ജനീവ മോട്ടർ ഷോയ്ക്ക് സമാപനം: വാഹനലോകം കണ്ടത് ഒരുലക്ഷത്തിലേറെപ്പേർ
Mail This Article
ദോഹ∙ ഖത്തർ ആതിഥേയത്വം വഹിച്ച പ്രഥമ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ (ജിംസ്) കാണാൻ എത്തിയത് 1,80,000 സന്ദർശകർ. 2025 നവംബറിൽ മോട്ടർ ഷോയ്ക്ക് വീണ്ടും ഖത്തർ വേദിയാകും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ഈ മാസം 5ന് ആരംഭിച്ച മോട്ടർ ഷോ 14ന് ആണ് സമാപിച്ചത്. സമാപനം കുറിച്ചത് ജിംസിന്റെ പാരമ്പര്യ ശൈലിയിൽ വലിയ ശബ്ദത്തിൽ കാറിന്റെ ഹോൺ മുഴക്കിയാണ്.
വാഹന പ്രേമികളായ സന്ദർശകർക്ക് പുറമെ വാഹനങ്ങളുടെ വിസ്മയ ലോകത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ 50 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലധികം മാധ്യമ പ്രവർത്തകരും എത്തിയിരുന്നു. മോട്ടർ ഷോയിൽ 30 വിഖ്യാത വാഹന ബ്രാൻഡുകൾ പങ്കെടുത്തു. 29 റീജനൽ, 12 വേൾഡ് പ്രീമിയർ കാറുകളാണ് ഷോയിൽ അവതരിപ്പിച്ചത്. ഡിഇസിസിയിലെ പതിനായിരം ചതുരശ്രമീറ്റർ വിസ്തൃതിയിൽ നടന്ന ജനീവ മോട്ടർ ഷോയിൽ വാഹന ലോകത്തിലെ കട്ടിങ്-എഡ്ജ് സാങ്കേതിക വിദ്യകളും ഡിസൈനുകളും ആശയങ്ങളുമാണ് വാഹന വിദഗ്ധർ അവതരിപ്പിച്ചത്. ആഡംബര, ക്ലാസിക്, വിന്റേജ്, എക്‌സോട്ടിക്, സ്‌പോർട്‌സ് കാറുകളായിരുന്നു പ്രദർശനത്തിലെ ആകർഷണം.
മോട്ടർ ഷോയുടെ ഭാഗമായ ക്ലാസിക് ഗാലറിയിൽ പ്രദർശിപ്പിച്ച അമീരി കാറുകൾ, പോപ്പ് മൊബീൽ തുടങ്ങി മൈസൂർ രാജാവിന്റെ റോൾസ് റോയിസ് വരെ സന്ദർശകരുടെ ശ്രദ്ധനേടി. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓട്ടമോട്ടീവ് രംഗത്തെ ഏറ്റവും മികച്ച മോട്ടർ ഷോയ്ക്ക് ഖത്തറിൽ വേദിയൊരുക്കാൻ കഴിഞ്ഞതിലൂടെ അറബ് മേഖലയിലെ ഓട്ടമോട്ടീവ് വ്യവസായത്തിനും പുത്തനുണർവ് വന്നു.
മോട്ടർ ഷോ ആഘോഷമാക്കാൻ ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, ലുസെയ്ൽ സർക്യൂട്ടിൽ അതിഥികൾക്കായി ട്രാക്ക് ദിനങ്ങൾ, വാഹനങ്ങളുടെ ഓഫ് റോഡ് പ്രകടനവും ക്യാംപിങ് അനുഭവവുമായി സീലൈനിൽ അഡ്വഞ്ചർ ഹബ്, ലുസെയ്ൽ ബൊളെവാർഡിൽ 100 ഡ്രീം കാറുകളുടെ പരേഡ് ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ എന്നിങ്ങനെ രാജ്യത്തുടനീളം വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2024 എഡിഷൻ ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെ ജനീവയിലാണ് നടക്കുക. കൂടുതൽ പുതുമയോടെ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയ്ക്ക് ഖത്തർ വീണ്ടും വേദിയാകുമെന്ന് പ്രാദേശിക സംഘാടകരായ ഖത്തർ ടൂറിസം അധികൃതർ വ്യക്തമാക്കി.