പുതിയ സീസണിലേക്ക് വാതിൽ തുറന്ന് ഗ്ലോബൽ വില്ലേജ്; ആവേശം നിറച്ച് മേളകളുടെ മേള
Mail This Article
ദുബായ്∙ ലോകം ഒരു കൊച്ചുഗ്രാമമായി തീർന്നിരിക്കുന്നു. യുദ്ധമോ സംഘർഷമോ ഇല്ല. അത്യുത്സാഹവും ആവേശവും ആർപ്പുവിളികളും മാത്രം. അമേരിക്കയിൽ നിന്നു നോക്കിയാൽ ആഫ്രിക്ക കാണാം. തുർക്കിയുടെ തൊട്ടടുത്ത് പാക്കിസ്ഥാൻ. കുവൈത്തിൽ നിന്നു വച്ചുപിടിച്ചാൽ ഇന്ത്യയിലെത്താം. വലിയ രണ്ടു കോട്ടവാതിലുകൾക്കുള്ളിൽ അനുസരണയോടെ ലോകം ഒതുങ്ങിനിൽക്കുന്നു. രാജ്യാന്തര വാണിജ്യ – വ്യാപാര മേളകളുടെ മേളയായ ഗ്ലോബൽ വില്ലേജ് പുതിയ സീസണിലേക്ക് ഇന്നലെ വൈകിട്ട് ആറിന് കവാടം തുറന്നു. അതുവരെ ക്ഷമയോടെ കാത്തുനിന്ന ജനം ആർത്തുകയറി. ആദ്യം ദിനം തന്നെ പതിനായിരത്തിലധികം പേരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്.
ലോകോത്തര കാഴ്ചകളും പാട്ടും നൃത്തവും മേളങ്ങളും രുചി വൈവിധ്യങ്ങളുമായി ഏപ്രിൽ 28 വരെ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവിലിയനുകളിലായി 3,500ലേറെ ഷോപ്പുകളും 250 ഭക്ഷണ ശാലകളുമുണ്ട്. 6 മാസത്തിനിടെ 40,000 കലാവിരുന്നുകളാണ് ഗ്ലോബൽ വില്ലേജിൽ അവതരിപ്പിക്കുക. വിവിധ രാജ്യങ്ങളിലെ കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, കലാസാംസ്കാരിക, വിനോദ പരിപാടികൾ, ഭക്ഷണം എന്നിവ അടുത്തറിയാനുള്ള അവസരമാണ് ആഗോള ഗ്രാമത്തെ ജനകീയമാക്കുന്നത്.
സൈബർ സ്റ്റണ്ട് ഷോ, ഫ്ലൈയിങ് ബൈക്ക് ഷോ, യുകെ ആസ്ഥാനമായുള്ള ധോൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന്, മേരി ഗോ റൗണ്ട് സർക്കസ്, അമേരിക്കയുടെ ഗോട് ടാലന്റ്, ജപ്പാന്റെ ഐൻജാ ഫ്യൂഷൻ തുടങ്ങി വിവിധ രാജ്യക്കാരുടെ നവീന കലാപരിപാടികൾ സന്ദർശകരെ വിസ്മയിപ്പിക്കും. ഫയർ ആൻഡ് ലേസർ ഷോ ഓരോ മണിക്കൂറിലും നടക്കും. ഡ്രാഗൺ ലേക്കിൽ ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽഇഡി സ്ക്രീനും പുതുമയാണ്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9ന് വെടിക്കെട്ട് ഉണ്ടാകും. കുട്ടികൾക്കായി ഒട്ടേറെ വിനോദ പരിപാടികളും മിനി വേൾഡിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന മിനി ഗോൾഫ് സോണുമുണ്ട്. വിവിധ രാജ്യക്കാരുടെ ഭക്ഷണം ആസ്വദിക്കാൻ നിറയെ റസ്റ്ററന്റുകൾ. കാർണിവൽ അരീനയിൽ 200ൽ അധികം റൈഡുകളും ഗെയിമുകളുമാണ് സജ്ജമാക്കിയത്.
ടിക്കറ്റ് നിരക്ക്
പ്രവേശനം വൈകിട്ട് 4 മുതൽ അർധരാത്രി വരെ. ടിക്കറ്റ് നിരക്ക് ഓൺലൈനിൽ 22.5 ദിർഹം. പ്രവേശന കവാടത്തിൽ നേരിട്ട് എടുത്താൽ 25 ദിർഹം. വെബ്സൈറ്റ്: https://www.globalvillage.ae/