ADVERTISEMENT

ദമാം∙ എട്ടു വർഷം മുൻപത്തെ കേസ് പൊല്ലാപ്പായി. ഉംറ വീസയിലെത്തിയ മുൻ ഇന്ത്യൻ പ്രവാസിക്ക്  പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നത് 28 ദിവസം. തീർപ്പാകാതിരുന്ന പഴയ കേസിൽ തെലങ്കാന, ഹൈദരാബാദ് സുൽത്താൻ ഷാഹി സ്വദേശി ഗൂസ് ഖാൻ(63) ആണ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

 

സൗദിയിൽ നേരത്തെ ഏതെങ്കിലും വീസയിൽ നിന്നിട്ട് തിരിച്ചു പോയവർക്ക് പഴയ ഏതെങ്കിലും കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ, പിന്നീട് ഇതറിയാതെ ഉംറ, ഹജ്, തുടങ്ങിയ വീസകളിൽ തിരിച്ചു വരുമ്പോൾ കുടുക്കിലാകും എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ഗൂസ് ഖാൻ.  പൊലീസ് കസ്റ്റഡിയിൽ  കഴിയേണ്ടി വന്നതിനുശേഷം സാമൂഹിക പ്രവർത്തരും ഇന്ത്യൻ എംബസി ജീവകാരുണ്യ വൊളന്റിയർമാരായ മണിക്കുട്ടൻ പദ്നാഭനും മഞ്ജു മണിക്കുട്ടനും  ഏറെ പണിപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിയിച്ചത്.

 

∙സ്പോൺസറുമായുള്ള തർക്കം വിനയായി; വാർധക്യത്തിൽ കസ്റ്റഡി

 

ഒരു മാസം മുൻപ് കുടുംബത്തോടൊപ്പം സൗദിയിൽ  ഉംറക്കെത്തിയതായിരുന്നു ഗൂസ് ഖാൻ.  ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ തന്നെ എമിഗ്രേഷൻ അധികൃതർ അദ്ദേഹത്തെ  തടഞ്ഞു വച്ചു പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ദമാം അൽ ഖോബാർ പൊലീസിൽ കേസ് ഉണ്ടെന്നാണ് കാരണം പറഞ്ഞത്. ജിദ്ദ എയർപോർട്ടിൽ നിന്ന് പൊലീസ് ഗൂസ് ഖാനെ ഖോബാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

 

കിഴക്കൻ പ്രവിശ്യയിലെ ദഹ്റാറിനെ സ്വദേശിയുടെ ഹൗസ് ഡ്രൈവറായിരുന്ന ഗൂസ്ഖാൻ 8 വർഷം മുൻപ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു. നാട്ടിൽ പോകുന്ന സമയത്ത് ശമ്പളം കിട്ടാത്തതു സംബന്ധിച്ച് ഉണ്ടായ കശപിശയിൽ സ്പോൺസർ കൊടുത്തിരുന്ന കേസാണ് ഇദ്ദേഹത്തിന് കുരുക്കായത്. കസ്റ്റഡിയിൽ കഴിഞ്ഞ വേളയിൽ അദ്ദേഹത്തിന്റെ കുടുംബം ഉംറ കഴിഞ്ഞു തിരിച്ചു പോയിരുന്നു. ജാമ്യത്തിലിറക്കാൻ സൗദിയിൽ കാര്യമായ ബന്ധങ്ങളൊന്നുമില്ലാത്ത ഇയാളെകുറിച്ച് ഒടുവിൽ പൊലീസ് തന്നെ സാമൂഹിക പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസ് അവസാനിപ്പിച്ചപ്പോഴേക്കും ഉംറ വീസയുടെ കാലവധി അവസാനിച്ചിരുന്നത് കൊണ്ട് വീണ്ടും തർഹീൽ മുഖാന്തിരം എക്സിറ്റ് അടിച്ചു.

Read also: സ്വപ്ന കുതിപ്പിന്റെ 15 വർഷങ്ങൾ; ദുബായ് മെട്രോ മികവിന്റെയും കൃത്യതയുടെയും അടയാളം


ഗൂസ് ഖാനെ രണ്ടു ദിവസത്തിനുള്ളിൽ തങ്ങൾ നാട്ടിൽ കയറ്റി വിട്ടുകൊള്ളാമെന്ന ഉറപ്പ് നൽകി അൽ ഖോബാർ പൊലീസിൽ നിന്ന് സാമൂഹിക പ്രവർത്തകർ ജാമ്യത്തിൽ എടുത്തത്.  ഇദ്ദേഹത്തിന് ഹൈദരാബാദ്  ഷാലിമാർ ഹോട്ടൽ ഭക്ഷണവും എറണാകുളം ജില്ലാ അസോസിയേഷൻ ഭാരവാഹി അഷ്റഫ്, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവർ താമസവും മറ്റു സൗകര്യങ്ങളും ഒരുക്കി. വിവരങ്ങളിറഞ്ഞ് ജിദ്ദയിലുണ്ടായിരുന്ന ബന്ധു ടിക്കറ്റ് എടുത്തും നൽകിയതോടെ മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞു. പൊലീസ് പറഞ്ഞ സമയ പരിധിക്കുള്ളിൽ തന്നെ ദമാം രാജ്യാന്തരവിമാനത്താവളം വഴി ഹൈദരാബാദിലേക്ക് യാത്രയായി.

 

∙ സൗദിയിൽ കേസില്ലെന്ന് ഉറപ്പുവരുത്തി മാത്രം മടക്കയാത്ര

 

 മുൻപും ഇത്തരത്തിൽ നിയമപ്രശ്നത്തിൽപ്പെട്ട പലരേയും നാട്ടിലേക്ക് മടങ്ങുവാൻ സഹായിച്ച സാമൂഹിക പ്രവർത്തകർക്ക് ഒരു അഭ്യർത്ഥനയാണുള്ളത്, വീസ തീർന്ന് നാട്ടിലേക്കു മടങ്ങുമ്പോൾ എതെങ്കിലും നിയമകുഴപ്പത്തിലോ നിയമലംഘനത്തിലോ കേസിലോ ഉൾപ്പെട്ടുണ്ടെങ്കിൽ അത് അവസാനിപ്പിച്ചതിന്റെ നിയമപരമായ പൊലീസ് ക്ലീയറൻസ് രേഖ കരസ്ഥമാക്കണം .വീണ്ടും സൗദിയിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന പക്ഷം  തങ്ങളുടെ പേരിൽ മറ്റു കേസുകളൊന്നും ഇല്ലെന്നുള്ള പൊലീസ് ക്ലീയറൻസ് രേഖകൾ  കൈവശം കരുതുന്നത് ഇത്തരം കുഴപ്പങ്ങളിൽ പെടാതിരിക്കുന്നതിനും ഉപകാരപ്പെടുമെന്ന് മണിക്കുട്ടൻ പത്മനാഭനും  മഞ്ജു മണിക്കുട്ടനും പറഞ്ഞു.

  

English Summary: Expatriate spends 28 days in Saudi Arabian jail for eight year old case

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com