ADVERTISEMENT

ദുബായ്∙ ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് ദുബായ് കരാമയിലെ ബാച് ലേഴ്സ് ഫ്ലാറ്റില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ടവർ.  ഇവരിൽ ബർദുബായ് അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല  (42) , ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) എന്നിവരാണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റു 2 പേരുടെ നില അതീവ ഗുരുതരമാണ്.

ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈൽ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്ലാറ്റിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. മിക്കവരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. അപകടത്തിൽ  നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്,  ഷാനിൽ, റിഷാദ് എന്നിവരാണ് അപ്പോൾ ഒരു മുറിയിലുണ്ടായിരുന്നത്. ഇവരെല്ലാം മുപ്പതിന് താഴെ മാത്രം പ്രായമുള്ളവരാണ്. യുഎഇയിലെ മലയാളി സമൂഹത്തെ പിടിച്ചുകുലുക്കിയ സംഭവത്തെക്കുറിച്ച് ഫവാസ് മനോരമ ഓൺലൈനിനോട് വിശദീകരിക്കുന്നു:

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം
ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം

' മുറിയിലുണ്ടായിരുന്ന ഞങ്ങൾ മൂന്ന് പേരും പൊട്ടിത്തെറി ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് പുറത്തേയ്ക്കോടി. ഞങ്ങളുടെ മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അവിടേയ്ക്കും തീ നാളങ്ങൾ പാഞ്ഞെത്തി. ഞാനും ഷാനിലും തെറിച്ചുവീണു. എനിക്ക് മുൻപേ ഒാടിയ ഷാനിലിന് ഗുരുതര പരുക്കേറ്റു. റിഷാദിനും ഗുരുതര പൊള്ളലേറ്റു. ‌അടുത്തുള്ള മുറികളിലൊന്നിൽ മെസ് നടത്തിയിരുന്ന നാല് പേരായിരുന്നു താമസിച്ചിരുന്നത്. രണ്ടു പേർ 2 ബാത്റൂമുകളിലായിരുന്നു. ഇവർക്കാണ് ഗുരുതര പരുക്കേറ്റത്. കുളിമുറിയിൽ മരിച്ചു കിടക്കുകയായിരുന്നു യാക്കൂബ്. ഗുരുതര പരുക്കേറ്റ ഷാനിലിനേയും റിഷാദിനേയും ഫായിസാണ് ആശുപത്രിയില്‍ തിരിച്ചറിഞ്ഞത്. എട്ടു പേർ താമസിക്കുന്ന അടുത്ത മുറിയില്‍ താമസിച്ചിരുന്ന ഒരു മലയാളിക്കും ഗുരുതര പരുക്കേറ്റു' - ഭീതി വിട്ടോഴിയാതെ ഫവാസ് പറയുന്നു

ഇന്നലെ (ബുധൻ) പുലർച്ചെ 12.20ന് കരാമ ഡേ ടുഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപത്തെ ബിൻ ഹൈദർ മൂന്ന് നില കെട്ടിടത്തിൽ നടന്ന അപകടത്തിലാണ്      രണ്ട് പേർ  മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.  ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിൽ തുടരവേയാണ് നിധിൻ ദാസിന്റെ മരണം. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയില്‍ നാലുപേരും എൻഎംസി ആശുപത്രിയിൽ നാലുപേരുമാണ് ചികിൽസയിൽ കഴിയുന്നത്. ഗുരുതര പരുക്കേറ്റ 3 പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റു. 

കരാമയിലേയും ദുബായിലെ വിവിധ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് അപകടമുണ്ടായതെന്ന്  സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച യാക്കൂബിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സംബന്ധമായ നടപടികൾക്ക് നസീര്‍ വാടാനപ്പള്ളി നേതൃത്വം നൽകുന്നു.

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം
ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം

∙ ആഘാതം അടുത്ത ഫ്ലാറ്റിലും: മലയാളി യുവതികൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന് 
പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ മലയാളി യുവതികൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഇവരിൽ രണ്ട് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. കുളിമുറിയിൽ ഇന്നലെ വൈകിട്ടായിരുന്നു യാക്കൂബിന്റെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ 2 സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിലൊന്ന് വലുതാണ്. ചെറിയ സിലിണ്ടർ അടുക്കളയ്ക്ക് പുറത്തായിരുന്നു വച്ചിരുന്നതെന്നും സംശയമുണ്ട്. എട്ടാളുകൾ താമസിച്ചിരുന്ന മുറി പൂർണമായും കത്തിനശിച്ചു. ഫ്ലാറ്റിലെ ഒരു ജനൽ പുറത്തേയ്ക്ക്തെറിച്ചു പോയി. അത്രമാത്രം ആഘാതമാണ് പൊട്ടിത്തെറിക്ക്.

∙ കഴിഞ്ഞുപോയത് ദുരന്ത രാത്രി
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഇന്നലെ രാത്രി താമസിച്ചത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കൂടെ. ഫ്ലാറ്റിലെ ഒരു മുറിയിൽ താമസിച്ചിരുന്ന മലയാളി പെൺകുട്ടികളാണ് പരിതാപകരമായ അവസ്ഥയിലായത്. ഇവരും പിന്നീട് സുഹൃത്തുക്കളുടേയും മറ്റും സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടി.

English Summary:

Gas cylinder explosion in Dubai leaves Malayali dead, Many Injured - Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com