ആ കൊലപാതക രഹസ്യം നോവലാക്കിക്കൂടെ?; സൈറയുടെ പുസ്തകം ഷാർജയിൽ
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേള യഥാർഥത്തിൽ കുട്ടികളുടേതാണ്. അവരാണ് യഥാർഥത്തിൽ മേളയെ ചലനാത്മകമാക്കുന്നത്; തങ്ങളുടെ പുസ്തകങ്ങളിലൂടെ. ഇവരിലൊരാളാണ്കോട്ടയം ചങ്ങനാശ്ശേരി സ്വദേശി സാം ജോ ആന്റണിയുടെയും റിയ ജോസിന്റെ മകൾ സൈറ സാം. ഷാർജ ഔവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ സൈറയുടെ ആദ്യ നോവലായ എ ടെയിൽ ഒാഫ് ട്വിസ്റ്റഡ് ടൈസ് എന്ന പുസ്തകം ഇന്നലെ ഷാർജ എക്പോ സെൻ്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തകമളേയിൽ പ്രകാശനം ചെയ്യുന്നു. തന്റെ പുസ്തകത്തെക്കുറിച്ച് വായനക്കാരോട് പറയാൻ ഏറെ ആവേശമുണ്ടെന്ന് കുട്ടി എഴുത്തുകാരി:
ഇത് ഒരു കൊലപാതക രഹസ്യമാണ്. ലോറൻ സിയ ലെക്സിങ്ടൺ എന്ന ഒരു യുവ ബിരുദധാരിയെ പട്ടണത്തിലെ ഗ്രാൻഡ് ലൈബ്രറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഇസബെല്ല സ്കോൺസ് എന്ന വനിതാ ഡിറ്റക്ടീവിനെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നു. അവൾ തുടങ്ങുന്ന ആ അന്വേഷണം രഹസ്യങ്ങളുടെയും പരസ്പരബന്ധിതമായ ബന്ധനങ്ങളുടെയും സങ്കീർണമായ ഒരു വലയായി മാറുന്നു. ഓരോ നിമിഷവും വായനക്കാരുടെ മനസ്സിനെ ആകാംക്ഷയുടെ അപ്രതീക്ഷിതമായ തലങ്ങളിലേക്ക് കൊണ്ടുപോകാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്. അവളുടെ കൂടെ ഈ അന്വേഷണ യാത്രയിലേയ്ക്ക് നിങ്ങളെയും ഞാൻ ക്ഷണിക്കുകയാണ്. ഒരിക്കലും ഈ കഥ നിങ്ങളെ ഒരുതരത്തിലും നിരാശരാക്കുകയില്ല.
സ്കൂൾ ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദർശകയായിരുന്നു ഞാൻ. വായിക്കുന്ന പുസ്തകങ്ങളുടെ നിരൂപണങ്ങൾ എഴുതി ലൈബ്രറിയേറിയനായ ലതാ മാമിനെ കാണിക്കാറുണ്ടായിരുന്നു. 2023 ഏപ്രിലിൽ മാം എന്നോട് ചോദിച്ചു, സൈറയ്ക്ക് ഒരു കഥ എഴുതിക്കൂടെ എന്ന്. ആ ഒരു ചോദ്യമാണ് എന്നെ ഈ നോവൽ എഴുതാൻ പ്രധാനമായും പ്രചോദിപ്പിച്ചത്. തുടർന്ന് മുന്നോട്ടുള്ള ദിവസങ്ങളിൽ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കഥയുടെ ത്രെഡ് വികസിപ്പിച്ചെടുക്കാൻ എനിക്ക് സാധിച്ചു. അതിലേക്ക് വേണ്ട എല്ലാം മാർഗനിർദേശങ്ങളും തന്നെ എന്നെ സഹായിച്ച എന്റെ ഇംഗ്ലീഷ് അധ്യാപിക ഫർസാന മാമിനെ ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുന്നു.
ദൈവകൃപയാൽ എന്റെ മാതാപിതാക്കളുടെ പിന്തുണയോടെ കൂടി 2023 ഓഗസ്റ്റില്‍ എനിക്ക് ഈ കഥ പൂർത്തിയാക്കാൻ സാധിച്ചു. തുടർന്ന് ഒരു പബ്ലിഷരെ കണ്ടെത്തുക എന്നതായിരുന്നു വലിയ ചോദ്യചിഹ്നം. അവിടെയും ഞങ്ങൾക്ക് പിന്തുണയായി വന്നത് ലതാ മാം ആണ്. ഹരിതം പബ്ലിക്കേഷൻസാണ് പ്രസാധകർ. ഈ കഥയുടെ എല്ലാ ഘട്ടത്തിലും എന്റെ കൂടെ നിന്ന് എനിക്ക് വേണ്ട എല്ലാം മാർഗനിർദേശങ്ങളും തന്ന ലതാ മാമിനെ ഈ അവസരത്തിൽ നന്ദിയോടെ ഞാൻ ഓർക്കുന്നു. നിങ്ങളെല്ലാവരും എന്റെ ഈ പുസ്തകം വാങ്ങി വായിച്ച് വിലയേറിയ അഭിപ്രായം അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇൗ മാസം ഏഴിന് വൈകിട്ട് 6ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം.