ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സജീവമായി മനോരമ ബുക്സും
Mail This Article
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42–ാം എഡിഷനിൽ മുൻവർഷത്തേക്കാളും കൂടുതൽ പുതിയ ടൈറ്റിലുകളും അതിഥികളുമായി ഇപ്രാവശ്യം മനോരമ ബുക്സ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഏഴാം നമ്പർ ഹാളിലെ(ഇന്ത്യൻ പവിലിയൻ) ഇസഡ് സി 26 മലയാള മനോരമ സ്റ്റാളിൽ ലഭ്യമാണ്. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ എന്ന നോവലിന്‍റെ ആദ്യരൂപം, സി.രാധാകൃഷ്ണന്‍റെ നോവൽ സ്വയം വരം, ഡോ.ജോർജ് വർഗീസിന്‍റെ ആറ്റംചാരൻ, അശ്വിൻ നായരുടെ ഏലിയൻസ്, സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം, മാനുവൽ ജോർജിന്‍റെ സനാരി, കൽക്കിയുടെ പാർഥിപൻ കനവ്, രാജീവ് ശിവശങ്കരന്‍റെ ഹോംവർക്ക്, രവി വർമത്തമ്പുരാന്‍റെ ഇരുമുടി തുടങ്ങിയ പുതിയ പുസ്തകങ്ങളടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.
ജേക്കബ് ഏബ്രഹാമിന്‍റെ ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും , കെ.എസ്.ചിത്രയുടെ ജീവിത കഥ പറയുന്ന ചിത്രഗീതം, സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ, സാം പത്രോദയുടെ റി ഡിസൈനിങ് ദ് വേൾഡ്; എ ഗ്ലോബൽ കാൾ ടു ആക് ഷൻ എന്ന പുസ്തകത്തിന്‍റെ മലയാളം വിവര്‍ത്തനം വരിക–ലോകം പുനർനിർമിക്കാൻ എന്നിവ പ്രകാശനം ചെയ്യും. ഈ മാസം 9നും 12നും ഇവയുടെ പ്രകാശനങ്ങൾ ഇന്ത്യൻ പവിലിയനിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും.