സബ്ന നസീർ എത്തുന്നു 'പെൺപുലരികളു' മായ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
Mail This Article
ഷാർജ ∙ അക്ഷരസ്നേഹികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ വേദിയിൽ തന്റെയൊരു പുസ്തകം പ്രകാശനം ചെയ്യുക എന്നത്. ഏതാണ്ട് മുന്നൂറോളം പുസ്തകങ്ങൾ ഇപ്രാവശ്യവും പ്രകാശനം ചെയ്യുമെങ്കിലും അതിൽ വേറിട്ട് നിൽക്കാനും വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുക്കാനും എത്ര പുസ്തകങ്ങൾക്ക് സാധ്യമാകുന്നുണ്ട്? തൃശൂർ പെരിഞ്ഞനം സ്വദേശിയും റാസൽഖൈമയിൽ മലയാളം മിഷൻ അധ്യാപികയായുമായ സബ്ന നസീർ പെൺപുലരികൾ എന്ന പുസ്തകവുമായാണ് ഇപ്രാവശ്യം ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുക. സബ്നയുടെ വാക്കുകളിലൂടെ യാത്ര ചെയ്യാം:
എന്റെ പിതാവ് റഹ്‌മാൻ വാടാനപ്പള്ളി അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു. അതുകൊണ്ടുതന്നെ പുസ്‌തകങ്ങളായിരുന്നു കുട്ടിക്കാലത്തെ ചങ്ങാതിമാർ. ബാല പ്രസിദ്ധീകരണങ്ങൾക്കു പുറമെ പ്രശസ്തരായ പല എഴുത്തുകാരുടെ കൃതികളും കുട്ടിക്കാലത്തു തന്നെ വായിക്കാൻ കഴിഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞു പ്രവാസ ഭൂമിയിലെത്തിപ്പെട്ടതോടെ വായനയ്ക്കു തത്കാലം തിരശ്ശീല വീഴുകയായിരുന്നു. ഒരു കുടുംബിനിയായി മാറിയതോടെ സ്വന്തം ഇഷ്ടങ്ങൾ വഴിയിലെവിടെയോ മറന്നു വച്ചു. ചെറുതല്ലാത്ത ഒരു കാലഘട്ടം തന്നെ എഴുത്തോ വായനയോ ഇല്ലാതെ കടന്നുപോയി.
പിന്നീട്, ഹൃദയത്തോടു ചേർത്തു വച്ചിരുന്ന ചില സൗഹൃദങ്ങൾ എന്നിലെ എഴുത്തും വായനയും പൊടി തട്ടിയെടുക്കുന്നതിന് നിമിത്തമായി. വായനാവസന്തം വീണ്ടും പൂത്തു തളിർത്തു. കുട്ടികളുടെ ആവശ്യത്തിനായി പ്രസംഗങ്ങളും കുഞ്ഞു കവിതകളും എഴുതിത്തുടങ്ങിയ ഞാൻ പിന്നീട് ലേഖനങ്ങളും കഥകളും മറ്റും എഴുതാൻ തുടങ്ങി. പലപ്പോഴും പ്രവാസത്തിന്റെ നാലു ചുമരുകൾ എന്റെ കഥയെഴുത്തിനെ പ്രോത്സാഹിപ്പിക്കാൻ വിമുഖത കാണിച്ചു. എങ്കിൽ പോലും എഴുതിയ കഥകളിൽ പലതും വാരാന്തപ്പതിപ്പുകളിലും ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചു വന്നത് വലിയ തോതിൽ സന്തോഷവും ഒപ്പം ആത്മവിശ്വാസവും വർദ്ധിപ്പിച്ചു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സൃഷ്ടി പ്രകാശനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മറ്റേതൊരു എഴുത്തുകാരനെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം സഫലമാവുന്ന വേളയാണിത്. കൂട്ടുകാരുടെ നിരന്തര പ്രേരണയും പ്രോത്‌സാഹനവും തന്നെയാണ് എന്റെ ആദ്യ പുസ്തകമായ "പെൺപുലരികൾ" എന്ന ഈ കഥാസമാഹാരത്തിനു പിന്നിൽ. ഇതുവരെയെഴുതിയ ചെറുതും വലുതുമായ കഥകളെ ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ്. സമൂഹം ഇന്നും സ്ത്രീകൾക്ക് അവരർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല എന്ന തോന്നൽ ഉള്ളതുകൊണ്ടുതന്നെ, എഴുതിയ കഥകളിൽ പലതും അത്തരത്തിലുള്ള ആശങ്കകൾ പങ്കു വെക്കുന്നവയാണ്. അവയിലെ പ്രധാന കഥാപാത്രങ്ങളും സ്ത്രീകൾ തന്നെ. ആദ്യ പുസ്തകത്തിന് ഉണ്ടായേക്കാവുന്ന പോരായ്മകളെ ഉൾക്കൊണ്ടുകൊണ്ട് തന്നെ വായനക്കാർ എന്റെയീ കഥാസമാഹാരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ഇൗ മാസം ഏഴിന് രാത്രി 7 നാണ് "പെൺപുലരികൾ" എന്ന ഈ കഥാസമാഹാരത്തിന്റെ പ്രകാശനം. പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തത്.