പകർച്ചപ്പനി പ്രതിരോധം: യുഎഇയിൽ എല്ലാ വിഭാഗക്കാർക്കും വാക്സീൻ ഉറപ്പാക്കും
Mail This Article
അബുദാബി ∙ പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലൂവൻസ–ഫ്ലൂ) ബോധവൽകരണ ക്യാംപെയ്നുമായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. 'സ്വയം സുരക്ഷിതരാകൂ, നിങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കൂ' എന്ന പ്രമേയത്തിലാണ് പരിപാടികൾ. കാലാവസ്ഥാ മാറ്റത്തോടെ എത്തുന്ന പകർച്ചപ്പനിക്കെതിരെ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കാനാണ് ആഹ്വാനം. ഇതുസംബന്ധിച്ച് ആരോഗ്യപ്രവർത്തകരെയും ബോധവൽകരിച്ചുതുടങ്ങി.
ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, 5 വയസ്സിനു താഴെയുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് വാക്സീൻ വിതരണത്തിൽ മുൻഗണന. ഇതുസംബന്ധിച്ച് പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്യാംപെയ്ൻ നടത്തുമെന്ന് പൊതുജനാരോഗ്യ മേഖലാ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡ് പറഞ്ഞു. ആരോഗ്യകരമായ സമൂഹത്തിനുവേണ്ടിയാണ് നടപടി.
ക്യാംപെയ്ൻ രാജ്യവ്യാപകമായി നടപ്പാക്കും. ഇൻഫ്ലൂവൻസയുടെ പ്രത്യാഘാതം കുറയ്ക്കുകയാണ് ലക്ഷ്യം. എല്ലാ വിഭാഗക്കാർക്കും വാക്‌സീൻ ഉറപ്പാക്കുമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ സാംക്രമിക രോഗ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. പ്രതിരോധ ശേഷി വീണ്ടെടുക്കാൻ 2 ആഴ്ച എടുക്കുമെന്നതിനാൽ എത്രയും വേഗം വാക്സീൻ എടുക്കണമെന്നും ആവശ്യപ്പെട്ടു.
English Summary: UAE launches national seasonal flu awareness campaign.