ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ
Mail This Article
മസ്കത്ത്∙ ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.
നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. ടിക്കറ്റ് റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്.
മസ്കത്തില് നിന്ന് തിരുവനന്തപുരം, ലക്ക്നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍. ചില കണക്ഷന് സര്‍വീസുകളും നടത്തിവരുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സെക്ടറുകളില്‍ ടിക്കറ്റിംഗ് ബുക്കിങ് നടക്കുന്നില്ല. സലാം എയര്‍ അടുത്തിടെ പ്രഖ്യാപിച്ച ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ പെടുന്നു.
അതേസമയം, എത്ര കാലത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്. സര്‍വീസുകള്‍ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകും. നിരവധി പേരാണ് സലാം എയറിനെ ആശ്രയിച്ചിരുന്നതെന്നും അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്ന മുഴുവന്‍ ആളുകള്‍ക്കും ടിക്കറ്റുകള്‍ റീ ഫണ്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.
English Summary: Oman's budget airline has completely canceled services to India