ADVERTISEMENT

ദോഹ∙ സന്ദർശകർക്ക് വർണാഭമായ കാഴ്ച വിരുന്നൊരുക്കി ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ  പരേഡ്. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ വ്യാഴാഴ്ച രാത്രി 100 അപൂർവ മോഡൽ ആഡംബര ഡ്രീം കാറുകൾ നിരന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കാഴ്ചാനുഭവം സന്ദർശകർക്ക്. ആദ്യമായി അത്യാഡംബര കാറുകൾ കൺമുൻപിൽ കണ്ടതിന്റെ അത്ഭുതത്തിലായിരുന്നു സന്ദർശകർ. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ(ജിംസ് ഖത്തർ)യുടെ ഭാഗമായാണ് ബൗളെവാർഡിൽ 'പരേഡ് ഓഫ് എക്‌സലൻസ്' എന്ന പേരിൽ വാഹന പരേഡ് അരങ്ങേറിയത്. 

ഓട്ടമോട്ടീവ് സംസ്‌കാരത്തിന്റെ ആഘോഷമെന്ന നിലയിൽ ബൗളെവാർഡിൽ തടിച്ചു കൂടിയ സന്ദർശകർക്ക് മികച്ച  ദൃശ്യവിരുന്നൊരുക്കിയാണ് പരേഡ് സമാപിച്ചത്. 1964 ലെ ഫോർഡ് ചെവി, ഡോഡ്ജ് ചാർജർ ആർ/ടി, സ്ലീക്ക് ടയോട്ട എംആർ2, മസ്താങ് ഷെൽബി ജിടി 500, മസ്‌ക്കുലർ ഫോർഡ് മസ്താങ്, ഷെവർലെ കോർവെറ്റെ സി2, ഡറ്റ്‌സൺ ജിടി 240കെ, ക്ലാസിക് 1964 മെഴ്‌സിഡസ് ബെൻസ് എസ്ആർ4 തുടങ്ങി കട്ടിങ്-എഡ്ജ് മോഡൽ മുതൽ ക്ലാസിക് കാറുകളും മ്യൂസിയങ്ങളിൽ ഇടം നേടിയ അപൂർവ മോഡലുകളും പരേഡിൽ അണിനിരന്നു.

സീലൈൻ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്ബും (മവാതർ) എലൈറ്റ് സൂപ്പർകാർസും ചേർന്നാണ് ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തോടെ പരേഡ് സംഘടിപ്പിച്ചത്. ജിംസ് ഖത്തറിന്റെ ഭാഗമായി ലുസെയ്ൽ ബൗളെവാർഡിൽ വാഹന പരേഡിന് പുറമേ സംഗീത പരിപാടികളും ഡിജെയും വിനോദ പരിപാടികളും നടക്കുന്നുണ്ട്. ഇവിടുത്തെ ഓട്ടോ-ലൈഫ് വില്ലേജിൽ സന്ദർശകർക്കായി കുടുംബ സൗഹൃദ പരിപാടികൾ ഉൾപ്പെടെയാണ് നടക്കുന്നത്. വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെയാണ് പരിപാടികൾ. ബൗളെവാർഡിലെ 3 ദിവസത്തെ ആഘോഷപരിപാടികൾ ഇന്ന് രാത്രിയോടെ സമാപിക്കും.

English Summary:

Geneva International Motor Show - Parade of Excellence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com