ഉദ്ഘാടനത്തിന് മുൻപേ ഗിന്നസ് നേട്ടം; ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂര കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
Mail This Article
ദോഹ∙ ഉദ്ഘാടനത്തിന് ഒരു ദിനം മുൻപേ ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി എക്‌സ്‌പോ 2023 ദോഹ കെട്ടിടം.അൽബിദ പാർക്കിൽ 4,031 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച എക്‌സ്‌പോയുടെ പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ മേൽക്കൂരയ്ക്കാണ് ലോക റെക്കോർഡ് ലഭിച്ചത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ആണ് കെട്ടിടം നിർമിച്ചത്. അഷ്ഗാലിന്റെ ലോക റെക്കോർഡുകളിൽ ആറാമത്തേതാണിത്. ഉയർന്ന നിലവാരത്തിലാണ് എക്‌സ്‌പോയുടെ പ്രധാന കെട്ടിടം നിർമിച്ചത്. മേൽക്കൂരയിൽ പെനിസെറ്റം, ഡഹലിയ എന്നീ ചെടികൾ നട്ടുപിടിപ്പിച്ചതിനൊപ്പം പച്ചപ്പുല്ലും പിടിപ്പിച്ചു.
സന്ദർശകർക്ക് പ്രകൃതിയുമായി സംവദിക്കാൻ കഴിയത്തക്ക വിധത്തിലുള്ളതും ഖത്തറിന്റെ സവിശേഷ ഘടകങ്ങൾ കോർത്തിണക്കിയുള്ള ആധുനിക നഗര നിർമാണവും ഉറപ്പാക്കിയാണ് ഡിസൈൻ. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നീളുന്ന എക്‌സ്‌പോയിൽ 88 രാജ്യങ്ങളുടെ പവിലിയനുകളുണ്ടാകും. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ നടത്തുന്നത്.
English Summary: Expo Doha building sets Guinness World Record for largest green roof.