ADVERTISEMENT

ദമാം ∙ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന അലച്ചിലിനും പരീക്ഷണങ്ങൾക്കും ഒടുവിലാണ് തമിഴ്നാട് കള്ളക്കുറിച്ചി മേളപ്പാട്ട് കോളനി സ്വദേശി ഗോവിന്ദൻ നാട്ടിലേക്ക് മടങ്ങുന്നത്. പ്രിയപ്പെട്ടവർക്കും കുടുംബത്തിനുമായി സ്വയം എരിച്ചുകളയുന്ന അനേകം പ്രവാസ ജീവിതങ്ങളുടെ പ്രതീകമാണ് ഈ 63 കാരൻ.‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയാലും, വീണ്ടും മറ്റൊരു വീസയിൽ മടങ്ങി വരുന്ന കാഴ്ചകൾ പ്രവാസലോകത്ത് പതിവുള്ളതാണ്. ഗോവിന്ദന്റെ പ്രവാസ ജീവിതവും അത്തരത്തിലായിരുന്നു. ഇനി വരില്ലെന്ന് ഉറപ്പിച്ചു നാട്ടിലേക്ക് മടങ്ങിയിട്ടും തിരികെ വരുകയായിരുന്നു.

∙  1993 ലാണ് ആദ്യമായി സൗദിയിലെത്തിയത്

പാരമ്പര്യമായി കിട്ടിയ രണ്ട് ഏക്കറോളം കരിമ്പിൻ തോട്ടം അടക്കമുളള കൃഷിയിടത്തിൽ കൃഷി ചെയ്തു വരികയായിരുന്നു ഗോവിന്ദൻ. മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ചെലവുകൾ വർധിച്ചതോടെയാണ് ഗൾഫിലേക്ക് പോകാൻ തീരുമാനമെടുക്കുന്നത്. നാട്ടിലുള്ള ട്രാവൽ ഏജൻസി വഴി വീസ തരപ്പെടുത്തി. കൃഷിപ്പണി അറിയാവുന്നതിനാൽ സൗദിയിൽ കൃഷിപ്പണിക്കാരനായി തൊഴിലെടുത്ത് നല്ല വരുമാനം ലഭിക്കുമെന്നുമുള്ള ഉറപ്പായിരുന്നു അന്ന് ലഭിച്ചത്. അങ്ങനെ ആദ്യമായി 1993 ൽ കുവൈത്ത് അതിർത്തിയോട് ചേർന്നുളള ഫഫർ അൽ ബാത്തീനിൽ എത്തി. മരുപ്രദേശമായ ഇവിടെ ആടിനെ മേയിക്കാനായിരുന്നു ഗോവിന്ദനെ എത്തിച്ചത്. തുച്ഛമായ 500 റിയാൽ ശമ്പളത്തിൽ പത്തുവർഷത്തോളം ജോലിയിൽ തുടർന്നു. പത്തു വർഷത്തിനിടെ ആകെ രണ്ടു പ്രാവശ്യമാണ് നാട്ടിൽ അവധിക്ക് പോയി വന്നത്. പത്തുവർഷം കഴിഞ്ഞ് 2003ൽ പ്രവാസത്തിനും, ഇടയജീവിതത്തിനും വിരാമമിട്ട് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങി. 

ഗോവിന്ദൻ തായിഫിലെ സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയോടൊപ്പം
ഗോവിന്ദൻ തായിഫിലെ സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയോടൊപ്പം

∙ മൂന്ന് വർഷം കഴിഞ്ഞു വീണ്ടും പ്രവാസം

കൃഷിപണിയും വീടുമൊക്കെയായി കഴിഞ്ഞുവെങ്കിലും പ്രാരാബ്ധങ്ങൾ കനത്തതോടെ വീണ്ടും പ്രവാസത്തിലേക്ക് മടങ്ങാൻ ഒരുങ്ങി. അങ്ങനെ 2006 -ൽ തിരികെ സൗദിയിലേക്ക് മടങ്ങി എത്തി. ഇത്തവണ വരവ്  ടൂറിസ്റ്റ് കേന്ദ്രമായ തായിഫിലേക്കായിരുന്നു. തായിഫിലെ ഒരു സ്വദേശിയുടെ സ്കൂളിൽ ആണ് ജോലി കിട്ടിയത്. തനിക്ക് കിട്ടിയ സൗഭാഗ്യമായിരുന്നു തായിഫിൽ ലഭിച്ച ജോലിയെന്ന് ഗോവിന്ദൻ ഓർക്കുന്നു. സ്കൂൾ വൃത്തിയാക്കുക, അധ്യാപകർക്ക് ചായ ഇട്ട് സമയാസമയം എത്തിക്കുക തുടങ്ങിയ പണികളുമായി വലിയ കുഴപ്പമില്ലാത്ത ഒരു കാലം. ഇതിനിടെ 2010 ൽ നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഗോവിന്ദന്റെ മകൾ മരിച്ചു. അവസാനമായി മകളെ ഒന്നു കാണാൻ പോലും അവസരം ലഭിക്കാതെ പത്താം ദിവസം  മാത്രമായിരുന്നു ഗോവിന്ദന് നാട്ടിൽ ഏത്താൻ കഴിഞ്ഞത്. ചടങ്ങുകൾ പൂർത്തീകരിച്ച് തിരികെ വീണ്ടുമെത്തി. രണ്ടു വർഷം കഴിഞ്ഞതോടെ ഗോവിന്ദന് വീണ്ടും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 2012 ൽ സ്പോൺസർ മരിച്ചതോടെ വീസ പുതുക്കാത്തതിനാൽ ഫൈനൽ എക്സിറ്റ് കിട്ടി.

മൂന്നാംവട്ടമെത്തിയപ്പോൾ വീണ്ടും ദുരിതവും രോഗവും 

2015 ലാണ് വീണ്ടും ഗോവിന്ദനെ പ്രവാസം മാടി വിളിച്ചത്. ഇത്തവണത്തെ വരവിൽ പരീക്ഷണങ്ങളും ദുരിതവും ഒടുവിൽ രോഗവുമാണ് കിട്ടിയ സമ്മാനം. നാട്ടിലെ ഏജന്റ് നല്ലൊരു തുക വാങ്ങിയാണ് വീസ ഏർപ്പാടാക്കിയത്. നല്ലൊരു തൊഴിൽ കിട്ടിയാൽ വീസ മാറുന്നതിന് സ്പോൺസർ അനുവദിക്കുമെന്ന ഉറപ്പു നൽകിയാണ് ഗോവിന്ദനെ കയറ്റി വിടുന്നത്. പക്ഷേ  ഇവിടെ എത്തി വീസ മാറി നൽകുന്നതിന് സ്പോൺസർ ഗോവിന്ദനോട് ആവശ്യപ്പെട്ടത് 9500 റിയാലായിരുന്നു. ഏജന്റ് തന്നെ വഞ്ചിച്ചതാണന്ന് അപ്പോഴാണ് ഗോവിന്ദൻ തിരിച്ചറിയുന്നത്. ആവശ്യപ്പെട്ട തുക നൽകി വീസ മാറാൻ കഴിയാത്തതിനാൽ സ്പോൺസർക്കൊപ്പം തുടരാൻ നിർബന്ധിതനായി. താമസയോഗ്യമല്ലാത്ത ഒറ്റമുറിയാണ് താമസിക്കാൻ കിട്ടിയത്. മുൻപുണ്ടായിരുന്ന ജോലിക്കാരൻ ഉപേക്ഷിച്ചു പോയ മണ്ണിൽ പൂണ്ട കിടക്കയായിരുന്നു കിടക്കാൻ ഉപയോഗിച്ചത്. ഗോവിന്ദൻ അവിടുന്ന് ആരോടും പറയാതെ ജോലി മതിയാക്കി പഴയ സ്കൂൾ ലക്ഷ്യമാക്കി പോയി. വീസമാറുന്നതിനുള്ള രേഖകളോ, സൗദി താമസ രേഖയോ ഒന്നുമില്ലാതിരുന്ന ഗോവിന്ദന് സ്കൂളിൽ ജോലി ലഭിച്ചില്ല. തിരികെ പഴയ സ്പോൺസറുടെ അടുക്കലേക്ക് മടങ്ങാതെ വീണ്ടും  ഒരു മസറയിൽ ആടു മേയ്ക്കലും പച്ചക്കറി കൃഷിയും ഒക്കെയായി ജീവിതം തുടർന്നു.

ഗോവിന്ദൻ തായിഫിലെ സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയോടൊപ്പം
ഗോവിന്ദൻ തായിഫിലെ സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയോടൊപ്പം

ഇതിനിടയിൽ മക്കളുടെ വിവാഹമൊക്കെ നടന്നുവെങ്കിലും ഗോവിന്ദന് പോകാൻ കഴിഞ്ഞില്ല. വീണ്ടും ദുരന്തം ഗോവിന്ദന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. മകളുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചപ്പോൾ താമസരേഖയും പാസ്പോർട്ടുമില്ലാത്ത ഗോവിന്ദന് നാട്ടിൽ പോകാന്‍ സാധിച്ചില്ല. ഭർത്താവ് നഷ്ടപ്പെട്ട മകൾ ഏതാനും മാസങ്ങൾക്ക് ശേഷം അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായതും ഗോവിന്ദനെ പിടിച്ചുലച്ചു.  ദുരിതങ്ങളും ദുരന്തങ്ങളും വേട്ടയാടിയപ്പോഴും എല്ലാം സഹിച്ച് മക്കൾക്കും കുടുംബത്തിനുമായി  മുന്നോട്ടു പോയ ഗോവിന്ദന് ഇനി പിടിച്ചുനിൽക്കാൻ വയ്യ. ഇതിനിടെ എപ്പോഴൊ പിടികൂടിയ പ്രമേഹം മൂർച്ഛിച്ച് കാഴ്ച മങ്ങി തുടങ്ങി. കൈവിരലുകൾക്ക് മരവിപ്പുമുണ്ട്, കൈകാലുകൾക്ക് വേദനയുണ്ട്.

 ആടുമേക്കലും കൃഷിപ്പണിയും ഒക്കെയായി കഴിഞ്ഞ എട്ടുവർഷമായി മസറകളിൽ കഴിഞ്ഞ തനിക്ക്  ഇനിയൊരു തണുപ്പ് കാലം ഏറെ ബുദ്ധിമുട്ടാവും  അതിനുമുമ്പ് നാടുപിടിക്കണം. പക്ഷേ നിയമപരമായ രേഖകളൊന്നുമില്ല. അതിന് വഴിതെടി ഗോവിന്ദന്റെ പരിചയക്കാർ ആസ്മി ഉസ്താദിന്റെ അടുത്ത് അദ്ദേഹത്തെ എത്തിച്ചു. തുടർന്ന് തായിഫിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വൊളന്റിയറുമായ പന്തളം ഷാജിയുടെ സഹായം തേടുകയായിരുന്നു. 

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഗോവിന്ദന്റെ നാട്ടിലേക്കുള്ള മടക്കം വേഗത്തിൽ ആക്കാനുള്ള ക്രമീകരണങ്ങൾ നടന്നു. ഗോവിന്ദന്റെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ഇന്ത്യൻ കോൺസുലേറ്റ് വ്യാഴാഴ്ച ഷുമേസി നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ഫൈനൽ എക്സിറ്റും അനുബന്ധരേഖയും തയാറാക്കി നൽകി. വെള്ളിയാഴ്ച ചെന്നൈയിലേക്ക് ഗോവിന്ദൻ പറന്നു. സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിക്കും, ഇന്ത്യൻ കോൺസുലേറ്റിനും, സൗദി തർഹീൽ ഉദ്യോഗസ്ഥർക്കും  ഗോവിന്ദൻ നന്ദി പറഞ്ഞു. 1993 മുതൽ തുടങ്ങിയ സംഭവബഹുലമായ പ്രവാസം  63-ാമത്തെ വയസ്സിൽ അവസാനിച്ചു.

English Summary:

Tamil Nadu native returned home from the miserable condition in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com