ബഹിരാകാശത്തുനിന്ന് കൊണ്ടുവന്ന പതാക ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് കൈമാറി; സുൽത്താന് രാജകീയ സ്വീകരണം
Mail This Article
അബുദാബി ∙ അറബ് ലോകത്തിന്റെ സ്വപ്നം ബഹിരാകാശത്ത് സാക്ഷാത്കരിച്ച സുൽത്താൻ അൽ നെയാദി പറന്നിറങ്ങിയത് യുഎഇയുടെ സ്നേഹത്താവളത്തിൽ. പ്രത്യേക വിമാനത്തിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ 4.58ന് ഇറങ്ങിയ സുൽത്താൻ അൽ നെയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ബഹിരാകാശത്തെ സുൽത്താന് തലസ്ഥാന നഗരിയിൽ രാജകീയ സ്വീകരണമാണ് ഒരുക്കിയത്. ദേശീയ പതാക വീശിയും ഹർഷാരവം മുഴക്കിയും ആലിംഗനങ്ങളേകിയും ജനങ്ങൾ സുൽത്താനെ സ്വീകരിച്ചു.
രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ അൽ നെയാദിയുടെ തിരിച്ചുവരവ് ഉത്സവമാക്കുകയായിരുന്നു രാജ്യവും ജനങ്ങളും. സുരക്ഷാ കാരണങ്ങളാൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് സ്വീകരണത്തിന്റെ തൽസമയ സംപ്രേഷണവും ഒരുക്കിയിരുന്നു.
Read Also: ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി
വൈകിട്ട് 5ന് തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി വൈകിയും പലയിടങ്ങളിലും തുടർന്നു. പരമ്പരാഗത വാദ്യഘോഷങ്ങളുടെ അലയൊലികളായിരുന്നു രാജ്യമെങ്ങും. സുൽത്താനെ സ്വാഗതം ചെയ്തുള്ള ബോർഡുകൾ എയർപോർട്ടിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും നിറഞ്ഞു. സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളുമായി യുഎഇയിലെ വിവിധ സ്കൂളുകളിൽ പ്രദർശനവും ഒരുക്കിയിരുന്നു.
6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഈ മാസം 4ന് ഹൂസ്റ്റൺ തീരത്ത് തിരിച്ചെത്തിയെങ്കിലും യുഎഇയിൽ എത്തുന്നത് ഇന്നലെയാണ്. ബഹിരാകാശത്തുനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10,000ലേറെ ആളുകളുമായി സംവദിച്ച സുൽത്താൻ ശേഷിച്ച വിശേഷങ്ങൾ ജനങ്ങളുമായി നേരിട്ടു പങ്കുവയ്ക്കാനുള്ള ആവേശത്തിലാണെന്നും പറഞ്ഞു.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തങ്ങിയ, ഏഴു മണിക്കൂറിലേറെ സമയം ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരി എന്ന റെക്കോർഡുമായാണ് തിരിച്ചെത്തിയത്.
ബഹിരാകാശത്തും ഭൂമിയിലും തിരിച്ചെത്തിയപ്പോഴും നേരിടേണ്ടിവന്ന വെല്ലുവിളികളും അദ്ദേഹം വിവരിച്ചു. ഭൂമിയിലെ ഗുരുത്വാകർഷണവുമായി ശരീരവും മനസ്സും പൊരുത്തപ്പെടാനായി 2 ആഴ്ച ഹൂസ്റ്റണിലെ നാസ കേന്ദ്രത്തിൽ ചെലവഴിച്ച ശേഷമാണ് യുഎഇയിൽ എത്തിയത്.
രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവിരുന്നിലും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളിവും പങ്കെടുത്തശേഷം തുടർപരീക്ഷണങ്ങൾക്കായി നെയാദി വീണ്ടും നാസയുടെ ഗവേഷണ കേന്ദ്രത്തിലേക്കു തിരിച്ചുപോകും.
ഭൂമിയിലായാലും ബഹിരാകാശത്തായാലും ലോകത്തിന്റെ സ്പന്ദനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന സുൽത്താൻ അൽ നെയാദി ബഹിരാകാശത്തുവച്ച് ഡൽഹിയുടെ ചിത്രം പകർത്തി ഇന്ത്യക്കാർക്ക് ആശംസ നേർന്ന് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.
186 ദിവസം, 200 പരീക്ഷണം
ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരൻ, ദീർഘകാലം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ആദ്യ അറബ് ബഹിരാകാശ സഞ്ചാരി എന്നീ റെക്കോർഡുകളും നെയാദിക്ക് സ്വന്തം. 42 കാരൻ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 186 ദിവസം കഴിഞ്ഞ് 200 ലേറെ ശാസ്ത്രപരീക്ഷണങ്ങൾ നടത്തിയാണ് ഭൂമിയിൽ തിരിച്ച് എത്തിയത്. ഇനിയും ഒരു അവസരം ലഭിച്ചാൽ ബഹിരാകാശത്തേക്ക് പോകാൻ സന്നദ്ധമാണെന്ന് ഭൂമിയിൽ ഇറങ്ങിയശേഷം നടത്തിയ ആദ്യ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.
English Summary: UAE Astronaut Sultan Alneyadi returns UAE after historic space mission