സിറ്റി ഗാലറിയിൽ ജലക്കാഴ്ചകളുടെ വിസ്മയം; സന്ദർശകർക്ക് പ്രവേശനം
Mail This Article
ദോഹ∙ വിസ്മയിപ്പിക്കുന്ന അക്വാറ്റിക് കാഴ്ചകൾ ആസ്വദിക്കാൻ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിലെ സിറ്റി ഗാലറിയിൽ പൊതുജനങ്ങൾക്കും പ്രവേശനം. കപ്പൽ ടൂറിസം സീസണിന് തുടക്കമായതോടെയാണ് സിറ്റി ഗാലറിയിലെ കാഴ്ചകളിലേക്ക് പ്രവേശനം അനുവദിച്ചത്. സന്ദർശകർക്ക് വിസ്മയകരമായ അക്വാറ്റിക് അനുഭവമാണ് സിറ്റി ഗാലറി നൽകുന്നത്. ഗാലറിയിലേക്ക് പ്രവേശിക്കുമ്പോൾ തറയിൽ കാണുന്ന ഖത്തറിന്റെ എൽഇഡി ഭൂപടം തന്നെയാണ് ആദ്യ ആകർഷണം.
ഗോൾഡൻ ട്രിവാലി, യെലോബാർ എയ്ഞ്ചൽ ഫിഷ്, ബ്രൗൺ സ്‌പോട്ടഡ് റീഫ് കോഡ്, ടുബാർ സീബ്രീം, കോബിയ തുടങ്ങിയ സമുദ്ര മത്സ്യങ്ങളുടെ വിശാലമായ അക്വേറിയമാണ് ഗാലറിയുടെ സവിശേഷത. ഗാലറിയിലുടനീളം സ്ഥാപിച്ച സ്‌ക്രീനുകളിലെ ഓഡിയോ-വിഷ്വൽ അവതരണത്തിലൂടെ ഓരോ കാഴ്ചകളുടെ ചരിത്രവും മനസ്സിലാക്കാം.
സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന രാജ്യത്തിന്റെ മനോഹര പ്രകൃതി ദൃശ്യങ്ങളും കോർണിഷ് പോലെ സുപ്രധാനമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങളും ഖത്തറിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള നേർക്കാഴ്ച കൂടിയാണ് പകരുന്നത്. ഐക്യത്തിന്റെയും ആതിഥേയത്വത്തിന്റെയും സന്ദേശം പകർന്നുള്ള അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വാചകം ഗാലറിയിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. ‘നമ്മുടെ ദേശീയതകളും മതങ്ങളും ആശയങ്ങളും എത്ര വൈവിധ്യമുള്ളതായാലും പ്രതിബന്ധങ്ങളെ അതിജീവിക്കുക, സൗഹൃദത്തിന്റെ കരം നീട്ടുക, ധാരണയുടെ പാലങ്ങൾ നിർമിക്കുക, പൊതുമാനവികതയെ ആഘോഷിക്കുക എന്നതാണ് കടമയെന്നും എന്റെയും ജനങ്ങളുടെയും പേരിൽ ഖത്തറിലേക്ക് വരാനും അതുല്യമായ ടൂർണമെന്റ് ആസ്വദിക്കാനും ലോകത്തെ ക്ഷണിക്കുന്നു’ എന്ന വാചകമാണ് ഫ്രെയിം ചെയ്തിരിക്കുന്നത്.
ലോകകപ്പിന് 2 മാസം മുൻപ് ജനീവയിലെ 77-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് അമീർ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിത്. ശനി മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതലുമാണ് ഗാലറിയിലേക്ക് പ്രവേശനം. കപ്പൽ ടൂറിസം സീസൺ തുടങ്ങിയതോടെ ടെർമിനലിൽ കപ്പൽ സഞ്ചാരികളുടെ തിരക്കേറി തുടങ്ങി. സഞ്ചാരികളുടെ എൻട്രി, എക്‌സിറ്റ് പോയിന്റാണ് ടെർമിനൽ. ഏപ്രിൽ വരെയാണ് സീസൺ. 81കപ്പലുകളിലായി മൂന്നര ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.