സന്ദർശകരുടെ മനം കവർന്ന് പൈതൃക ചുമർ ചിത്രങ്ങൾ
Mail This Article
ദോഹ∙ ദോഹ എക്‌സ്‌പോയിൽ ഖത്തറിന്റെ സമ്പന്നമായ പൈതൃകവും മനോഹരമായ പരിസ്ഥിതിയും വരച്ചുകാട്ടിയുള്ള ചുമർചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അൽബിദ പാർക്കിൽ നടക്കുന്ന രാജ്യാന്തര ഹോർട്ടി കൾചറൽ എക്‌സ്‌പോയിലാണ് കലാകാരന്മാരുടെ ചുമർചിത്ര കല കയ്യടി നേടുന്നത്. ഖത്തർ മ്യൂസിയം, വയോധിക പരിചരണ കേന്ദ്രമായ എഹ്‌സാൻ എന്നിവയുമായി സഹകരിച്ച് അബ്ദുൽറഹ്‌മാൻ അൽ മുത്തവ, മുബാറക് അൽ മാലിക് എന്നീ കലാകാരന്മാരാണ് ചുമർ ചിത്രരചനകളിലൂടെ സന്ദർശകരുടെ മനം കവരുന്നത്.
ഖത്തറിന്റെ പൈതൃകം, സംസ്‌കാരം, പ്രാദേശിക പരിസ്ഥിതി, മുത്തുവാരൽ, കുടുംബത്തിന്റെ പ്രാധാന്യം പുരാതന വാസ്തുശൈലി, ആധുനിക കെട്ടിടങ്ങൾ തുടങ്ങിയവയാണ് ചിത്രരചനയിലെ വിഷയങ്ങൾ. പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ഈന്തപ്പന പോലുള്ള മരങ്ങളും ഇടം നേടിയിട്ടുണ്ട്. സന്ദർശകർക്ക് ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്തുക കൂടിയാണ് ചുമർ ചിത്ര രചനയിലൂടെ ലക്ഷ്യമിടുന്നത്. ദോഹ എക്‌സ്‌പോയിൽ ഖത്തർ മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളും പ്രദർശനങ്ങളും നടക്കുന്നുണ്ട്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിൽ 2024 മാർച്ച് 28 വരെയാണ് ദോഹ എക്‌സ്‌പോ നടക്കുന്നത്.