ADVERTISEMENT

ദുബായ് ∙ ഒരു മികച്ച ജോലി എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് സ്വദേശി യുവതി മറിയം നാസർ അൽ ഹാഷിമി. ഇതിന് കാരണമായത് മലയാളി തൊഴിലുടമയും. യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളെ നിയമിക്കണമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ദുബായ് ഹത്ത സ്വദേശിയായ ഇവർ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ഖിസൈലിലെ ഒാഫിസിൽ ജോലിക്ക് ചേർന്നത്.

native-woman-joined-the-office-of-ech5
മറിയം നാസർ അൽ ഹാഷിമി. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

അൽ െഎൻ വനിതാ കോളജിൽ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഫോറൻസിക് ബിരുദം പഠിച്ച മറിയം ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് ഇസിഎച്ചിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിന് മുൻപ് ജോലിക്കായി ശ്രമം നടത്തിയെങ്കിലും മനസ്സിന് യോജിച്ച ജോലിയൊന്നും ലഭിച്ചില്ല. ഒടുവിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ദുബായിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സാധ്യതയുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.  സമൂഹമാധ്യമം വഴിയാണ് ഇസിഎച്ചിനെക്കുറിച്ച് അറിഞ്ഞത്. ഉടൻ അപേക്ഷിക്കുകയും അഭിമുഖത്തിന് ശേഷം ജോലി ലഭിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് മറിയം ഇസിഎച്ചിലെത്തിയത്. ഇവിടെ തന്നെ തുടർന്ന് ജോലിയിൽ കൂടുതൽ പരിചയം നേടാനാണ് പദ്ധതിയെന്നും ഇവർ പറയുന്നു. അഡ്നോക്കിൽ എൻജിനീയറാണ് 38കാരിയായ മറിയത്തിന്റെ ഭർത്താവ്. മൂന്ന് കുട്ടികളുണ്ട്. 

native-woman-joined-the-office-of-ech1
റിയം നാസർ അൽ ഹാഷിമി ഇസിഎച്ചിലെ സഹപ്രവർത്തകർക്കൊപ്പം. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

നൂറ്റമ്പതോളം പേർ ഇസിഎച്ചിൽ ജോലി ചെയ്യുന്നു. ബിസിനസ് സെറ്റപ്പ്, മറ്റു ലൈസൻസ് തുടങ്ങിയ കാര്യങ്ങളിൽ വളരെ പ്രശസ്തമായ ഇൗ സ്ഥാപനം നിലവിൽ ഗോൾഡ‍ൻ വീസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും തിരക്കേറിയ സ്ഥാപനമാണ്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും സര്‍ക്കാർ അനുവദിക്കുന്ന 10 വർഷത്തെ ഗോൾഡൻ വീസ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങൾ ഒട്ടേറെ പ്രമുഖർക്ക് ഇസിഎച്ചാണ്  വിജയകരമായി പൂർത്തിയാക്കി നൽകിയത്. ചുറുചുറുക്കോടെ ജോലി ചെയ്യുന്ന മറിയം  രണ്ട് ദിവസത്തിനകം തന്നെ സഹപ്രവർത്തകരുമായി വളരെ സൗഹൃദത്തിലായതായി ഇസിഎഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി പറഞ്ഞു. സ്വദേശിവത്കരണം അടുത്ത വർഷം ജനുവരി ഒന്നിന് മുൻപ് പൂർത്തിയാക്കിയാൽ മതിയെങ്കിലും ഇസിഎച്ച് എല്ലാവർക്കും മുൻപേ തന്നെ നിയമനം നടത്തി ശ്രദ്ധേ നേടി. 

native-woman-joined-the-office-of-ech4
മറിയം നാസർ അൽ ഹാഷിമി. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ (20–49 ജീവനക്കാരുള്ള) സ്വദേശിവൽക്കരണം 68 തസ്തികകളിലേക്ക് കൂടി അടുത്തിടെ വ്യാപിപ്പിച്ചിരുന്നു. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് 2024 ജനുവരി ഒന്നു മുതൽ സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. ഈ കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.  സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. കമ്യൂണിക്കേഷൻ ആൻഡ് ഐടി മേഖലയിലെ 4 പ്രധാന തസ്തികകളിൽ സ്വദേശികളെ നിയമിക്കണം. കംപ്യൂട്ടർ പ്രോഗ്രാമിങ്, കംപ്യൂട്ടർ കൺസൽറ്റൻസി, കംപ്യൂട്ടർ മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളി, വെബ്സൈറ്റ് നിർമാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്,  ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, ഫിനാൻഷ്യൽ അനാലിസിസ്, കൺസൽറ്റിങ്, ബാങ്കിങ് സർവീസ്, കറൻസി, ലോഹ വിപണനം, ലോൺ ഷെഡ്യൂളിങ്, മോർഗേജ് ബ്രോക്കർ റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ ആൻ‍ഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്, ഗവേഷണം, സർവേ സേവനങ്ങൾ, വാണിജ്യേതര വിവര സേവനം എന്നീ മേഖലകളിലാണ് ഇനി സ്വദേശിവത്കരണം പൂർത്തിയാക്കേണ്ടത്. കാലാവധിക്കുള്ളിൽ സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങൾക്ക് പിഴ 96,000 ദിർഹം ആണ്.  2025 ൽ 2 സ്വദേശികൾക്ക് ജോലി നൽകാത്ത കമ്പനിക്ക് പിഴ 108,000 ദിർഹമായി വർധിക്കും. 

native-woman-joined-the-office-of-ech2
മറിയം നാസർ അൽ ഹാഷിമി ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിക്കൊപ്പം. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

സ്വകാര്യ കമ്പനികളിലാണ് സ്വദശിവത്ക്കരണം തുടങ്ങിയത്. വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്ന നിബന്ധനയിൽ 17,000 സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.  2026ൽ 10% സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ഇരട്ടിയിലേറെ സ്വദേശികൾക്ക് ജോലി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്വദേശിവൽക്കരണ നിയമം ലംഘിച്ച 565 കമ്പനികൾക്ക് 20,000 മുതൽ 1,00,000 ദിർഹം വരെ കഴിഞ്ഞ ആഴ്ച പിഴ ചുമത്തി. സ്വദേശികളുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതിനാണ് നടപടി. 

English Summary:  Native woman joined the office of ECH Digital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com