വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യാ എക്സ്പ്രസ്
Mail This Article
ദുബായ് ∙ മംഗളൂരു–ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന്(വെള്ളി) രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 544 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ചെക്ക് ഇൻ സമയത്തിന് തുടങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം വൈകുമെന്ന കാര്യം യാത്രക്കാർ അറിയുന്നത്. ഇതോടെ ഇരുനൂറിലേറെ യാത്രക്കാരാണ് ദുരിതത്തിലായത്. തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ ദുബായിലെത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം പുലർച്ചെ അഞ്ചുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് ദുബായ് വിമാനത്താവളത്തിന്റെ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രയ്ക്കായി നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വിമാനത്താവളത്തിൽ തന്നെ ഇരിക്കുകയാണ്. ബന്ധുക്കളുടെ മരണം, വിവാഹം പോലുള്ള അടിയന്തര കാര്യങ്ങൾക്കായി നാട്ടിലേക്കു തിരിച്ചവരും ചുരുങ്ങിയ ദിവസത്തെ അവധിക്ക് പുറപ്പെട്ടവരും കൂട്ടത്തിലുണ്ട്. ഇവരെല്ലാം എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഇവര്‍ക്ക് രാത്രി ഭക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ രാത്രി 11.05ന് മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പുറപ്പെടണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് മൂന്നു മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനകത്ത് ഇരുത്തിയ ശേഷം പുലർച്ചെ 1.45നായിരുന്നു പറന്നുയർന്നത്.
English Summary: Air india express flight delayed