12 രാജ്യങ്ങളിൽ നിന്നുള്ള 30 കുട്ടികളുടെ മജ്ജ മാറ്റിവച്ച് ഡോക്ടർ; കുരുന്ന് ജീവനുകളെ കാത്തുരക്ഷിച്ച യുഎഇയിലെ മലയാളി
Mail This Article
അബുദാബി ∙ രക്താർബുദം ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 30 കുട്ടികളുടെ മജ്ജ മാറ്റിവച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് മലയാളി ഡോക്ടർ. ബുർജീൽ മെഡിക്കൽ സിറ്റി പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി കണ്ണൂർ മാട്ടൂൽ സ്വദേശി ഡോ. സൈനുൽ ആബിദ് ആണ് ഈ നേട്ടത്തിനുടമ.
അബുദാബിയിൽ നടന്ന എമിറേറ്റ്സ് പീഡിയാട്രിക് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് സമ്മേളനത്തിൽ ഡോ. ആബിദ് അനുഭവങ്ങൾ പങ്കുവച്ചു. ബുർജീൽ മെഡിക്കൽ സംഘം പിന്തുടർന്ന ചികിത്സാ രീതികൾ 23 രാജ്യങ്ങളിൽ നിന്നുള്ള 550 പ്രതിനിധികൾക്ക് മുന്നിൽ ഡോ. സൈനുൽ ആബിദ് വിശദീകരിച്ചു. 2022 നവംബറിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് യുഎഇയിൽ ആദ്യമായി കുട്ടികളിൽ മജ്ജ മാറ്റിവച്ചത്. ഒരു വർഷത്തിനകം ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 30 കുട്ടികളുടെ മജ്ജ മാറ്റിവച്ചതും യുഎഇയിൽ റെക്കോർഡാണ്. ഐഡിൻ ജാസറാണ് ഡോക്ടർ ആബിദ് ജീവിതത്തിലേക്കു തിരിച്ചെത്തിച്ച മലയാളി.
രാജ്യാന്തര തലത്തിൽ ശരാശരി 5–10% വരെ മരണം സംഭവിക്കാവുന്ന ഘട്ടത്തിലാണ് ഒരു മരണം പോലുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയരായ മുഴുവൻ കുട്ടികൾക്കും പുതുജീവൻ നൽകാനായതെന്നും ഡോക്ടർ പറഞ്ഞു. സാമ്പത്തിക ശേഷി കുറഞ്ഞ രോഗികൾക്ക് യുഎഇ റെഡ് ക്രസന്റിന്റെയും മറ്റും സഹായം ലഭ്യമാക്കിയെന്നും ഡോ. ആബിദ് പറഞ്ഞു.