സ്വപ്ന കുതിപ്പിന്റെ 15 വർഷങ്ങൾ; ദുബായ് മെട്രോ മികവിന്റെയും കൃത്യതയുടെയും അടയാളം
Mail This Article
ദുബായ്∙ മികവിന്റെയും കൃത്യതയുടെയും ട്രാക്കിൽ ദുബായ് മെട്രോയുടെ കുതിപ്പ് 15ാം വർഷത്തിലേക്ക്. യുഎഇ നിവാസികൾക്ക് പുതിയൊരു യാത്രാ ശീലം സമ്മാനിച്ച് 09–09–09ലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. മെട്രോയിൽ സഞ്ചരിച്ചത് 200 കോടിയിലേറെ പേർ. യുഎഇയിൽ എത്തുന്ന സന്ദർശകർക്കും പ്രധാന ആകർഷണമാണ് മെട്രോ യാത്ര. ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ 14 വർഷത്തിനിടെ പിന്നിട്ടത് 1.68 കോടി പ്രവർത്തന മണിക്കൂറുകൾ.
ട്രെയിനിന്റെയും റെയിലുകളുടെയും തുരങ്കങ്ങളുടെയും ഗാരിജുകളുടെയും അറ്റകുറ്റപ്പണികൾക്കായാണ് ഇത്രയും സമയം ചെലവഴിച്ചതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് 99.7% സമയനിഷ്ഠ പാലിച്ചായിരുന്നു സേവനം. മരുഭൂമിയിൽ മെട്രോ സാധ്യമാകുമോ എന്ന് ശങ്കിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ കുതിപ്പ്. റെഡ്, ഗ്രീൻ ലെയ്നുകളിലായി 10 ലക്ഷം കിലോമീറ്ററിലധികം യാത്രാ ദൂരം താണ്ടി പുതിയ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ദുബായ് മെട്രോ. പരിശോധനയ്ക്കായി മെയിന്റനൻസ് ഉദ്യോഗസ്ഥർ കാൽനട യാത്ര ചെയ്തത് 30,000 കിലോമീറ്റർ. ഇതിൽ 14 കി.മീ നീളമുള്ള തുരങ്ക പാതകളുടെ സുരക്ഷാ പരിശോധനയും ഉൾപ്പെടും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് സുഗമമായ മെട്രോ യാത്ര യാഥാർഥ്യമാക്കിയത്.
രാജ്യാന്തര വിദഗ്ധരുടെ മേൽനോട്ടവും 10,000 സിസിടിവി ക്യാമറകളിലൂടെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളുമാണ് തടസ്സമില്ലാതെ മുന്നോട്ടു കുതിക്കാൻ മെട്രോയ്ക്ക് തുണയായത്. 129 ട്രെയിനുകൾ സൂക്ഷ്മമായി പരിപാലിക്കുന്നതിനും അവയുടെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിനുമായി ഏകദേശം 10 ലക്ഷം മണിക്കൂർ മനുഷ്യ അധ്വാനം നീക്കിവച്ചു. രാപ്പകൽ ഭേദമന്യെ ദിവസേന 70 ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തിയാണ് സാങ്കേതിക പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തുന്നത്.
English Summary: Dubai metro sets new milestones as it turns 14 on september.