ദോഹ എക്‌സ്‌പോയ്ക്ക് തുടക്കമായി; ഇന്ന് മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം
Mail This Article
ദോഹ∙ മിന മേഖലയിലെ പ്രഥമ രാജ്യാന്തര ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോയ്ക്ക് അല്‍ബിദ പാര്‍ക്കില്‍ തുടക്കമായി. ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ദോഹ 2023 എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ പ്രവേശിക്കാം.
ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് അല്‍ബിദ പാര്‍ക്കില്‍ എക്‌സ്‌പോയ്ക്ക് തുടക്കമായത്. ഉദ്ഘാടനത്തിന്റെ ഭാഗമായി അമീറും അതിഥികളും ചേര്‍ന്ന് ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിആ അല്‍ സുഡാനി തുടങ്ങി നിരവധി ലോക നേതാക്കള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും പങ്കെടുത്തു. അമീറും അതിഥികളും എക്‌സ്‌പോയിലെ പവിലിയനുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു തിരികെ മടങ്ങിയത്. ഇന്ത്യ ഉള്‍പ്പെടെ 88 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയിലേക്ക് 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ.
English Summary: Doha Expo kicks off; Public can enter from today