കുട്ടികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ ശക്തമാക്കും: മന്ത്രി ഷെയ്ഖ് നഹ്യാൻ
Mail This Article
അബുദാബി ∙ മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാൻ നവീന ചികിത്സാ രീതികൾ യുഎഇ പ്രോത്സാഹിപ്പിക്കുമെന്ന് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയിൽ കുട്ടികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്തി വരികയാണ്.
ലോകോത്തര നിലവാരമുള്ള മജ്ജ മാറ്റിവയ്ക്കൽ കേന്ദ്രം അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിച്ചത് ആ ശ്രമങ്ങൾക്ക് പിന്തുണയേകും. കുട്ടികളുടെ വൈദ്യ പരിചരണം മെച്ചപ്പെടുത്താനും ലോകത്തെ പ്രമുഖ മെഡിക്കൽ സെന്ററുകളുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്‌സ് പീഡിയാട്രിക് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷെയ്ഖ് നഹ്യാൻ.
കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കലിന് യുഎഇയിൽ പ്രത്യേക കേന്ദ്രം തുടങ്ങാൻ അധികൃതർ നൽകിയ പിന്തുണയ്ക്ക് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ നന്ദി പറഞ്ഞു. മജ്ജ മാറ്റിവയ്ക്കൽ ചികിത്സ കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ നടക്കുന്ന ഗവേഷണങ്ങളിൽ ഏറെ പ്രതീക്ഷയുണ്ട്. ഇക്കാര്യത്തിൽ അബുദാബിയിലും ആഗോളതലത്തിലും നടക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യാൻ സമ്മേളനം സഹായിക്കും. രക്ത വൈകല്യങ്ങൾ ഉള്ള കുട്ടികൾക്ക് ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ യുഎഇയിൽ ലഭ്യമാണെന്ന് പീഡിയാട്രിക് ഹെമറ്റോളജി ഓങ്കോളജി, ബിഎംടി എന്നിവയുടെ കൺസൽറ്റന്റ് പ്രഫ. റൂപർട്ട് ഹാൻഡ്‌ഗ്രെറ്റിംഗർ പറഞ്ഞു. ചികിത്സാ രംഗത്ത് വിവിധ രാജ്യങ്ങളുടെ വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിനും സമ്മേളനം സഹായകമായി. സമ്മേളനം ഇന്നു സമാപിക്കും.