നൂറ്റാണ്ടുകളുടെ കഥ പറയുന്ന അപൂർവ ഫർണിച്ചർ ഡിസൈനുകൾ
Mail This Article
ദോഹ∙ രണ്ടു നൂറ്റാണ്ടുകളിലെ ഫർണിച്ചർ ഡിസൈനുകളുടെ അപൂർവ ശേഖരവുമായി 'മാസ്റ്റർ പീസസ് ഓഫ് ഫർണിച്ചർ ഡിസൈൻ' പ്രദർശനത്തിന് ഖത്തർ മ്യൂസിയത്തിന്റെ എം7 ഗാലറിയിൽ തുടക്കമായി. ഡിസംബർ 9 വരെ നീളും. മിഷെറീബ് ഡൗൺ ടൗൺ ദോഹയിലാണ് എം7 ഗാലറി. ജർമനിയിലെ വിട്ര ഡിസൈൻ മ്യൂസിയവുമായി ചേർന്നാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി പ്രദർശനം ഒരുക്കിയത്. 200 വർഷത്തെ ഡിസൈനിന്റെ വളർച്ചയും മാറ്റവും പ്രകടമാക്കുന്നതാണ് പ്രദർശനം.
50 അപൂർവ ഡിസൈനുകളാണ് പ്രദർശനത്തിലുള്ളത്. ലി കോർബുസിയർ, ചാൾസ് ആൻഡ് റേ ഇമെസ്, സഹ ഹദീദ്, വിൽജിൽ അബ്‌ലോഹ് തുടങ്ങി ആധുനിക ഫർണിച്ചർ ഡിസൈനുകളിൽ ഏറ്റവും സ്വാധീനിക്കപ്പെട്ട ഡിസൈനർമാരുടെ സൃഷ്ടികളാണുള്ളത്. വെർണർ പാന്റണിന്റെ പാന്റൺ കസേര, ഇലീൻ ഗ്രേയുടെ ഇ 1027 സൈഡ് ടേബിൾ, സഹ ഹദീദിന്റെ മെസ ടേബിൾ തുടങ്ങിയവയുടെ ഒറിജിനൽ ഡിസൈൻ പ്രദർശിപ്പിച്ചിട്ടുണ്ട്.
ശിൽപശാലകൾ, ഇവന്റുകൾ എന്നിവയും നടക്കുന്നുണ്ട്. ഖത്തറിലെ 7 ഡിസൈനർമാരുടെ 10 ബെസ്‌പോക്ക് ഫർണിച്ചറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. പൈതൃകവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം കോർത്തിണക്കുന്നതാണ് ഡിസൈൻ. രാജ്യത്തെ താമസക്കാർക്ക് പ്രവേശനം സൗജന്യമാണെങ്കിലും ഖത്തർ മ്യൂസിയത്തിന്റെ വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റെടുക്കണം.
English Summary: Exhibit exploring two centuries of furniture design opens in Msheireb.