അക്ഷരലോകത്തേക്ക് വർണാഭമായ സ്വാഗതം; ഷാർജയിൽ ഇനി 12 ദിനങ്ങളിൽ പുസ്തകങ്ങളുടെ വസന്തോത്സവം
Mail This Article
ഷാർജ∙ നമുക്ക് ഇനി പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാം. 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് വർണാഭമായ ചടങ്ങുകളോടെ ഷാർജ എക്സ്പോ സെന്‍ററിൽ തിരിതെളിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ അക്ഷരസുൽത്താൻ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യം ഏവരിലും ആഹ്ളാദം പകർന്നു. ഈ വർഷത്തെ മികച്ച സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട ലിബിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ കോനിയക്ക് പുരസ്കാരം സമ്മാനിച്ചു. ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) മേള ഈ മാസം 12ന് സമാപിക്കും.
രാവിലെ തന്നെ സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏഴാം നമ്പർ ഹാളിലെ ഇന്ത്യൻ പവിലിയനടക്കം അറബിക്, ഇംഗ്ലീഷ് പവിലിയനുകള്‍ ഇന്നലെ വൈകിട്ടോടെ ഒരുക്കം പൂർത്തിയാക്കി. ശനിയാഴ്ച മുതൽ തന്നെ കേരളത്തിൽ നിന്നുള്ള പ്രസാധകർ പുസ്തകങ്ങൾ അടുക്കി വയ്ക്കുന്ന ജോലി ആരംഭിച്ചിരുന്നു.
108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരാണ് ഇപ്രാവശ്യം മേളയിൽ പങ്കെടുക്കുന്നത്. ഇതിൽ 1,043 അറബ് പ്രസാധകരും 990 രാജ്യാന്തര പ്രസാധകരുമാണ്. ഇവർ 15 ലക്ഷം ടൈറ്റിലുകൾ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യും. ഇതുകൂടാതെ, 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ 1,700 പരിപാടികളിൽ സംബന്ധിക്കും. 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികള്‍ നയിക്കും.
പ്രസാധകരെ കൂടാതെ, വിതരണക്കാർ, വിവർത്തകർ, ജീവിചരിത്രകാരന്മാർ തുടങ്ങിയവർ മേളയ്ക്ക് അക്ഷര വെളിച്ചം നൽകും. ദക്ഷിണ കൊറിയയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. കൊറിയയിൽ നിന്ന് ഒട്ടേറെ എഴുത്തുകാരും ചിന്തകരുമെത്തും. അതോടൊപ്പം കൊറിയൻ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. അറബിക് പ്രസാധകരിൽ യുഎഇ ആണ് ഏറ്റവും മുന്നിൽ–300 പേർ. ഈജിപ്ത്– 284, ലബനനൻ, 94, സിറിയ 62. രാജ്യാന്തര തലത്തിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. യുകെ, തുർക്കി എന്നിവയാണ് തൊട്ടുപിന്നിൽ.
∙ ഇന്ത്യയിൽ നിന്ന് ഒട്ടേറെ പ്രഗത്ഭർ
ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തുന്നു. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കും.
സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാകുന്നത്.
∙ പരിപാടികളുടെ സമയക്രമം
നവംബര്‍ 3ന് രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-1ല്‍ ബോളിവുഡ് നടി നീനാ ഗുപ്ത 'സച്ച് കഹോം തോ-നീന ഗുപ്ത' എന്ന പരിപാടിയില്‍ പങ്കെടുക്കും. 'സച്ച് കഹോം തോ' എന്ന പുസ്തകത്തെ കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും സാമൂഹികവും ലിംഗപരവുമായ പെരുമാറ്റ രീതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും അവര്‍ സംവദിക്കുന്നതാണ്.
നാലിന് മൂന്നു പരിപാടികളാണുള്ളത്. ആദ്യത്തേത് ബാള്‍ റൂമില്‍ വൈകിട്ട് 6.30 മുതല്‍ 7.30 വരെ നിഹാരികയുടേതാണ്. തന്റെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യാത്രയെക്കുറിച്ച് അവര്‍ സംവദിക്കും. ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ ശ്രദ്ധേയയായ നിഹാരികയുടെ സദസ്സുമായുള്ള ആശയ വിനിമയം അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ഉള്ളടക്കത്തിലെ പുതുമ കൊണ്ടും രസകരവും അനുഭവപരവുമായി മാറുമെന്നാണ് പ്രതീക്ഷ.
രാത്രി 8 മുതല്‍ 10 വരെ ബാള്‍ റൂമില്‍ ബോളിവുഡ് ദിവ കരീന കപൂര്‍ ' കരീനാ കപൂർ ഖാൻസ് പ്രഗ്‌നന്‍സി ബൈബിള്‍' എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചും ബോളിവുഡിലെ ചലച്ചിത്ര യാത്രാ സംബന്ധിച്ചും സംവദിക്കും. ഫോറം-3ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ അജയ് പി.മങ്ങാട്ട് 'വിവര്‍ത്തനവും അതിന്റെ സാധ്യതകളും എന്ന ചര്‍ച്ച'യില്‍ സംസാരിക്കും. 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന തന്റെ പുസ്തകത്തെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിക്കുന്നതാണ്.
നവംബര്‍ 5ന് അഞ്ച് പരിപാടികളാണുണ്ടാവുക. വൈകിട്ട് 5 മുതല്‍ 6 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് 'ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ' എന്ന പരിപാടിയില്‍ ചന്ദ്രയാന്‍-3ന്റെയും ആദിത്യ എല്‍-1ന്റെയും വിജയ കഥകള്‍ അവതരിപ്പിക്കും.
വൈകിട്ട് 4.30 മുതല്‍ 6.30 വരെ ബാള്‍ റൂമില്‍ പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിന്റെ 'സ്പ്രഡിങ് ജോയ്' എന്ന ആത്മകഥ ചലച്ചിത്ര നടി കജോള്‍ ദേവ്ഗൺ പ്രകാശനം ചെയ്യും. ഫോറം-3ല്‍ രാത്രി 7.15 മുതല്‍ 8.15 വരെ 'പെര്‍ഫെക്ട് 10'ല്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധ യാസ്മിന്‍ കറാച്ചിവാല ആരോഗ്യത്തോടും ഫിറ്റ്‌നസോടും കൂടി എങ്ങനെ ജീവിക്കാമെന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കു വയ്ക്കും.
'ഗെറ്റ് എപിക് ഷിറ്റ് ഡണ്‍' എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്‍റെ രചയിതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അങ്കുര്‍ വാരിക്കൂ രാത്രി 8.45 മുതല്‍ 9.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ വായനക്കാരുമായി സംവദിക്കും.9ന് രാത്രി 8 മുതല്‍ 9 വരെ ബാള്‍ റൂമില്‍ 'എ സ്റ്റാര്‍ ഇന്‍ സ്‌പേസ്' എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നാസ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് പങ്കെടുക്കും. ബഹിരാകാശ യാത്രാനുഭവം, ബഹിരാകാശ നടത്തം, നാസയുടെ ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്‍ എന്നിവയെ കുറിച്ച് അവര്‍ സംവദിക്കും.
10ന് വെള്ളിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 8 മുതല്‍ 10 വരെ 'ഇന്‍ ഫ്രീ ഫാള്‍' എന്ന പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായി തന്റെ യാത്ര, പുസ്തകം എന്നിവ സബന്ധിച്ച് സംവദിക്കും.
10ന് രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-3ല്‍ 'ടു ഹെല്‍ ആൻഡ് ബായ്ക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്' എന്ന പരിപാടിയില്‍ വിഖ്യാത ടിവി ജേര്‍ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബര്‍ഖാ ദത്ത് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും തന്റെ പുസ്തകത്തെക്കുറിച്ചും സദസ്സുമായി അനുഭവങ്ങള്‍ പങ്കിടും.
11ന് രാത്രി 8.30 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ 'ദുരന്ത നിവാരണത്തിന്റെ നുറുങ്ങുകളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക് ഷന്‍ മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി സംസാരിക്കും. 'ബുദ്ധനും ശങ്കരനും പിന്നെ ഞാനും' എന്ന തന്റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം സംസാരിക്കും.
∙ വോൾ സോയിങ്കയും മറ്റു പ്രമുഖരും
നൈജീരിയൻ നോവലിസ്റ്റും 1986ലെ നൊബേൽ ജേതാവുമായ വോൽ സോയങ്ക, മാൽക്കം തിമോത്തി ഗ്ലാഡ് വെൽ, റോബർട് ഹാരിസ്, തോമസ് എറിക് സൺ, മൊഹ്സിൻ ഹമിദ്, മോണിക്ക ഹാലൻ, സ്വാമി പൂർണചൈതന്യ, വാക് ലവ് സ്മിൽ എന്നിവരാണ് മറ്റു പ്രമുഖർ. ആഫ്രിക്കയിലെ ആദ്യ നൊബേൽ ജേതാവാണ് വോള്‍ സോയിങ്ക. ഇംഗ്ലണ്ടിൽ ജനിച്ച കനേഡിയൻ പത്രപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ മാൽക്കം തിമോത്തി ഗ്ലാഡ്‌വെലിന്‍റെ ആദ്യത്തെ ആറ് പുസ്‌തകങ്ങൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചിരുന്നു. സ്വീഡിഷ് ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ രചയിതാവ് റോബർട് ഹാരിസ് തോമസാണ് അതിഥിയായെത്തുന്ന മറ്റൊരു പ്രമുഖ എഴുത്തുകാരൻ. 60 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും 7 ദശലക്ഷത്തിലധികം വിറ്റഴിക്കുകയും ചെയ്ത പുസ്തകങ്ങളുടെ രചയിതാവാണ് ഇദ്ദേഹം. കൂടാതെ 'എക്‌സിറ്റ് വെസ്റ്റി'ന്റെ രചയിതാവും ബ്രിട്ടീഷ് –പാക്കിസ്ഥാൻ നോവലിസ്റ്റുമായ മൊഹ്‌സിൻ ഹമീദും വായനക്കാരുടേയും പുസ്തകപ്രേമികളുടേയും മനംകവരുമെന്ന് പ്രതീക്ഷിക്കുന്നു. ഐറിഷ് എഴുത്തുകാരനും പ്രഭാഷകനുമായ വിവിയൻ ജെയിംസ് റിഗ്‌നിയാണ് മറ്റൊരു പ്രമുഖ അതിഥി. എവറസ്റ്റ് കൊടുമുടി കയറിയ വിവരണം നൽകുന്ന പുസ്തകം നേക്ക്ഡ് ദ് നൈഫ്-എഡ്ജ് അവർ പരിചയപ്പെടുത്തും.
മുൻ സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിങ്, ഐഎസ് ആർഒ ചെയർമാൻ എസ്.സോമനാഥ്, സംസ്ഥാന മന്ത്രിമാരായ എം.ബി.രാജേഷ്, പി.രാജീവ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് കേരളത്തിൽ നിന്നെത്തുന്ന മറ്റു പ്രമുഖർ.
പുസ്തകപ്രദർശനവും വിൽപനയും കൂടാതെ, കലാ, പാചക പരിപാടികളും അരങ്ങേറും. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും വിജ്ഞാനം പകരുന്ന ഒട്ടേറെ പ്രദർശനങ്ങളും നടക്കും. സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽക്കാണാനും അവരുടെ പുസ്തകങ്ങൾ കൈയൊപ്പ് ചാർത്തി വാങ്ങിക്കാനും അവസരമുണ്ട്.
∙ മേളയുടെ സമയക്രമം; പ്രവേശനം സൗജന്യം
വെള്ളിയാഴ്ചയൊഴിച്ച് മറ്റെല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പുസ്തകമേള. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 മുതൽ രാത്രി 11 വരെ. മേളയിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.
∙ മേളയിലേയ്ക്കുള്ള വഴി
ഷാർജ അൽഖാൻ ഏരിയയിലെ അൽ താവൂന്‍ സ്ട്രീറ്റിൽ അറബ് മാളിന് അടുത്തായാണ് ഷാർജ എക്സ്പോ സെന്‍റർ.