ഖത്തറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള മലയാളത്തിന്റെ വമ്പന്‍ താരങ്ങൾ അണിനിരക്കുന്ന വിനോദപരിപാടി നവംബറില്‍
Mail This Article
ദോഹ∙ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഖത്തറിന്റെ മണ്ണില്‍ ഒന്നിക്കുന്നു. നവംബറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളെ അണിനിരത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് (കെഎഫ്പിഎ) എന്റര്‍ടെയ്ന്‍മെന്റ് ഷോ നടത്തുന്നത്.
താര സംഘടനയായ അമ്മയുടെ സഹകരണത്തോടെ ഖത്തറിലെ 91 ഇവന്റ്‌സുമായി ചേര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷോ സംഘടിപ്പിക്കുന്നത്. തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. 2014 ന് ശേഷം ഒൻപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളെ അണിനിരത്തി വീണ്ടുമൊരു വിസ്മയ രാവൊരുക്കുന്നതെന്ന് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെഎഫ്പിഎ പ്രസിഡന്റ് ആന്റോ ജോസഫ് വ്യക്തമാക്കി.
Read also: എട്ടു വർഷത്തെ കേസ് പൊല്ലാപ്പായി; കുടുംബത്തോടൊപ്പം സൗദിയിൽ എത്തിയ പ്രവാസി 28 ദിവസം ജയിലിൽ
വിനോദ പരിപാടികള്‍ക്ക് പുറമെ സംഗീത ജീവിതത്തില്‍ 40 വര്‍ഷം പിന്നിടുന്ന ഗായകന്‍ എം.ജി. ശ്രീകുമാറിനെ ആദരിക്കുമെന്നും ആന്റോ ജോസഫ് പറഞ്ഞു. ഖത്തറിലെ പ്രവാസി മലയാളികള്‍ കണ്ടതില്‍ വച്ച് വ്യത്യസ്തവും വിസ്മയകരവുമായ എന്റര്‍ടെയ്ന്‍മെന്റ് ഷോ തന്നെയായിരിക്കും നവംബറില്‍ നടക്കുകയെന്നും സംഘാടകർ പറഞ്ഞു. ജയറാം, ദിലീപ്, ബിജു മേനോന്‍, മനോജ്.കെ.ജയന്‍, സുരാജ് വെഞ്ഞാറമൂട്, പിഷാരടി, ഷാരോണ്‍, ഐശ്വര്യ ലക്ഷ്മി, ആസിഫലി, കുഞ്ചാക്കോ ബോബന്‍, മാളവിക, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താര നിര തന്നെയാണ് ഖത്തറിലേക്ക് എത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, കെഎഫ്പിഎ ജനറല്‍ സെക്രട്ടറി ബി.രാകേഷ്, ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, പ്രോഗ്രാം ഡയറക്ടര്‍ എം.രഞ്ജിത്ത്, മുസ്തഫ, മമ്മി സെഞ്ച്വറി, ഹാരിസ് എന്നിവര്‍ പങ്കെടുത്തു. എം. വി.മുസ്തഫ, ഹാരിസ് എന്നിവരെ കൂടാതെ സുധീഷ് സുബ്രഹ്മണ്യൻ, രഞ്ജിത് തെക്കൂട്ട്, ഗായത്രി പ്രദീഷ് തുടങ്ങിയവർ ചേർന്നാണ് ഖത്തറിലെ താര ഷോയ്ക്ക് ചുക്കാൻ പിടിക്കുന്നത്
English Summary: An entertainment show in Qatar with a huge line-up of Malayalam stars in November