വിസ്മയക്കാഴ്ചകളുമായി ജനീവ മോട്ടർ ഷോ; ബൊളെവാർഡിൽ നാളെ മുതൽ ആഘോഷം
Mail This Article
ദോഹ∙ ഖത്തറിന്റെ പ്രധാന വിനോദ ഇടമായി മാറിയ ലുസെയ്ൽ ബൊളെവാർഡിൽ നാളെ മുതൽ ആഘോഷ രാവ്. ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയുടെ ഭാഗമായുള്ള വിസ്മയിപ്പിക്കും കാഴ്ചകൾ 3 ദിവസം നീളും. ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയുടെ ഖത്തറിലെ ആതിഥേയത്വം ആഘോഷമാക്കുകയാണ് ഖത്തർ ടൂറിസം.
മോട്ടർ ഷോ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ സന്ദർശകർക്കായി ഡ്രീം കാറുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനവും തൽസമയ വിനോദ പരിപാടികളുമാണ് 12, 13, 14 തീയതികളിൽ ബൊളെവാർഡിൽ അരങ്ങേറുക. 3 ദിനങ്ങളിലും വൈകിട്ട് 5 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. ജനീവ മോട്ടർ ഷോയുടെ ആവേശവും ഊർജവുമാണ് ബൊളെവാർഡ് കാഴ്ചകളിലൂടെ പ്രതിഫലിക്കുക. 12ന് വൈകിട്ട് 7ന് പരേഡ് ഓഫ് എക്സലൻസ് എന്ന തലക്കെട്ടിൽ 1.3 കിലോമീറ്റർ പാതയിൽ 2 മണിക്കൂർ നീളുന്ന 100 ഡ്രീം കാറുകളുടെ പരേഡാണ് പ്രധാന ആകർഷണം. സീലൈൻ സർക്യൂട്ട് സ്പോർട്സ് ക്ലബ്ബുമായി (മവാതർ) സഹകരിച്ചാണിത്. പുത്തൻ മോഡൽ കാറുകൾ, സൂപ്പർ കാറുകൾ, ക്ലാസിക് കാറുകൾ, മ്യൂസിയങ്ങളിലെ ശേഖരത്തിലുള്ള കാറുകൾ എന്നിവയാണ് പരേഡിൽ അണിനിരക്കുക.
വാഹന പരേഡിന് പുറമെ ലുസെയ്ൽ പ്ലാസ ടവറിൽ ലോകപ്രശസ്ത ഗായകരുടെ സംഗീതം, ഡിജെ, പിറ്റ് ക്രൂ ചാലഞ്ച്, കാർ ഡൂഡിൾ എക്പീരിയൻസ്, ബൈക്ക് സർക്യൂട്ട് ഗെയിം എന്നിവയും ആസ്വദിക്കാം. ഭക്ഷണ-പാനീയ ശാലകളും റീട്ടെയ്ൽ ഷോപ്പുകളും ഇവിടെ സജീവമാണ്. ജനീവ മോട്ടർ ഷോ 14ന് സമാപിക്കും. 30 ലോകോത്തര ഓട്ടമോട്ടീവ് ബ്രാൻഡുകളുടെ പങ്കാളിത്തത്തിൽ നടക്കുന്ന ഷോയിൽ 10 വേൾഡ് പ്രീമിയർ കാറുകളും 20 റീജനൽ പ്രീമിയറുകളുമാണ് അവതരിപ്പിക്കുന്നത്.