27വർഷത്തെ സേവനത്തിനു ശേഷം ഖത്തർ എയർവേസ് സിഇഒ അക്ബർ അൽബേക്കർ രാജിവെച്ചു
Mail This Article
ദോഹ∙ നീണ്ട 27 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ സിഇഒ സ്ഥാനം അക്ബര്‍ അല്‍ ബേക്കര്‍ രാജിവെച്ചു. നവംബര്‍ 5 മുതല്‍ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട്. പ്രശസ്ത ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മക്കെറസ് ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. പുതിയ സിഇഒ ആയി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബാദര്‍ അല്‍മീര്‍ ചുമതലയേല്‍ക്കുമെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
അസാധാരണമായ ആഗോള ടീമിനെ നയിക്കാന്‍ സാധിച്ചത് അവിശ്വസനീമായ പദവിയാണെന്നും സ്വന്തം രാജ്യത്തെ സേവിക്കുന്നതിനുള്ള ആജീവനാന്ത ബഹുമതിയാണിതെന്നും അല്‍ബേക്കര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയതായും മര്ക്കെസ് പറയുന്നു. പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി 1977 ലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ സിഇഒ ആയി അല്ബേക്കറിനെ നിയമിച്ചത്. 4 വിമാനങ്ങള്‍ മാത്രമായി ചെറിയ കമ്പനിയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് അല്‍ബേക്കറിന്റെ നേതൃത്വത്തിന് കീഴിലാണ് വ്യോമയാന മേഖലയിലെ സുപ്രധാന എയര്‍ലൈന്‍ ആയി മാറിയത്.
കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ടൂറിസം ചെയര്മാന് സ്ഥാനത്ത് നിന്ന് അല്ബേക്കറിനെ മാറ്റി പുതിയ പ്രസിഡന്റിനെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിയമിച്ചത്. സാദ് ബിന്‍ അലി അല്‍ ഖര്‍ജിയാണ് ഖത്തര്‍ ടൂറിസത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.