യല്ക്കാരന്
ഖത്തറിന്റെ ഫാഷന്‍ ട്രെന്ഡുകള്ക്കിടെ കാലത്തിനൊപ്പം സഞ്ചരിച്ച തയ്യല്ക്കാരന് ആണ് ഭാസ്കരേട്ടന്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളാണ് യൂണിയന് ടൈലേഴ്സില്‍ തയ്ക്കുന്നത്. പണ്ട് ഡിസൈനുകളുടെ കാറ്റലോഗുകള്‍ നല്കിയിട്ടാണ് അതേ ഫാഷനില്‍ വസ്ത്രങ്ങള്‍ തുന്നണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് പക്ഷേ കാലം മാറി. സ്വന്തം വസ്ത്രം എങ്ങനെ തയ്ക്കണമെന്നത് കൃത്യമായി ഡിസൈന്‍ വരച്ചാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ തയ്യല്‍ കടകളെ സമീപിക്കുന്നത്. പാരമ്പര്യ വസ്ത്രങ്ങളിലും പുത്തന്‍ ഡിസൈനുകളെത്തി. വസ്ത്രധാരണ രീതികളും ഫാഷനും മാറിയതോടെ റെഡിമെയ്ഡുകള്ക്കാണ് ഡിമാന്‍ഡ് കൂടുതലെന്നും ഭാസ്കരേട്ടന് പറയുന്നു. തയ്യല്‍ ജോലിയില്‍ 68-ാം വയസിലും മടുപ്പ് തോന്നിയിട്ടില്ല. ആസ്വദിച്ചു ജോലി ചെയ്താല്‍ മടുപ്പോ ക്ഷീണമോ തോന്നില്ല, ആരോഗ്യവും ഊര്‍ജവും താനേ വരുമെന്നാണ് ഭാസ്കരേട്ടന്റെ ഭാഷ്യം.
∙ അത്ഭുതമാണ് ഖത്തർ
ഖത്തറിനുണ്ടായ വലിയ മാറ്റത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഖത്തറിന്റെ അതിവേഗ വളര്‍ച്ച നേരിട്ടു കാണാന്‍ കഴിഞ്ഞതിന്റെയും ഫിഫ ലോകകപ്പ് പോലെ വലിയ കായിക മാമാങ്കത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെയും സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ഭാസ്കരേട്ടന് പറയുന്നു. 27-ാം വയസില്‍ ദോഹയിലെത്തിയപ്പോള്‍ ജോലി ചെയ്യുന്ന കടയിലേക്ക് എത്താന്‍ ഒരു ടാക്സി പോലും കിട്ടാന്‍ ബുദ്ധിമുട്ടേറിയ കാലമായിരുന്നു. 68-ാം വയസില്‍ തിരികെ മടങ്ങുന്നത് ഖത്തറിന്റെ അത്യാധുനിക സൗകര്യങ്ങളെ അത്ഭുതത്തോടെ നോക്കി കണ്ടാണ്. ഖത്തര്‍ പ്രവാസത്തിനിടെയുണ്ടായ ഏക സങ്കടം അനിയന് സുബ്രഹ്മണ്യന്റെ മരണമാണ്. വിവാഹിതനാകാന്‍ അനിയന് തയാറെടുക്കുന്നതിനിടെ നാട്ടിലേക്ക് പോകാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് 2000 ത്തില്‍ ദോഹയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. അനിയന്റെ വേര്‍പാട് നെഞ്ചിലെ വലിയ നീറ്റല്‍ തന്നെയെന്ന് പറയുമ്പോള്‍ ഭാസ്കരേട്ടന്റെ സ്വരം ഇടറും.
∙ സൗഹൃദങ്ങളുടെ നാട്
41 വര്‍ഷത്തിനിടെ ഒരുപാട് നല്ല സൗഹൃദങ്ങളും ജീവിതത്തില്‍ നല്ല മാറ്റങ്ങളും സമ്മാനിച്ച നാടാണിത്. സുഹൃത്ത് നല്കിയ വീസയില്‍ 27-ാം വയസില്‍ ഖത്തറിലെത്തിയപ്പോള്‍ നാടിനെയും കുടുംബത്തെയും ഓര്‍ത്ത് വിഷമിച്ചിരിക്കാന്‍ ദോഹയിലുണ്ടായിരുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ അവസരം നല്‍കിയില്ല. അന്നു മുതല്‍ ഇന്നു വരെ എന്തിനും ഏതിനും സൗഹൃദങ്ങള്‍ ഒപ്പമുണ്ട്. രക്തബന്ധത്തേക്കാള്‍ ആഴമാണ് സൗഹൃദങ്ങള്ക്കെന്ന് ഭാസ്കരേട്ടന് പറയുന്നു. കോവിഡ് കാലത്തിന് മുന്‍പുള്ള 30 വര്‍ഷക്കാലം മുടങ്ങാതെ റമസാന്‍ ദിനങ്ങളില്‍ നോമ്പു നോക്കിയതിന്റെ പുണ്യവും അദ്ദേഹത്തിനുണ്ട്. മടങ്ങാനുള്ള കാരണമെന്തന്നു ചോദിച്ചാല്‍ ഒന്നു രണ്ടു വര്‍ഷമായി തിരിച്ചുപോക്കിനെക്കുറിച്ച് ചിന്തിക്കുന്നു. മക്കളെല്ലാം നല്ല നിലയിലെത്തി. വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും കടബാധ്യതകളില്ലാതെ അല്ലലില്ലാത്ത ജീവിതവും ആരോഗ്യവുമെല്ലാം ദൈവാനുഗ്രഹം തന്നെയാണ്. ഇത്രയും നാള് അച്ഛന് ഞങ്ങള്‍ക്കു വേണ്ടിയല്ലേ ജീവിച്ചത് ഇനി അച്ഛനും അമ്മയ്ക്കും ഞങ്ങളുണ്ടെന്ന മക്കളുടെ നിര്‍ബന്ധവും കൂടിയായപ്പോള്‍ ഭാഗ്യവും സന്തോഷങ്ങളും സമ്മാനിച്ച നാട്ടില്‍ നിന്ന് ജന്മനാടിന്റെ ഊഷ്മളതയിലേക്ക് ഭാസ്കരേട്ടന് മടങ്ങുന്നതും തികഞ്ഞ സന്തോഷത്തോടെ തന്നെ.
English Summary: Gulf Life: Pravasi Malayali Bhaskaran Returning Kerala after 41 Years of Qatar Life