ADVERTISEMENT

ദുബായ് ∙ ‘‘പലതവണ അദ്ദേഹത്തെ ഫോണിൽ  വിളിച്ചു. മറുപടിയില്ല. ഒടുവിൽ ഞങ്ങൾ വീട്ടിലേക്ക് ചെന്നു. ഡമസ്കസിലെ ആ വസതിയിലെ സോഫയിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായാണ്   കണ്ടത് ’’– കവി, എഴുത്തുകാരൻ ,നോവലിസ്റ്റ് എന്നീ നിലകളിൽ  നിറഞ്ഞു നിന്ന  സിറിയൻ സാഹിത്യകാരൻ ഖാലിദ് ഖലീഫയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ  സുഹൃത്തും പത്രപ്രവർത്തകനുമായ യഅറബ് അൽ അബസിയുടെ വാക്കുകളാണിത്.

 

1964ൽ  ഹലബിൽ (അലപ്പോ )  ജനിച്ച ഖാലിദിന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നു. ആരും സഹായത്തിനില്ലാത്ത വീട്ടിൽ മരണമാണ് ശനിയാഴ്ച ഖാലിദിന് കൂട്ടിരുന്നത്. ശ്രദ്ധേയമായ  കൃതികൾ കൊണ്ട് വായനക്കാരുടെ ഹൃദയം കവർന്ന ഖാലിദിന്റെ 2016 ൽ   ഇറങ്ങിയ നോവൽ ' മരണം കഠിനമായ പ്രവൃത്തി' എന്നാണ്. 59 -ാം വയസ്സിൽ കഠിനമായ മരണം മുന്നറിയിപ്പില്ലാതെ  കടന്നു കയറുമ്പോൾ ഖാലിദ് തന്റെ പുസ്തകലോകത്ത് തനിച്ചായിരുന്നു.  അദ്ദേഹത്തിന്റെ വിയോഗ വാർത്ത  അറബ് സാഹിത്യ ലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

 

മരണാസന്നനായ പിതാവ് തന്റെ മൃതദേഹം അടക്കം ചെയ്യാൻ ആഗ്രഹിക്കുന്ന  ഇടം മകന് വിൽപ്പത്രമായി നൽകുന്നതോടെയാണ് ' മരണം കഠിനമായ പ്രവൃത്തി' എന്ന നോവൽ  വികസിക്കുന്നത്. മൈനുകൾ നട്ടുപിടിപ്പിച്ച  സിറിയൻ മണ്ണിൽ മരണം ഒളിഞ്ഞു കിടക്കുകയാണ്. ഐഡന്റിറ്റി പരിശോധിക്കാതെ മൃതദേഹങ്ങൾ കുഴിമാടങ്ങളിൽ കൂട്ടമായി  അടക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ  പ്രഖ്യാപനമാണ് ഓരോ  മറമാടൽ കർമവുമെന്ന്‌ നോവൽ സൂചിപ്പിക്കുന്നു. നോവലിലെ പിതാവ് അബ്ദുൽ ലത്തീഫിന്റെ ചേതനയറ്റ ശരീരം പലപ്പോഴും സങ്കടത്തിന്റെ പ്രതീകമാകുന്നുണ്ട്. മരണവും ശവപ്പെട്ടിയും കുഴിമാടവും  വായനക്കാരനിൽ ഭീതിയുടെ വൈദ്യുതതരംഗമാണ് പ്രവഹിപ്പിക്കുന്നത്. എല്ലാ ഭാഗത്ത് നിന്നും മരണം ചീറി വരുന്ന സിറിയയിൽ മരണത്തേക്കാൾ ശക്തമായ മറ്റൊന്നില്ലെന്ന് തെളിയിക്കുന്നതാണ്  രചനകൾ.

 

ഇറങ്ങിയ പുസ്തകങ്ങളിലെല്ലാം മരണത്തിന്റെ   മണവും നോവുമുണ്ട്. മൃത്യു  സിറിയൻ  ജനങ്ങൾക്കിടയിൽ ന്യായമായി വിതരണം ചെയ്യുന്ന  വസ്തുതയായി മാറിയിരിക്കുന്നു.  അതിശയിക്കാനാകാത്ത വിധം ദൈനംദിന ഭോജനത്തിനുള്ള  റൊട്ടി പോലെ മരണം  വേഷം മാറി.  സാമൂഹിക, രാഷ്ടീയ പരിസരങ്ങളിൽ നിന്നുയർന്ന ഒരു നോവൽ. ഖാലിദിന്റെ അന്ത്യത്തിലും ചേർന്നു നിന്നതു യാദൃച്ഛികതയാകാം. 

Also Read: നിരത്തുകൾ കീഴടക്കാൻ യുവരാജാക്കന്മാർ; അപൂർവ ആഡംബര കാറുകളുടെ പ്രദർശനത്തിന് ഇനി മൂന്ന് നാൾ മാത്രം

 

 

2019 ൽ പ്രസിദ്ധീകരിച്ച 'അവർക്ക് വേണ്ടി ആരും പ്രാർഥിച്ചില്ല ' എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആറു ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട 'വെറുപ്പിന്റെ സ്തുതി' എന്ന പുസ്തകം 2008ൽ അറബ് നോവലുകൾക്കുള്ള രാജ്യാന്തര പുരസ്കാര പട്ടികയിൽ ഇടം പിടിച്ചിരുന്നു. വിവർത്തനങ്ങളാണ് ലോക സാഹിത്യത്തിലേക്ക് ഖാലിദിനു വാതിൽ തുറന്നത്. 'ഈ നഗരത്തിലെ അടുക്കളകളിൽ  കത്തികളില്ല ' എന്നത് വെറുമൊരു നോവലല്ല. അര നൂറ്റാണ്ടിനിടെ ജന്മനാട്ടിലുണ്ടായ ഭീതിയുടെയും ധ്രുവീകരണത്തിന്റെയും അടരുകളിലേക്കുള്ള ആഴത്തിലുള്ള അന്വേഷണമാണ്. ദു:ഖം, ഭയം, മരണം എന്നിവ ഇതിവൃത്തമാക്കി, സ്വപ്നങ്ങൾ മരവിച്ച ജനതയുടെയും അതിനു നിദാനമായ ശക്തികളെയും  തുറന്നു കാട്ടുന്നതാണ് സർഗസൃഷ്ടികൾ.  അലപ്പോ എന്റെ ഹൃദയരക്തത്തിൽ അലിഞ്ഞ നഗരം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു കൊണ്ട് ആഭ്യന്തര യുദ്ധകാലത്തും സ്വദേശത്ത് തങ്ങിയ അപൂർവം എഴുത്തുകാരിൽ ഒരാളായിരുന്നു  ഖാലിദ് ഖലീഫ.

 

English Summary: Celebrated Syrian Author Khaled Khalifa Dead at 59

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com