നൂതന സംരംഭങ്ങളുമായി ദുബായ് 10 എക്സ് നാല് മേഖലകളിലെ പുതിയ പദ്ധതികൾക്ക് അംഗീകാരം
Mail This Article
ദുബായ് ∙ വെല്ലുവിളികളെ നേരിട്ട് പുതിയ അവസരങ്ങൾ നേടി നൂതന പദ്ധതികളും സംരംഭങ്ങളും സൃഷ്ടിക്കുന്ന ദുബായ് 10 എക്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പദ്ധതിയിൽ ഗതാഗതം, വ്യോമയാനം, നഗരാസൂത്രണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ പുതിയ പദ്ധതികൾക്കാണ് അംഗീകാരമായത്.
ഭാവി ദുബായുടെ പാത മെച്ചപ്പെടുത്താൻ സമഗ്ര പരിവർത്തന പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഇതിലൂടെ താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമം വർധിപ്പിക്കും. ആരോഗ്യവും ജീവിത നിലവാരവും ഉയർത്തും. എമിറേറ്റിലെ ഗതാഗതവും വിമാന യാത്രാനുഭവവും മെച്ചപ്പെടുത്തും. ആരോഗ്യ സംരക്ഷണ സംവിധാനം ശക്തമാക്കും.
സർക്കാർ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കും. നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്നതിൽ ദുബായുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഇവയെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. വൈവിധ്യമാർന്ന ദേശീയ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി അംഗീകൃത പദ്ധതികൾ നടപ്പിലാക്കാൻ ഷെയ്ഖ് ഹംദാൻ സർക്കാർ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. 2017ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് 10 എക്സ് പദ്ധതി എമിറേറ്റിന്റെ വികസനത്തിനു നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇത് ആഗോള കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും സഹായകമായി.
English Summary: Sheikh Hamdan approves the 3rd phase of the Dubai 10X project.