ഇലക്ട്രിക് വാഹന കുതിപ്പിന് സൗദി; രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ശൃംഖല പൂർത്തിയായി
Mail This Article
ജിദ്ദ∙ 150 ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ റെഡ് സീ ഗ്ലോബൽ കമ്പനി പൂർത്തിയാക്കി. റെഡ് സീ ഡെസ്റ്റിനേഷനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൗദിയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ശൃംഖലയാണിത്. ആദ്യ ഘട്ടത്തിൽ പദ്ധതി പ്രദേശത്ത് ഉപയോഗിക്കുന്ന ലൂസിഡ്, മെഴ്‌സിഡിസ് കമ്പനികളുടെ 80 ഇലക്ട്രിക് കാറുകൾ മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാർജിങ് സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് മൊബിലിറ്റിയുടെ അടുത്ത തലമുറയിലേയ്ക്ക് റെഡ് സീ ഡെസ്റ്റിനേഷനെ എത്തിക്കാൻ സഹായിക്കുന്ന ഒരു പാതയാണ് സൗദി സ്വീകരിക്കുന്നത്. വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് ശൃംഖല ഉൾപ്പെടുന്ന വാഹനനിര പാരിസ്ഥിതിക വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിക്കും.
റെഡ് സീ ഡെസ്റ്റിനേഷനിൽ തങ്ങുന്ന കാലത്ത് സന്ദർശകരുടെ യാത്രകൾക്ക് മെഴ്‌സിഡിസ് ബെൻസ് ഇ.ക്യു.എസ്, ലൂസിഡ് എയർ മോഡലുകളിൽ പെട്ട കാറുകളാണ് ഏർപ്പെടുത്തുന്നത്. റെഡ് സീ വിമാനത്താവളം വഴിയുള്ള യാത്രകൾക്കും റെഡ് സീ ഡെസ്റ്റിനേഷനിലെ റിസോർട്ടുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമിടയിലെ സഞ്ചാരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്തും അല്ലാതെയും ആഡംബര വൈദ്യുതി കാറുകൾ പ്രയോജനപ്പെടുത്താൻ സന്ദർശകർക്ക് സാധിക്കും.
ഗതാഗത സേവനവുമായി ബന്ധപ്പെട്ട മേഖലയിൽ 1,500 ഡ്രൈവർമാർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കൂടാതെ വൈദ്യുതി ചാർജിങ്ങുമായി ബന്ധപ്പെട്ട ടെക്‌നീഷ്യന്മാരും വിദഗ്ധരും ചാർജിങ് സെന്റർ മാനേജർമാരും അടക്കം നിരവധി പേർക്കും തൊഴിലവസരങ്ങൾ ലഭിക്കും.