വീട് രൂപമാറ്റം വരുത്തുക, വാടകയ്ക്ക് നൽകുക, കൂടെ മറ്റുള്ളവരെ താമസിപ്പിക്കുക; അബുദാബിയിൽ താമസയിടങ്ങളിലെ നിയമലംഘനത്തിന് പിഴ 10 ലക്ഷം ദിർഹം വരെ
Mail This Article
അബുദാബി ∙ കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് കണ്ടെത്താൻ അബുദാബി പരിശോധന ഊർജിതമാക്കി. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നതും ശേഷിയെക്കാൾ കൂടുതൽ പേരെ താമസിപ്പിക്കുന്നതും ഗുരുതര നിയമലംഘനമാണ്. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
സുരക്ഷിത താമസ, കുടുംബ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. താമസക്കാർ, അവിവാഹിതർ, കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നഗരസഭ ഓർമിപ്പിച്ചു. വിദേശികൾക്കിടയിൽ ഇത്തരം പ്രവണതകൾ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നഗരസഭയുടെ അംഗീകാരത്തോടെ നിർമിച്ച കെട്ടിടത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട വകുപ്പിൽനിന്ന് നിർബന്ധമായും അനുമതി എടുക്കണം വില്ലകൾ രൂപമാറ്റം വരുത്തി വ്യത്യസ്ത കുടുംബങ്ങൾക്ക് വാടകയ്ക്കു കൊടുക്കുന്നതും ഫ്ലാറ്റിൽ രക്തബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമവിരുദ്ധമാണ്. വാടകയ്ക്ക് എടുത്ത താമസ കെട്ടിടം ഉടമ അറിയാതെ മറിച്ചു വാടകയ്ക്ക് കൊടുക്കാനും പാടില്ല. വിദേശികൾക്കിടയിലെ ഇത്തരം പ്രവണതകൾ കുടുംബ, സാമൂഹിക പ്രശ്നത്തിലേക്ക് നയിക്കുമെന്നും സൂചിപ്പിച്ചു.
താമസ സ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, പൊതുഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്ച്‌ലേഴ്സിനു നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 മുതൽ 1,00,000 ദിർഹം വരെയാണ് പിഴ. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിക്കായുള്ള സ്ഥലം താമസത്തിനു വിനിയോഗിച്ചാലും 25,000 മുതൽ 50,000 ദിർഹം പിഴ നൽകേണ്ടിവരും.