ADVERTISEMENT

ദോഹ∙ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിലെ (ജിംസ് ഖത്തർ) വിസ്മയ കാഴ്ചകൾ അവസാനിക്കാൻ ഇനി 2 നാൾ കൂടി. 10 ദിവസം നീണ്ട മോട്ടർ ഷോ 14ന് സമാപിക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിച്ച ദിവസം മുതൽ പ്രാദേശിക, മേഖലാ, രാജ്യാന്തര വാഹന പ്രേമികളാണ് എക്‌സിബിഷൻ സെന്ററിലേക്ക് എത്തുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയിലും സെൻസറുകളാൽ പ്രവർത്തിക്കുന്നതും അടിമുടി വിസ്മയം ജനിപ്പിക്കുന്ന ആഡംബര, സ്‌പോർട്‌സ്, എക്‌സോട്ടിക്‌, ക്ലാസിക് കാറുകളുടെയും ഇലക്ട്രിക് കാറുകളുടെയെല്ലാം പുത്തൻ മോഡലുകളാണ് പ്രദർശനത്തിലുള്ളത്. 

ഡൈകാസ്റ്റ് ലാൻഡ് ബൂത്തിൽ പ്രദർശിപ്പിച്ച ലോകോത്തര വാഹന ബ്രാൻഡുകളായ റോൾസ് റോയിസ്, ലാൻഡ് ക്രൂസർ എന്നിവയുടേത് ഉൾപ്പെടെയുള്ള സ്‌കെയിൽ ഡൗൺ പതിപ്പുകളുടെ ശേഖരവും സന്ദർശകരെ വിസ്മയിപ്പിക്കുന്നു. ഒറിജിനൽ കാറുകളുടെ എൻജിൻ, ഇന്റീരിയർ ഉൾപ്പെടെ അതേ സാമഗ്രികൾ ഉപയോഗിച്ച് കാർ നിർമാതാക്കൾ തന്നെയാണ് സ്‌കെയിൽ ഡൗൺ എഡിഷനുകൾ നിർമിക്കുന്നത്. ഒറിജിനൽ കാറുകളുടെ ഒറിജിനൽ മിനിയേച്ചറുകളാണിത്. റോൾസ് റോയിസിന്റെ പുത്തൻ മോഡൽ കുല്ലിനൻ വരെ ഇവിടെയുണ്ട്. റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് അൽ നാജറിന്റെ ശേഖരത്തിലെ കാറുകളാണിവ.  250 മുതൽ 1,00,000 റിയാൽ വരെ വില വരുന്നവയാണ് അൽ നാജറിന്റെ ശേഖരത്തിലുള്ളത്. ഏകദേശം 3,000 സ്‌കെയിൽ ഡൗൺ മോഡൽ കാറുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. 

പ്രീമിയർ വിഭാഗത്തിലെ സിൽക് സ്‌പോർട്‌സ് ബൂത്തിലെ കാറുകളിലൊന്ന്.
പ്രീമിയർ വിഭാഗത്തിലെ സിൽക് സ്‌പോർട്‌സ് ബൂത്തിലെ കാറുകളിലൊന്ന്.

ക്ലാസിക് ഗാലറിയിലെ അപൂർവ മോഡൽ കാറുകൾ കാണാനും തിരക്കാണ്. ആഡംബര മോഡലുകൾക്കും വൈവിധ്യമായ റേസ് കാറുകൾക്കും പുറമെ ജനീവ മോട്ടർ ഷോ സംഘം ജനീവയിൽ നിന്ന് ദോഹ വരെ ഓടിച്ചെത്തിയ 2 ഫോക്സ് വാഗൻ ഐഡി ബുസ് ഇ– വാനുകളാണ് മറ്റൊരു ആകർഷണം. 34 ദിവസം കൊണ്ട് 12 രാജ്യങ്ങളിലൂടെയാണ് 2 വാഹനങ്ങളിലായി അഞ്ചംഗ സംഘം ദോഹയിലെത്തിയത്. റേസ് കാറുകളുടെ അസ്സൽ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. ടൊയോട്ട, പോർഷെ, റോൾസ് റോയിസ്, ഫോക്‌സ് വാഗൻ, ലംബോർഗിനി, കിയ, ഓഡി, മെഴ്‌സിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ചെറി തുടങ്ങി 30 ലോകോത്തര ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. മോട്ടർ ഷോയുടെ ഭാഗമായി ലുസെയ്ൽ ബൊളെവാർഡിൽ ഇന്ന് മുതൽ 3 ദിവസം വാഹന പരേഡുകളും വിനോദപരിപാടികളും സജീവമാകും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10വരെയാണ് പ്രവേശനം. ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയും. വാരാന്ത്യത്തിൽ 50 റിയാലാണ് പ്രവേശന ഫീസ്. 

English Summary:

Geneva International Motor Show - Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com