ADVERTISEMENT

അബുദാബി ∙ ശമ്പളം ലഭിക്കാൻ 10 ദിവസം കൂടി കാത്തിരിക്കേണ്ടതിനാൽ രൂപയുടെ ഇടിവ് നേട്ടമാക്കാനാകാതെ പ്രവാസികൾ. ഒരു ദിർഹത്തിന് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക് 22 രൂപ 57 പൈസ. ഒരു ദിർഹത്തിന് 23 രൂപ സ്വപ്നം കണ്ട് കാത്തിരിക്കുന്നവരും ഏറെ. ഇതേസമയം സ്വരുക്കൂട്ടിവച്ച തുകയും വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും നാട്ടിലേക്കു പണം അയയ്ക്കുന്നവർ ഉണ്ടെങ്കിലും പരിമിതമാണെന്ന് വിവിധ ധനവിനിമയ സ്ഥാപനങ്ങൾ പറഞ്ഞു. നിരക്ക് ഇതുപോലെ മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്ക് 30% വരെ വർധിക്കാമെന്നും സൂചിപ്പിച്ചു.

എണ്ണവില വർധനയും ഡോളർ ശക്തിപ്രാപിക്കുന്നതും തുടരുന്നതിനാൽ രൂപ ഇനിയും തകരാൻ സാധ്യതയുണ്ടെന്നും അൽപംകൂടി കാത്തിരുന്നാൽ മികച്ച നിരക്ക് ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചു. എന്നാൽ വായ്പയെടുത്തോ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചോ അയയ്ക്കുന്നത് ഗുണകരമല്ലെന്നും വ്യക്തമാക്കി. സൗദിയും റഷ്യയും എണ്ണ ഉൽപാദനം കുറച്ചതാണ് വിപണിയിൽ എണ്ണ വില വർധനയ്ക്കു കാരണം. വരും ദിവസങ്ങളിൽ ബാരലിന് 100 ഡോളർ കടക്കാൻ സാധ്യതയുണ്ട്.

യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്നതും വിപണിയിൽ രൂപയ്ക്ക് വിനയായി. വിപണിയിലെ ചലനമനുസരിച്ച് ഈ ആഴ്ച രൂപയുടെ സ്ഥിതി ദയനീയമായി തുടരുമെന്നാണ് സൂചന.രാജ്യാന്തര വിപണിയിൽ ബാരലിന് ഒരു ഡോളർ കൂടിയാൽ എണ്ണ വാങ്ങാനായി 8300 കോടി രൂപ ഇന്ത്യ അധികം നൽകണം. ഭൂരിഭാഗം രാജ്യങ്ങളുമായുള്ള ഇടപാട് ഡോളറിലാണ്. യുഎഇയുമായി ഇന്ത്യ കരാർ ഉണ്ടാക്കിയതുപോലെ 22 രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാരം രൂപയിലാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കരാർ നിലവിൽ വരാൻ കാലതാമസം എടുക്കുമെങ്കിലും  യാഥാർഥ്യമായാൽ മൂല്യത്തകർച്ച ഒരുപരിധിവരെ പിടിച്ചുനിർത്താം. രൂപയുടെ മൂല്യം തകരുമ്പോൾ ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിക്കുന്നതും തിരിച്ചടിയാണ്. എങ്കിലും 2024ൽ രൂപ കരുത്താർജിക്കുമെന്നാണ് വിലയിരുത്തൽ.

English Summary: Expatriates unable to take advantage of falling rupee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com