ADVERTISEMENT

ദോഹ ∙ ഈ മാസം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ്. ശരത്ക്കാലത്തിന്റെ അവസാനവും ശൈത്യകാലത്തിന് തൊട്ടുമുൻപുമുള്ള മാസമാണിത്. ഇനിയുള്ള ദിനങ്ങളിൽ ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുക. വലിയ തോതിൽ മഴയും പെയ്യും.  

ഈ മാസം പകൽ ശരാശരി താപനില 29.6 ഡിഗ്രിയായിരിക്കും. ഇതുവരെയുള്ള നവംബർ മാസങ്ങളിൽ വച്ചേറ്റവും കുറഞ്ഞ താപനില 1963 ൽ ആയിരുന്നു, 11 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് 1969 ലും-38 ഡിഗ്രി. രാജ്യത്ത് നിലവിൽ പ്രാദേശികമായി അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലമാണ്. ഇന്നലെ ഉച്ചയോടെ രാജ്യത്തിന്റെ തെക്കു-വടക്കൻ പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും ഇടിയോടു കൂടിയ മഴ പെയ്തു. കാറ്റും ശക്തമായിരുന്നു. 

ഒക്‌ടോബർ 16ന് ആരംഭിച്ച അൽ വാസ്മി  ഡിസംബർ 6 വരെ നീളും. വേനലിൽ നിന്ന് മഴക്കാലത്തിലേക്കും ശൈത്യത്തിലേക്കുമുള്ള മാറ്റമാണിത്. പകൽ കുറഞ്ഞ ചൂടും രാത്രിയിൽ കൂടുതൽ തണുപ്പുമാണ് അൽ വാസ്മിയുടെ പ്രത്യേകത. ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റും മഴയും കനക്കും. അൽവാസ്മിയുടെ സാന്നിധ്യമറിയിച്ച് കഴിഞ്ഞ മാസം 27ന് രാജ്യത്തുടനീളം കനത്ത കാറ്റും മഴയും രേഖപ്പെടുത്തി. ഖത്തർ യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്- 61.6 മില്ലിമീറ്റർ. 

ദോഹ നഗരത്തിലുൾപ്പെടെ നിർത്താതെ പെയ്ത മഴയിൽ ഗതാഗത തടസ്സവും വെള്ളക്കെട്ടും ജനജീവിതത്തെ ബാധിച്ചിരുന്നു. കനത്ത ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം മഴ നനഞ്ഞും ചിത്രങ്ങളെടുമാണ് ജനം ആഘോഷിച്ചത്. മഴ ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചാണ് രാജ്യം മഴക്കാലം ആസ്വദിക്കുന്നത്. 

English Summary:

Qatar weather forecast: Decrease in temperature is expected in November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com