ADVERTISEMENT

ദോഹ∙ ജനീവ രാജ്യാന്തര മോട്ടർ ഷോയുടെ (ജിംസ് ഖത്തർ) ഭാഗമായി സീലൈനിൽ വിഖ്യാത ഓട്ടമൊബീൽ ബ്രാൻഡുകളുടെ ഓഫ് റോഡ് പ്രകടനം ആസ്വദിക്കാം. ആരാധകർക്ക് ആവേശമാകാൻ സീലൈൻ അഡ്വഞ്ചർ ഹബ്ബ് ഒരുങ്ങി. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അടുത്തമാസം 7 മുതൽ 13 വരെയാണ് സീലൈൻ അഡ്വഞ്ചർ ഹബ് പ്രവർത്തിക്കുക. ഒക്ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന ജനീവ രാജ്യാന്തര മോട്ടർ ഷോയോട് അനുബന്ധിച്ച് ഖത്തർ ടൂറിസം ഒരുക്കിയിരിക്കുന്ന സീ ലൈൻ അഡ്വഞ്ചർ ഹബ്ബിലാണ് ലോകോത്തര വാഹന ബ്രാൻഡുകളുടെ പ്രകടനം അരങ്ങേറുക.

പുത്തൻ കാറുകളുടെ ശേഖരവുമായി കാർ ഗാലറി, ഓഫ് റോഡ് കാറുകളുടെ ഔട്ഡോർ പ്രദർശനം തുടങ്ങി ഓട്ടമോട്ടീവ് മേള തന്നെയാണ് അഡ്വഞ്ചർ ഹബ്ബിൽ ഒരുക്കുന്നത്. ഉച്ചയ്ക്ക് 3 മുതൽ കാർ പ്രദർശനം, ഒട്ടക സവാരി, ഫാൽക്കണറി, ഖ്വാദ് ബൈക്ക് സവാരി, സാൻഡ് ബോർഡിങ്, ഓപ്പറേറ്റിങ്  റിമോട്ട് കൺട്രോൾ കാറുകൾ ഓടിക്കൽ, ഡ്യൂൺ ബാഷിങ് തുടങ്ങിയവ അരങ്ങേറും. അഞ്ചു മണിയോടെ പരമ്പരാഗത ക്യാംപിലെ തൽസമയ കുക്കിങ് സ്റ്റേഷനിൽ  ബാർബിക്യൂ രുചിക്കാം. അത്താഴത്തിനിടെ ലൈവ് സംഗീത പരിപാടികളും ആസ്വദിക്കാം. ജനീവ മോട്ടർ ഷോയുടെ വേദിയായ ഡിഇസിസിയിലേക്ക് രാത്രി  8ന് വാഹന സൗകര്യവുമുണ്ടാകും. 

ജിംസ് ഖത്തറിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലൊന്നാണ് സീലൈൻ അഡ്വഞ്ചർ ഹബ്. ലുസെയ്ൽ ബൊളെവാർഡിൽ വാഹന പരേഡ്, ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ സവാരി തുടങ്ങി വിവിധ പരിപാടികളാണ് അരങ്ങേറുക.

 30 മുൻനിര ഓട്ടമോട്ടീവ് ബ്രാൻഡുകൾ അണിനിരക്കുന്ന ജനീവ മോട്ടർ ഷോയിൽ 10 പ്രീമിയർ കാറുകളുടെ അവതരണം ആണ് പ്രധാന ആകർഷണം. ഖത്തർ ടൂറിസത്തിന്റെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന സുപ്രധാന ഇവന്റുകളിലൊന്നാണ് ജനീവ മോട്ടർ ഷോ.

∙ ആരാധകർക്കായി 3 തരം പാക്കേജ്

5 മണിക്കൂർ നീളുന്ന പരിപാടികളിലേക്ക് ടിക്കറ്റ് മൂലമാണ് പ്രവേശനം. സ്റ്റാൻഡേർഡ് വിഭാഗം ടിക്കറ്റിൽ പ്രവേശനം, അത്താഴം എന്നിവക്ക് പുറമെ വിവിധ പരിപാടികൾ ആസ്വദിക്കാം. പ്രീമിയം ടിക്കറ്റിൽ ഡ്യൂൺ ബാഷിങ്, ഡിഇസിസിയിൽ നിന്നും തിരിച്ചുമുള്ള വാഹന സൗകര്യം എന്നിവ കൂടി ഉൾപ്പെടും. അക്കോമൊഡേഷൻ പാക്കേജ് ആണ് എടുക്കുന്നതെങ്കിൽ ഔട്പോസ്റ്റ് അൽ ബരാരി ലക്ഷ്വറി വില്ലകളിലൊന്നിൽ ഒരു രാത്രി താമസവും ലഭിക്കും. വെർജിൻ മെഗാസ്റ്റോറിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. 

English Summary: Qatar Tourism Reveals Activities of Sealine Adventure Hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com