സൈക്യാട്രിക് ആശുപത്രി നവീകരണം; മാസാവസാനത്തോടെ കിടത്തിച്ചികിത്സ മിസൈദ് ജനറൽ ആശുപത്രിയിലേക്ക്
Mail This Article
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലുള്ള സൽവ റോഡിലെ സൈക്യാട്രിക് ആശുപത്രിയിലെ മാനസികാരോഗ്യ കിടത്തി ചികിത്സാ സേവനങ്ങൾ താൽക്കാലികമായി മിസൈദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റും. സൽവ റോഡിലെ സൈക്യാട്രിക് ആശുപത്രിയിൽ നവീകരണ ജോലികൾ നടക്കുന്നതിനെ തുടർന്നാണിത്. ഈ മാസം അവസാനിക്കുന്നതിന് മുൻപു തന്നെ സേവനങ്ങൾ മാറ്റിത്തുടങ്ങും. ക്ലിനിക്കൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാകുമ്പോൾ രോഗികളെയും അവിടേയ്ക്ക് മാറ്റും. മനോരോഗികൾക്ക് ഏറ്റവും ഉചിതമായ പരിചരണ അന്തരീക്ഷമാണ് മിസൈദ് ജനറൽ ആശുപത്രിയിലും ഉറപ്പാക്കുന്നത്. 2020 ഏപ്രിലിലാണ് മിസൈദ് ജനറൽ ആശുപത്രി തുറന്നത്.
അൽവക്രയുടെ തെക്ക് സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ 120 കിടക്കകളാണുള്ളത്. എച്ച്എംസിയുടെ മാനസികാരോഗ്യ സേവന വിഭാഗവും അൽ വക്ര ആശുപത്രിയും ചേർന്നാണ് ആശുപത്രിയിലെ കിടത്തിച്ചികിത്സ മാനസികാരോഗ്യ ഫസിലിറ്റിയുടെ പ്രവർത്തനം. മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് എച്ച്എംസിയുടെ നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ്‌ലൈനുമായി ബന്ധപ്പെടാം. സ്വകാര്യത ഉറപ്പാക്കിയാണ് സേവനങ്ങൾ. ഇതിനു പുറമെ എച്ച്എംസിയുടെ സ്‌പെഷലിസ്റ്റ് ക്ലിനിക്കുകളിലും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ കീഴിലെ റൗദത്ത് അൽ ഖെയ്ൽ, തുമാമ, ലിബൈബ്, ഖത്തർ സർവകലാശാല, ഉം സലാൽ, അൽ വജ്ബ എന്നീ ഹെൽത്ത് സെന്ററുകളിലും സേവനം ലഭിക്കും.